'ഗാർഹിക പീഡനങ്ങളെ ഗതികേട് കൊണ്ട് സഹിച്ച് സമൂഹത്തിൽ ഭർത്താവിനോ വീട്ടുകാർക്കോ നല്ല പേര് വാങ്ങി കൊടുക്കേണ്ട ഒരു ബാധ്യതയും സ്ത്രീകൾക്ക് ഇല്ല എന്ന തിരിച്ചറിവ് ആളുകളിൽ ഉണ്ടാവട്ടെ. ആത്മഹത്യ ചെയ്യുന്നതിലും എന്ത് കൊണ്ടും നല്ലതാണ് നമ്മളെ അർഹിക്കാത്ത ഇടങ്ങളിൽ നിന്നുള്ള ഇറങ്ങിപ്പോക്ക് എന്ന തീരുമാനം എന്നത് ആളുകൾക്ക് മനസ്സിലാവാൻ കൂടി ഇത് ഉപകാരപ്പെടും...' വൈറലായി കുറിപ്പ്

ഗാർഹിക പീഡനം മൂലം നിരവധി ആത്മഹത്യകളാണ് സമൂഹത്തിൽ നടന്നുവരുന്നത്. ഇന്ന് ഇത് വർദ്ധിച്ചു വരുകയാണ് എന്നതിന് തെളിവ് കൂടിയാണ് വർധിച്ചുവരുന്ന ആത്മഹത്യകൾ. ഭർതൃ വീട്ടുകാരുടെ പീഡനം കാരണം ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളുടെ വാർത്തകൾ കാണുമ്പോൾ മാത്രമാണ് ഗാർഹികപീഡനത്തെക്കുറിച്ചും സ്ത്രീധന നിരോധനത്തെകുറിച്ചുമെല്ലാം മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. നാല് ചുമരിനും മതില്‍ കെട്ടിനുമുള്ളില്‍ കണ്ണുനീരും കഷ്ടപ്പാടും പേറി ജീവിക്കുന്ന പെണ്‍ ജീവിതങ്ങളെക്കുറിച്ച് അഞ്ജലി ചന്ദ്രൻ പങ്കുവയ്ക്കുന്ന വാക്കുകൾ പലപ്പോഴും ശ്രദ്ധനേടാറുണ്ട്.
കുറിപ്പ് പൂർണ്ണ രൂപം ഇങ്ങനെ;
നിനക്ക് ഈ ഗാർഹിക പീഡനം എഴുതുന്നത് കൊണ്ട് എന്താണ് കിട്ടുന്നത് എന്ന ചോദ്യത്തിന് മനസ്സിൽ വന്ന ആദ്യ ഉത്തരങ്ങൾ ഇവയൊക്കെയാണ്.
1. കടന്നു പോവുന്നത് ഗാർഹിക പീഡനം ആണെന്നത് തിരിച്ചറിയാൻ പോലും അറിയാത്തവർക്ക് വേണ്ടി കൂടിയാണ് ഈ എഴുത്ത്.
2. ഇത്തരത്തിൽ അനുഭവം ഉണ്ടായ ഒരാളെന്ന നിലയിൽ മറ്റൊരാൾ ഇനി ഇത്തരത്തിൽ ഉള്ള അവസ്ഥകളിൽ കൂടി കടന്നു പോവരുത് എന്ന ആത്മാർത്ഥമായ ആഗ്രഹം കൂടിയാണ് ഈ പോസ്റ്റുകൾ.
3. ഗാർഹിക പീഡനങ്ങളെ ഗതികേട് കൊണ്ട് സഹിച്ച് സമൂഹത്തിൽ ഭർത്താവിനോ വീട്ടുകാർക്കോ നല്ല പേര് വാങ്ങി കൊടുക്കേണ്ട ഒരു ബാധ്യതയും സ്ത്രീകൾക്ക് ഇല്ല എന്ന തിരിച്ചറിവ് ആളുകളിൽ ഉണ്ടാവട്ടെ .
4. ഇതുപോലെ തുറന്നെഴുതാനും ആളുകളുടെ പൊള്ളത്തരം തുറന്നു കാണിക്കാനും കൂടുതൽ പേര് മുന്നോട്ട് വന്നാൽ സമൂഹത്തിനെ ഓർത്തെങ്കിലും കുറച്ച് ആളുകൾ ഇത്തരത്തിലെ വൈകൃതങ്ങൾ ചെയ്യാതെ ഇരിക്കും എന്ന ഒരു പ്രതീക്ഷ ഉണ്ട്.
5. തങ്ങൾ നിസാരമായി കരുതുന്ന പലതും സ്ത്രീകൾക്ക് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പീഡനം ആണെന്ന തിരിച്ചറിവ്
ആളുകൾക്ക് ഉണ്ടാവും എന്ന ആഗ്രഹം കൂടിയാണ് ഇതിന് പുറകിലുള്ളത്.
6. ഗാർഹിക പീഡനങ്ങളിൽ നിന്ന് ഇറങ്ങി വരുന്ന പെൺകുട്ടികളെ കുറ്റപ്പെടുത്തി തിരികെ വിടുന്നതിനു പകരം അവരെ ചേർത്ത് പിടിക്കേണ്ടത് ഓരോരുത്തരുടെയും കടമ ആണെന്ന സ്വയം ബോധ്യം ഉണ്ടാവാൻ.
7. തങ്ങളുടെ തെറ്റ് കൊണ്ടല്ല പലപ്പോഴും ഗാർഹിക പീഡനങ്ങൾ നടക്കുന്നത് പകരം ആളുകളുടെ മാനസിക വൈകൃതങ്ങൾ സഹിക്കേണ്ട ഒരു ബാധ്യതയും തനിക്കില്ല എന്നത് ഓരോ വ്യക്തിയും മനസിലാക്കുമെന്ന പ്രതീക്ഷ.
8. ഗാർഹിക പീഡനത്തിന് നേരെ ആളുകൾ ഒന്നടങ്കം മുഖം തിരിക്കുന്ന ഒരു സമയം വരണം എന്ന അതിയായ ആഗ്രഹം.
9. ആത്മഹത്യ ചെയ്യുന്നതിലും എന്ത് കൊണ്ടും നല്ലതാണ് നമ്മളെ അർഹിക്കാത്ത ഇടങ്ങളിൽ നിന്നുള്ള ഇറങ്ങിപ്പോക്ക് എന്ന തീരുമാനം എന്നത് ആളുകൾക്ക് മനസ്സിലാവാൻ കൂടി ഇത് ഉപകാരപ്പെടും.
10. എത്ര അടുത്ത ബന്ധു ആണെങ്കിലും അവരു കാരണം ഒരു പെൺകുട്ടി എന്തെങ്കിലും തരത്തിൽ പീഡിപ്പിക്കപ്പെടുന്നു എന്നത് അറിഞ്ഞാൽ അവരോട് വിയോജിക്കുന്നതാണ് തങ്ങളുടെ വ്യക്തിത്വം അടയാളപ്പെടുത്താൻ ഉപയോഗിക്കേണ്ടത് എന്നും അവളെ കുറ്റപ്പെടുത്താൻ നിൽക്കാതെ കൂടെ നിൽക്കുന്നതാണ് മനുഷ്വത്വം എന്നതും ആളുകൾ മനസിലാക്കും എന്ന ഒരു വലിയ ആഗ്രഹം കൂടി ഉണ്ട്.
എത്ര കളിയാക്കിയാലും എതിർത്താലും അപമാനിച്ചാലും ഞാൻ ഈ സീരീസ് എഴുതി കൊണ്ടേയിരിക്കും എന്നെ പോലെ ഈ നശിച്ച പരിപാടികൾക്ക് ഒരു അവസാനം ആഗ്രഹിക്കുന്ന സമാന മനസ്കരായ ആളുകൾ കൂടെ ഉണ്ടാവുകയും ചെയ്യും എന്ന പ്രതീക്ഷ ഉണ്ട്.
അഞ്ജലി ചന്ദ്രൻ
https://www.facebook.com/Malayalivartha