അന്വേഷണം കടുപ്പിച്ചു... ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ മുത്തശിയ്ക്ക് പിന്നാലെ അച്ഛന്‍ സജീവ് അറസ്റ്റില്‍; അങ്കമാലിയില്‍ നിന്നാണ് സജീവിനെ പിടികൂടിയത്; അന്വേഷണം മുറുകുമ്പോള്‍ സിപ്‌സിയുടെ ദുരൂഹ ജീവിതം പുറത്ത്

ഹോട്ടലില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ അമ്മൂമ്മയ്ക്കും അമ്മയ്ക്കും കുരുക്കാകുകയാണ്. കുട്ടിയുടെ അച്ഛന്‍ സജീവിനെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലിയില്‍നിന്നാണ് സജീവിനെ പിടികൂടിയത്. സജീവിന്റെ അമ്മ സിപ്‌സിയെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടത്തിയതായി പൊലീസിനോടു സമ്മതിച്ച സിപ്‌സിയുടെ കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസ് ഇപ്പോള്‍ റിമാന്‍ഡിലാണ്.
സജീവിനെതിരെ ബാലനീതി നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്നതാണ് പിതാവ് സജീവിനെതിരായ കുറ്റം. ബാലനീതി നിയമം സെക്ഷന്‍ 85 പ്രകാരമാണ് കേസ്. കുഞ്ഞിന് ആവശ്യമായ സംരക്ഷണം നല്‍കിയില്ലെന്നും അതു കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസ് എടുത്തത്.
സജീവിന്റെയും ഡിക്‌സിയുടെയും മകള്‍ നോറ മരിയയാണു കൊല്ലപ്പെട്ടത്. കലൂരിലെ ലോഡ്ജില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2 നാണു സംഭവം. അകലാന്‍ അനുവദിക്കാതെ കള്ളക്കേസില്‍ കുടുക്കി ദ്രോഹിച്ചതിലുള്ള വൈരാഗ്യം മൂലമാണു സിപ്‌സിയുടെ കൊച്ചുമകളെ കൊന്നതെന്നു പ്രതി ജോണ്‍ ബിനോയ് ഡിക്രൂസ് വെളിപ്പെടുത്തി.
കഴിഞ്ഞ ശനിയാഴ്ചയാണു ജോണ്‍ ബിനോയിയും സിപ്‌സിയും 2 കുട്ടികളുമായി കലൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. തിങ്കളാഴ്ച രാത്രി 10ന് പുറത്തു പോയ സിപ്‌സി കുഞ്ഞിനു ശ്വാസതടസ്സമുണ്ടായെന്ന് ജോണ്‍ അറിയിച്ചതനുസരിച്ച് 2 മണിയോടെ മടങ്ങിയെത്തി. തുടര്‍ന്നു കുഞ്ഞുമായി നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു പോയി. പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണു ഡോക്ടറോടു പറഞ്ഞത്.
കളമശേരി ഗവ.മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുഞ്ഞിന്റെ ശ്വാസകോശത്തില്‍ വെള്ളം കണ്ടെത്തിയതും കൊലപാതകമാണെന്നു തെളിഞ്ഞതും. മകന്‍ കൊലപാതകം ചെയ്‌തെന്നു തന്നോടു വെളിപ്പെടുത്തിയതായി ജോണിന്റെ മാതാവു പള്ളുരുത്തി സ്‌റ്റേഷനിലേക്കു ഫോണ്‍ ചെയ്ത് അറിയിക്കുകയും ചെയ്തു.
ലോഡ്ജ് മുറിയില്‍ ഒന്നര വയസ്സുകാരിയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ്മ സിപ്‌സിയെ പിടികൂടിയ ശേഷം സംഭവിച്ചത് നാടകീയ രംഗങ്ങളാണ്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിപ്‌സി വിവസ്ത്രയാകാന്‍ ശ്രമിക്കുകയും പൊലീസുകാര്‍ക്ക് നേരേ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. വനിതാ പൊലീസ് എത്തിയാണ് അടക്കിനിര്‍ത്തിയത്.
നിരവധി കേസുകളില്‍ പ്രതിയായ സിപ്‌സി മുന്‍പും പൊലീസുകാരുടെ പിടിയില്‍നിന്നു രക്ഷപ്പെടാനായി കുതന്ത്രങ്ങള്‍ പ്രയോഗിച്ചിരുന്നു. വിവസ്ത്രയായി ഓടുക, പൊലീസ് സ്‌റ്റേഷനു മുകളില്‍ നിന്ന് ആത്മഹത്യാഭീഷണി മുഴക്കുക തുടങ്ങിയവയാണ് അവയില്‍ ചിലത്. പിടികൂടാനെത്തിയ പൊലീസിന് നേരേ മലം എറിഞ്ഞ സംഭവവും ദേഹത്ത് മലം പുരട്ടി ഓടിരക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
ഒട്ടേറെ മോഷണ, ലഹരിമരുന്നു കേസുകളിലെ പ്രതികളാണ് സിപ്‌സിയും അറസ്റ്റിലായ സിപ്‌സിയുടെ കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസും. സിപ്‌സിക്കു പല വഴിവിട്ട ബന്ധങ്ങളും ഉണ്ടായിരുന്നെന്ന് പൊലീസ് കരുതുന്നു. ഇതിലുള്ള വിരോധം മൂലമാണു സിപ്‌സിയുമായി അകന്നതെന്നാണു ജോണ്‍ ബിനോയ് ഡിക്രൂസ് കൊടുത്ത മൊഴി. മോഷണം മുതല്‍ കഞ്ചാവു കേസുകള്‍ വരെ നീളുന്ന കേസുകളുടെ പട്ടികയാണ് സിപ്‌സിക്കെതിരെ ഉള്ളത്. അങ്കമാലി പൊലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിലെ ഏകവനിതയാണ് സിപ്‌സി. മകന്‍ സജീവും റൗഡി ലിസ്റ്റിലുണ്ട്.
സിപ്‌സിക്കെതിരെ പൊലീസില്‍ നേരത്തെ തന്നെ പല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല കള്ളപ്പേരുകളിലാണ് പല സ്ഥലങ്ങളിലും സിപ്‌സി അറിയപ്പെട്ടത്. ബിനോയിയുടെ വീട്ടില്‍ കൊച്ചു ത്രേസ്യ എന്ന പേരാണ് സിപ്‌സി പറഞ്ഞിരുന്നത്. ചിലയിടങ്ങളില്‍ തന്റെ പേര് നീതുമോള്‍ എന്ന പേരും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























