പിന്നല്ലാതെ എന്ത് ചെയ്യും... ദേശീയ പണിമുടക്ക് കേരളത്തില്‍ മാത്രം ആഘോഷിച്ച് ജനങ്ങളെ എല്ലാ രീതിയിലും ബുദ്ധിമുട്ടിച്ചവര്‍ക്ക് ആദ്യ തീരിച്ചടി; ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി; സര്‍ക്കാര്‍ ജീവനക്കാര്‍ ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണം; ഹാജാരാകാതിരിക്കുന്നവര്‍ക്ക് ശമ്പളം നഷ്ടപ്പെടും

ഈ ദേശീയ പണിമുടക്കെന്നാല്‍ കേരളത്തില്‍ മാത്രമേയുള്ളോ എന്ന സംശയമാണ് ഉയരുന്നത്. പണിമുടക്കിന്റെ പേരില്‍ സംസ്ഥാനത്ത് സര്‍വ മേഖലകളേയും സ്തംഭിപ്പിക്കുകയാണ്. ശരിക്കും പണിമുടക്ക് ഹര്‍ത്താലായി. ജനത്തിന് പുറത്തിറങ്ങാന്‍ പറ്റുന്നില്ല. വാഹനങ്ങള്‍ പോലും തടഞ്ഞ് നിര്‍ത്തി തെറിവിളി. കെഎസ്ആര്‍ടിസി സര്‍വീസുകളൊന്നും നടത്തിയില്ല. സര്‍ക്കാര്‍ ഓഫീസുകളെല്ലാം അടഞ്ഞു തന്നെ. അവസാനം കോടതി തന്നെ രക്ഷയ്‌ക്കെത്തി.
പൊതുപണിമുടക്കിന് ശക്തമായ ആഘാതം ഏല്‍പ്പിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ ചൊവ്വാഴ്ച ജോലിക്കു ഹാജരാകണമെന്ന് നിര്‍ദേശം. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നു ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. പണിമുടക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകം.
അനധികൃതമായി ജോലിക്കു ഹാജാരാകാതിരിക്കുന്നവര്‍ക്ക് ശമ്പളം നഷ്ടപ്പെടും. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ അവധി എടുക്കാവൂ എന്ന് ഉത്തരവില്‍ പറയുന്നു. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, ജീവനക്കാരന്റെ പരീക്ഷാപരമായ ആവശ്യം, പ്രസവാവധി, ഒഴിവാക്കാനാകാത്ത കാരണങ്ങള്‍ എന്നിവയ്ക്കു മാത്രമേ അവധി അനുവദിക്കൂ.
ഹൈക്കോടതി വിധിയില്‍ ഇടപെട്ടില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാകുമായിരുന്നു. ഹൈക്കോടതി വിധി പകര്‍പ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവശ്യ സര്‍വീസ് നിയമമായ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറല്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കൈമാറി. പിന്നാലെ വൈകി ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത് വിലക്കി തിങ്കളാഴ്ചതന്നെ ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ദേശീയ പണിമുടക്കില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തതിനെതിരെ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം (1960) അനുസരിച്ച്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ജീവനക്കാരനോ ജീവനക്കാരോ സമരം നടത്തുന്നത് കര്‍ശന നടപടികള്‍ക്ക് ഇടയാക്കുമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. ഇതെല്ലാം മറികടന്ന് ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നതാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് വിലക്കി ഉത്തരവിറക്കണമെന്ന ഹൈക്കോടതി വിധിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ എജിയുടെ അഭിപ്രായം തേടി. സര്‍ക്കാര്‍ ജീവനക്കാരന്‍ ഏതെങ്കിലും സമരത്തിലോ സമരത്തിനുള്ള പ്രേരണയിലോ അല്ലെങ്കില്‍ സമാനപ്രവര്‍ത്തനത്തിലോ സ്വയം ഏര്‍പ്പെടാന്‍ പാടില്ലെന്ന് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിച്ചു കൂടിയാലോചിച്ച്, സര്‍ക്കാര്‍ ജോലി മന്ദഗതിയിലാക്കുന്നതിനോ അല്ലെങ്കില്‍ സര്‍ക്കാര്‍ ജോലിയുടെ ന്യായമായ കാര്യക്ഷമതയെയും സത്വരമായ നടത്തിപ്പിനെയും തടസ്സപ്പെടുത്തുന്ന പ്രവണതയുള്ള ഏതെങ്കിലും പ്രവര്‍ത്തനത്തിലോ സ്വയം ഏര്‍പ്പെടാന്‍ പാടില്ലെന്നും പെരുമാറ്റച്ചട്ടത്തിലുണ്ട്.
സമരത്തില്‍ പങ്കെടുക്കുന്നതിനു ജോലിക്കു ഹാജരാകാതിരിക്കുന്നതു ശമ്പള, അലവന്‍സുകള്‍ക്ക് അര്‍ഹതയില്ലാത്ത ഡയസ്‌നോണ്‍ ആയി കണക്കാക്കണമെന്ന് കേരള സര്‍വീസ് ചട്ടം പാര്‍ട്ട് ഒന്ന് റൂള്‍ 14 (എ)യില്‍ പറയുന്നു. എന്നാല്‍, സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് പിന്നീട് ശമ്പളം അനുവദിച്ച് സംരക്ഷിക്കുന്നതായിരുന്നു സര്‍ക്കാരുകളുടെ രീതി. അതിനാണ് തിരിച്ചടിയായത്.
"
https://www.facebook.com/Malayalivartha