ആറ് വര്‍ഷം സനല്‍ ഹൃദയംപോലെ കൊണ്ടുനടന്ന ദേവിയും അവസാനമായി എത്തി! സനല്‍ യാത്രയാകുമ്പോള്‍ അവസാന യാത്രയ്ക്ക് അകമ്പടിയായി തൊടുപുഴയില്‍നിന്നും 'ദേവി' ബസും സനലിന്റെ സഹപ്രവര്‍ത്തകരുമെത്തിയതോടെ നാട്ടുകാരുടെ ഉൾപ്പെടെ കണ്ണുനീരൊഴുകി; സനലിന്റെ സംസ്‌കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നപ്പോൾ ആയിരക്കണക്കിനാളുകള്‍ ഇരച്ചെത്തി; ഒരു നാടിന് മുഴുവൻ തീരാനൊമ്പരമായി മൂലമറ്റം വെടിവെപ്പില്‍ കൊല്ലപ്പെട്ട കീരിത്തോട് പാട്ടത്തില്‍ സനല്‍ സാബു

മൂലമറ്റം വെടിവെപ്പില്‍ കൊല്ലപ്പെട്ട കീരിത്തോട് പാട്ടത്തില്‍ സനല്‍ ആറ് വര്‍ഷം ഹൃദയംപോലെ കൊണ്ടുനടന്നതായിരുന്നു തന്റെ തൊഴിലിടമായ 'ദേവി'യെന്ന ബസിനെ. ഒടുവില്‍ സനല്‍ യാത്രയാകുമ്പോള്‍ അവസാന യാത്രയ്ക്ക് അകമ്പടിയായി തൊടുപുഴയില്‍നിന്ന് 'ദേവി' ബസും സനലിന്റെ സഹപ്രവര്‍ത്തകരുമെത്തി. ആറ് വര്‍ഷം മുമ്പാണ് സനല്‍ തൊടുപുഴ സ്വദേശി കൃഷ്ണവിലാസം ഷാജിയുടെ 'ദേവി' എന്ന ബസില്‍ കണ്ടക്ടറായി ജോലിക്കെത്തുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സനല്‍ സാബുവിന്റെ സംസ്‌കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നത് . സഹപ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ എത്തി. ശനിയാഴ്ച രാത്രി മൂലമറ്റത്ത് ഉണ്ടായ വെടിവെപ്പിലാണ് കീരിത്തോട് പാട്ടത്തില്‍ സനല്‍ സാബു കൊല്ലപ്പെട്ടത്. സ്വകാര്യബസ് ജീവനക്കാരനായ സനലും സുഹൃത്തും തട്ടുകടയില്‍ രാത്രി ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ കടയില്‍ മറ്റൊരാള്‍ നടത്തിയ അക്രമത്തിനിടെയാണ് സനലിലും സുഹൃത്തിനും വെടിയേറ്റത്. സംഭവത്തില്‍ തലയ്ക്കും ഹൃദയത്തിനും മാരകമായി പരിക്കേറ്റ സനല്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. സനലിനോപ്പം പരിക്കേറ്റ മൂലമറ്റം സ്വദേശിയായ സുഹൃത്ത് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇദ്ദേഹം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ശനിയാഴ്ച രാത്രി ഏറെവൈകി സനലിന്റെ മൃതദേഹം കീരിത്തോട് വീട്ടിലെത്തിച്ചപ്പോഴും നൂറുകണക്കിനാളുകള്‍ കീരിത്തോടില്‍ കാത്തുനിന്നു. വീട് സ്ഥിതിചെയ്യുന്ന രണ്ടരസെന്റ് ഭൂമി മാത്രമാണ് സനലിന്റെ കുടുംബത്തിനുള്ളത്. അതിനാല്‍ മാതൃസഹോദരന്റെ പുരയിടത്തിലാണ് ചിത ഒരുക്കിയത്. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍, വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍, പഞ്ചായത്തഗങ്ങളായ ടിന്‍സി തോമസ്, മാത്യു തായങ്കരി, ഇടുക്കി എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടക്കകത്ത്, പൊതുപ്രവര്‍ത്തകരായ, എ.പി. ഉസ്മാന്‍, ജോസ് ഊരക്കാട്, ജോഷി, സുരേഷ് മീനത്തേരില്‍ തുടങ്ങി ആയിരക്കണക്കിനാളുകള്‍ സനലിന് അന്ത്യോപചാരമര്‍പ്പിക്കുവാനും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനുമെത്തിയിരുന്നു.
ആറ് വര്‍ഷം സനല്‍ ഹൃദയംപോലെ കൊണ്ടുനടന്നതായിരുന്നു തന്റെ തൊഴിലിടമായ 'ദേവി'യെന്ന ബസിനെ. ഒടുവില്‍ സനല്‍ യാത്രയാകുമ്പോള്‍ അവസാന യാത്രയ്ക്ക് അകമ്പടിയായി തൊടുപുഴയില്‍നിന്ന് 'ദേവി' ബസും സനലിന്റെ സഹപ്രവര്‍ത്തകരുമെത്തി. ആറ് വര്‍ഷം മുമ്പാണ് സനല്‍ തൊടുപുഴ സ്വദേശി കൃഷ്ണവിലാസം ഷാജിയുടെ 'ദേവി' എന്ന ബസില്‍ കണ്ടക്ടറായി ജോലിക്കെത്തുന്നത്. മൂലമറ്റം-കോട്ടയം റൂട്ടിലോടുന്ന ബസിന്റെ ജീവനാഡിയായിരുന്നു സനല്‍. യാത്രക്കാരോട് മര്യാദയോടെ പെരുമാറുന്ന ജീവനക്കാരനായിരുന്നു സനല്‍. സനലിനെക്കുറിച്ച് പറയുമ്പോള്‍ ഷാജി വിതുമ്പി. സനല്‍ ജോലി ചെയ്ത ദേവി ബസില്‍ മറ്റ്ജീവനക്കാരോടും നാട്ടുകാരോടുമൊപ്പം ഷാജിയും എത്തിയിരുന്നു സനലിനെ യാത്രയാക്കാന്‍. സനലിന്റെ ഘാതകന്റെ സ്വത്തില്‍നിന്ന് സനലിന്റെ നിരാലംബരായ മാതാപിതാക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടിയുണ്ടാകണമെന്നും ഷാജി ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha