ചോദ്യം ചെയ്യലിനായി തുടര്‍ച്ചയായ രണ്ടാം ദിവസവും നടന്‍ ദിലീപ് ഹാജരായി! അടുത്ത ദിവസം തന്നെ കാവ്യ മാധവനെ ചോദ്യം ചെയ്യുമെന്ന് സൂചനകൾ...

ചോദ്യം ചെയ്യലിനായി തുടര്‍ച്ചയായ രണ്ടാം ദിവസവും നടന്‍ ദിലീപ് ഹാജരായി. ആലുവ പോലീസ് ക്ലബ്ബില്‍ എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ദിലീപിനെ ഏഴു മണിക്കൂർ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. ഇന്നുരാവിലെ 11ന് വീണ്ടും ഹാജരാകണമെന്ന് നിർദ്ദേശം നൽകി. നടിയെ ആക്രമിച്ച് പ്രതി പൾസർ സുനി ഫോണിൽ പകർത്തിയ ദൃശ്യം കണ്ടിട്ടില്ലെന്ന് ദിലീപ് ആവർത്തിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി അറിയില്ലെന്നും പറഞ്ഞു. ആലുവ പൊലീസ് ക്ലബ്ബിൽ ഇന്നലെ രാവിലെ 11.30ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. പല ചോദ്യങ്ങളോടും നിഷേധാത്മക നിലപാട് സ്വീകരിച്ചെങ്കിലും ദിലീപിൽ നിന്ന് ചില നിർണായക വിവരങ്ങൾ ശേഖരിക്കാനായെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതുവരെ ശേഖരിച്ച മൊഴികളും ഫോറൻസിക് വിവരങ്ങളും കോർത്തിണക്കിയായിരുന്നു ചോദ്യങ്ങൾ. ചില ചോദ്യങ്ങളോട് ദിലീപ് മൗനം പാലിച്ചു.
ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെയുള്ള കാട്ടി കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനാണ് ഇന്നും ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇന്നലെ 11മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും 20 മിനിറ്റ് വൈകി, ഫോക്സ് വാഗൺ പോളോ കാറിലാണ് ദിലീപ് എത്തിയത്. കരിനീല ഷർട്ടും ഇളം നീല ജീൻസും കറുത്ത മാസ്‌കുമായിരുന്നു വേഷം. 11.30ന് ചോദ്യം ചെയ്യൽ ആരംഭിച്ചു. വൈകിട്ട് 6.45ഓടെയാണ് മടങ്ങിയത്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ അടുത്ത ദിവസം ചോദ്യം ചെയ്യും. ഇവർക്ക് ഉടൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയേക്കും.
അതേസമയം നടിയെ ആക്രമിച്ച കേസിലെ സാക്ഷി ആലപ്പുഴ സ്വദേശി സാഗർ വിൻസെന്റിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. മൊഴിമാറ്റാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് സാഗർ നൽകിയ ഹർജിയിലാണിത്. ചോദ്യം ചെയ്യലിന് അഭിഭാഷകന്റെ സാന്നിദ്ധ്യം അനുവദിക്കണമെന്ന് സാഗർ ആവശ്യപ്പെട്ടെങ്കിലും പ്രതികൾക്കാണ് അപൂർവമായി ഇത്തരത്തിൽ അനുമതി നൽകുന്നതെന്നും ഹർജിക്കാരൻ സാക്ഷിയാണെന്നും അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ പി. നാരായണൻ വ്യക്തമാക്കി. തുടർന്ന് ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് ഹർജി ഇന്നു പരിഗണിക്കാൻ മാറ്റി. കാവ്യ മാധവന്റെ സഹോദരന്റെ സ്ഥാപനമായ 'ലക്ഷ്യ'യിലെ മുൻ ജീവനക്കാരനാണ് സാഗർ.
https://www.facebook.com/Malayalivartha



























