അന്വേഷണ സംഘത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് ദിലീപ്; ആ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറി; ഏഴ് ഫോണുകളും മുന്നില്‍ വച്ച് അന്വേഷണ സംഘത്തിന്റെ ആറാട്ട്

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയത് വിട്ടയച്ച ദിലീപിന് നാളെ വീണ്ടും ഹാജരാകണം. അതേസമയം ചോദ്യം ചെയ്യലിന് മുന്നില്‍ ദിലീപ് പതറി പ്രതിയതായി അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് ചോദ്യങ്ങളോട് പ്രതികരിച്ചതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.
ആലുവാ പോലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍. ഏഴുമണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. നാളെ(ചൊവ്വാഴ്ച)യും ദിലീപിനെ ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നടിയെ ഉപദ്രവിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ തുടരന്വേഷണത്തിലേക്ക് എത്തിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെയും ബന്ധുക്കളുടെയും ഏഴ് ഫോണുകള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതില്‍നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിരുന്നു.സിനിമാ മേഖലയില്‍നിന്നുള്ളവരുടേത് ഉള്‍പ്പെട്ട വാട്‌സാപ്പ് ചാറ്റുകളും വോയ്‌സ് ക്ലിപ്പുകളും ഈ ഫോണുകളില്‍നിന്ന് നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും ഫൊറന്‍സിക് വിദഗ്ദ്ധരുടെ സഹായത്താല്‍ തിരികെയെടുക്കുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. എസ് പി സോജന്റെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. അതേസമയം, ദിലീപിന്റെ ഫോണിലെ ഫൊറെന്‍സിക് പരിശോധനയില്‍ നിന്നും നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായിരിക്കുന്നത്. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നെന്ന വിവരം റിപ്പോര്‍ട്ടര്‍ ടിവി നേരത്തെ പുറത്തു വിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.
വാട്‌സാപ്പ് വഴിയാണ് ദിലീപിന് രേഖകള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ദിലീപിന്റെ ഫോണില്‍ നിന്നും മാറ്റപ്പെട്ട കോടതി രേഖകള്‍ ഫോറന്‍സിക് സംഘം വീണ്ടെടുത്തു. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിലേക്ക് കോടതിയില്‍ നിന്നും രഹസ്യ രേഖകള്‍ എത്തിയെന്ന വിവരം പൊലീസ് തന്നെ സ്ഥിരീകരിച്ചത് വന്‍ വഴിത്തിരിവുകള്‍ക്ക് ഇടയാക്കിയേക്കും.
അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും സായ് ശങ്കര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജഡ്ജിയോ സ്റ്റാഫോ ആയിരിക്കില്ലേ രേഖകള്‍ അയച്ചതെന്ന പൊലീസിന്റെ ചോദ്യത്തിന് സ്വാഭാവികമെന്ന മറുപടിയാണ് സായ് ശങ്കര്‍ നല്‍കിയത്. ഇതിന് പിന്നാലെ രേഖകള്‍ വീണ്ടെടുക്കാന്‍ സായ്യുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഐമാക് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു.
ദിലീപിന്റെ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
കേസിന്റെ തുടരന്വേഷണത്തില്‍ ഇത് ആദ്യമായാണ് ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. 63 ദിവസം മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസിലാണ് ദിലീപിനെ ഒടുവില്‍ ചോദ്യം ചെയ്തത്. ഹൈകോടതി നിര്‍ദേശപ്രകാരമായിരുന്നു ദിലീപ് ഹാജരായത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണസംഘം ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തി തുടരന്വേഷണം ആരംഭിച്ചത്. ഇതിനെതിരെ ദിലീപ് ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു.
നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിന്റെ പങ്ക് വ്യക്തമാകുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘം അവകാശപ്പെടുന്നത്. ദിലീപിന്റെ ഫോണുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടുകളുള്‍പ്പെടെ ചോദ്യം ചെയ്യലില്‍ നിര്‍ണായകമാകും.
https://www.facebook.com/Malayalivartha