ലൈംഗികചൂഷണം; പൊതുവിദ്യാഭ്യാസ വകുപ്പ് ജൂനിയർ സൂപ്രണ്ടിന് സസ്പെന്ഷന്

പ്രോവിഡന്റ് ഫണ്ട് ക്രെഡിറ്റ് കാര്‍ഡ് ശരിയാക്കുന്നതിന് കിടക്കപങ്കിടണമെന്ന് ആവശ്യപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് ജൂണിയര്‍ സൂപ്രണ്ടിന് സസ്പെന്ഷന്. വിജിലന്‍സ് പിടിയിലായ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളുടെ പ്രോവിഡന്റ് ഫണ്ട് നോഡല്‍ ഓഫീസറായ കണ്ണൂര്‍ സ്വദേശി വിനോയ് ചന്ദ്രനെയാണ് സസ്പെന്‍ഡ് ചെയ്തതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.
കോട്ടയത്തെ ഒരു എയ്ഡഡ് സ്കൂള്‍ അധ്യാപികയുടെ പ്രോവിഡന്റ് ഫണ്ട് ക്രെഡിറ്റ് കാര്‍ഡ് ശരിയാക്കി നല്കുന്നതിലേയ്ക്ക് അധ്യാപികയോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്ത്രപരമായി വിനോയിയെ ഹോട്ടലില്‍ വിളിച്ച് വരുത്തിയാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്.
കോട്ടയം ജില്ലയിലെ എയ്ഡഡ് സ്കൂള്‍ അധ്യാപികയുടെ പ്രോവിഡന്റ് ഫണ്ടില്‍ ശന്പളത്തില്‍ നിന്നും അടച്ച തുക ക്രെഡിറ്റ് കാര്‍ഡില്‍ 2018 മുതല്‍ രേഖപ്പെടുത്തുന്നതിന് ജില്ലാ നോഡല്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. നിരവധി വര്‍ഷങ്ങളായുള്ള തുകകള്‍ രേഖപ്പെടുത്താത്തതിനാല്‍ ഇതു പരിഹരിക്കുന്നതിന് സംസ്ഥാന നോഡല്‍ ഓഫീസര്‍ക്കേ സാധിക്കുകയുള്ളൂ എന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
ഇത് അനുസരിച്ച് പരാതിക്കാരി സംസ്ഥാന നോഡല്‍ ഓഫീസറായ വിനോയ് ചന്ദ്രനെ പല പ്രാവശ്യം ഫോണില്‍ വിളിച്ച് അത്യാവശ്യമായി തുക പിന്‍വലിക്കേണ്ടതിനാല്‍ ക്രെഡിറ്റ് കാര്‍ഡില്‍ തുക രേഖപ്പെടുത്തിത്തരണമെന്നും അറിയിച്ചിരുന്നു. എന്നാല്‍ വിനോയ് ഒഴിഞ്ഞുമാറുകയായിരുന്നു.
ആഴ്ചകള്‍ കഴിഞ്ഞ് അധ്യാപിക വീണ്ടും വിനോയ് ചന്ദ്രനെ ഫോണ്‍ മുഖാന്തിരം ബന്ധപ്പെട്ടപ്പോള്‍ വാട്ട്സ്ആപ്പില്‍ വിളിക്കാന്‍ പറഞ്ഞു. വാട്ട്സ്ആപ്പില്‍ വിളിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചു. പിഎഫ് തുക അത്യാവശ്യമായി പിന്വലിക്കേണ്ടിയിരുന്നതിനാല്, അധ്യാപിക വിനോയ് ചന്ദ്രനെ വീണ്ടും ഫോണില്‍ വിളിച്ചപ്പോള്‍ കോട്ടയത്ത് ഹോട്ടല്‍ മുറി എടുത്താല്‍ വരുമോയെന്നും വരുമെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിലെ പോരായ്മകള്‍ ശരിയാക്കി തരാമെന്ന് പറയുകയും ചെയ്തു.
പിന്നീട് ക്രെഡിറ്റ് കാര്‍ഡ് വിനോയ് ശരിയാക്കി നല്കി. അതോടൊപ്പം അധ്യാപിക ഈ വിവരങ്ങള്‍ കോട്ടയം വിജിലന്‍സ് പോലീസ് സൂപ്രണ്ടായ വിനോദ് കുമാറിനെ നേരില്‍കണ്ട് പരാതിപ്പെട്ടു. തുടര്‍ന്നാണ് ഇയാളെ ഹോട്ടല്‍ മുറിയില്‍നിന്നും വിജിലന്‍സ് പിടികൂടിയത്.
https://www.facebook.com/Malayalivartha






















