കോടതി വിരട്ടി, സർക്കാർ വിരണ്ടു.... ജനമിളകി.. കടകൾ തുറക്കുമെന്ന് വ്യാപാരികൾ. സമരം ചീറ്റി... യൂണിയനുകളെ അടപടലം തീർക്കുന്നു.

ജനങ്ങളെ ബുദ്ധിമുട്ടിച്ചും പാവപ്പെട്ടവന്റെ വയറ്റത്തടിച്ചും പണിമുടക്ക് ഹർത്താലിന് തുല്യമാക്കി ആഘോഷിക്കുകയാണ് സംയുക്ത ട്രേഡ് യൂണിയനുകൾ. ജനജീവിതം സ്തംഭിപ്പിച്ച് ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ എന്ന പേരിൽ നടത്തുന്ന ഈ സമരത്തെ ശക്തിയുക്തമായി തന്നെയാണ് പിന്നാലെ കോടതിയും വിമർശിച്ചത്. സർക്കാർ ശമ്പളം പറ്റി സമരത്തിൽ പങ്കെടുക്കുന്ന സ്ഥിതി വിശേഷമുണ്ടായതോടെയാണ് ഇപ്പോൾ കോടതി തന്നെ രംഗത്തെത്തിയത്.
ഹൈക്കോടതി കർശന നിർദേശം നൽകിയ സാഹചര്യത്തിൽ സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നതു തടഞ്ഞു സംസ്ഥാന സർക്കാർ പെട്ടന്ന് തന്നെ ഉത്തരവും ഇറക്കി. പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്നു ജോലിക്കെത്താത്തവർക്ക് ഡയസ്നോൺ ബാധകമാകും എന്നതാണ് ഉത്തരവ്. അനിവാര്യ കാരണമില്ലാതെ അവധി അനുവദിക്കില്ല. ഡയസ്നോണ്‍ പ്രഖ്യാപിച്ചതോടെ ഇന്ന് ജോലിക്ക് ഹാജരായില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല.
താൽക്കാലിക നിയമനം ലഭിച്ചവരാണെങ്കിൽ ജോലി നഷ്ടപ്പെടുമെന്നും ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് ഇറക്കിയ ഉത്തരവിൽ പറയുന്നു. സർക്കാർ ജീവനക്കാർക്ക് ഓഫിസിലെത്താൻ കലക്ടർമാരും കെഎസ്ആർടിസി എംഡിയും വാഹന സൗകര്യം ഏർപ്പെടുത്തണമെന്നും പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യം ഹൈക്കോടതി പ്രത്യേകം പരാമർശിച്ചിട്ടുണ്ടായിരുന്നു. അടിയന്തര സാഹചര്യത്തില്‍ ഒഴികെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവധി അനുവദിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.
സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നതു തടഞ്ഞ് ഉത്തരവിറക്കണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. പെരുമാറ്റച്ചട്ടപ്രകാരം ഒരു സമരത്തിലും പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് അവകാശമില്ലെന്നും അവർ സമരത്തിൽ പങ്കെടുക്കുന്നതു തടയാൻ സർക്കാരിനു കടമയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
തൊഴിലാളി യൂണിയനുകള്‍ക്ക്, 1926-ലെ തൊഴിലാളി യൂണിയന്‍ നിയമത്തില്‍ പറയുന്ന തര്‍ക്കങ്ങളുമായി ബന്ധമില്ലാത്ത വിഷയങ്ങളില്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കാന്‍ കഴിയുമോ എന്ന് ഹൈക്കോടതി ചോദിച്ചു. ഹര്‍ജിയില്‍ തൊഴിലാളി യൂണിയനുകളെ കക്ഷിയാക്കിയിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ചൂണ്ടിക്കാട്ടിയെങ്കിലും നിലവില്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
സെക്രട്ടേറിയറ്റ് സെക്‌ഷൻ ഓഫിസറായി വിരമിച്ച ചന്ദ്രചൂഡൻ നായർ നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ജീവനക്കാർ പണിമുടക്കുന്നതു തടഞ്ഞു സർക്കാർ മുൻകൂർ നോട്ടിസ് പുറപ്പെടുവിച്ചില്ലെന്നും ഓഫിസിൽ ഹാജരാകാൻ വേണ്ട സംവിധാനം ഒരുക്കിയില്ലെന്നും കോടതി കുറ്റപ്പെടുത്തി.
ഉത്തരവിനു പിന്നാലെ ഇന്നലെ ഉച്ചയ്ക്കുശേഷം തന്നെ ചിലയിടങ്ങളിൽ ജീവനക്കാർ ഓഫിസുകളിലെത്തി ഒപ്പിട്ടിരുന്നു. സെക്രട്ടേറിയറ്റിലെ 4824 ജീവനക്കാരിൽ 32 പേർ മാത്രമാണ് ഇന്നലെ ജോലിക്കു ഹാജരായത്. ജോലിക്കെത്തുന്നവർക്ക് കലക്ടറും ജില്ലാ പൊലീസ് മേധാവിയും സംരക്ഷണം നൽകണമെന്നു ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു.
സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ ഇന്ന് ജോലിക്കു പോകുബോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്ത് പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.
https://www.facebook.com/Malayalivartha