തിരുവനന്തപുരത്ത് വാക്ക് തര്‍ക്കത്തിനിടെ യുവാവിന് വെടിയേറ്റു.... തലയ്ക്കാണ് വെടിയേറ്റത്, പരിക്കേറ്റ റഹീം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍

തിരുവനന്തപുരത്ത് വാക്ക് തര്‍ക്കത്തിനിടെ യുവാവിന് വെടിയേറ്റു. കല്ലറ തച്ചോണത്ത് ആണ് സംഭവം. റഹീം എന്നയാള്‍ക്കാണ് വെടിയേറ്റത്.
വിനീത് എന്നയാളാണ് വെടിവച്ചതെന്ന് ദൃസാക്ഷികള്‍ പോലീസിനോട് പറഞ്ഞു. പരിക്കേറ്റ റഹീം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കടയ്ക്കല്‍ തച്ചോണം അഞ്ചുമലക്കുന്ന് സ്വദേശിയും വര്‍ക്ക്‌ഷോപ്പ് ഉടമയുമായ വിനീതാ(30)ണ് വെടിവച്ചതെന്ന് കടയ്ക്കല്‍ പോലീസ് പറഞ്ഞു. ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട് റഹീമും വിനീതുമായി മുന്‍പ് തര്‍ക്കമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഇരുവരും വീണ്ടും തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് വിനീത് വെടിവയ്ക്കുകയുമായിരുന്നുവെന്ന് പോലീസ്.
അതേസമയം കാഞ്ഞിരപ്പള്ളിയില്‍ കഴിഞ്ഞയാഴ്ചയാണ് സ്വത്ത് തര്‍ക്കത്തിനിടെ വെടിവയ്പ്പുണ്ടായത്. അതില്‍ രണ്ടു പേര്‍ മരിച്ചു. വെടിയേറ്റ് ചികിത്സയിലായിരുന്ന കൂട്ടിക്കല്‍ സ്വദേശി മാത്യു സ്‌കറിയ ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. വെടിവെച്ച ജോര്‍ജ് കുര്യന്റെ മാതൃ സഹോദരനാണ് ഇയാള്‍. ജോര്‍ജ്ജിന്റെ വെടിയേറ്റ് സഹോദരന്‍ രഞ്ജു കുര്യന്‍ നേരത്തെ മരിച്ചിരുന്നു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
കുടുംബ വീടിന് അടുത്തുള്ള സ്ഥലം സംഭന്ധിച്ച് സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. രണ്ടരയേക്കര്‍ സ്ഥലത്ത് ജോര്‍ജ് കുര്യന്‍ വീടുകള്‍ വെച്ച് വില്‍പന നടത്താനുള്ള പദ്ധതി ഇട്ടതാണ് തര്‍ക്കത്തിന് കാരണം.
കുടുംബ വീടിന് അടുത്തുള്ള അരയേക്കര്‍ സ്ഥലം ഒഴിച്ചിടണം എന്ന് സഹോദരന്‍ രഞ്ജു കുര്യന്‍ ആവശ്യപ്പെട്ടെങ്കിലും ജോര്‍ജ് അംഗീകരിച്ചില്ല. ഇവര്‍ക്കിടയിലെ തര്‍ക്കം ഒത്തുതീര്‍പ്പാക്കാനാണ് മാത്യു സ്‌കറിയാ എത്തിയത്. സംസാരത്തിനിടയില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങി. ഇതിനിടയിലാണ് ജോര്‍ജ് കയ്യില്‍ കരുതിയ റിവോള്‍വര്‍ എടുത്ത് രഞ്ജുവിനെ വെടിവെച്ചത്. പിടിച്ചുമാറ്റാന്‍ എത്തിയ മാത്യുവിന് നേരെയും വെടിയുതിര്‍ത്തു. ഇരുവര്‍ക്കും തലയ്ക്കാണ് വെടിയേറ്റത്. രഞ്ജു തല്‍ക്ഷണം മരിച്ചു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന മാത്യു ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചത്.
"
https://www.facebook.com/Malayalivartha























