ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതി, കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ നര്‍ത്തകിയെ വിലക്കിയ സംഭവത്തിൽ തന്ത്രി രാജിവെച്ചു, മന്‍സിയക്ക് അവസരം നിഷേധിച്ചത് നോട്ടിസിലടക്കം പേര് അച്ചടിച്ച ശേഷം...!

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ കലാകാരി മന്‍സിയക്ക് അവസരം നിഷേധിച്ച സംഭവത്തില്‍ തന്ത്രി പ്രതിനിധി രാജിവെച്ചു. ഭരണസമിതിയില്‍ നിന്നാണ് തന്ത്രി പ്രതിനിധി എന്‍.പി.പി നമ്പൂതിരിപ്പാട് രാജിവെച്ചത്.ഏപ്രില്‍ 21ന് ആറാം ഉത്സവദിനത്തില്‍ ഉച്ചക്കുശേഷം നാലുമുതല്‍ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടിസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്.
അഹിന്ദു ആയത് കൊണ്ടാണ് ക്ഷേത്ര മതില്‍ക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നത് എന്നായിരുന്നു സംഘാടകരുടെ വിശദീകരണം. ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലുള്ളത്.അതേ സമയം മന്‍സിയക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി രംഗത്തുവന്നിരുന്നു.
അഹിന്ദുവായതിന്റെ പേരിൽ ക്ഷേത്രത്തിലെ നൃത്തപരിപാടിയിൽ നിന്നും വിലക്കിയ നർത്തകി വി പി മൻസിയ കൂടൽമാണിക്യം ഫേസ്ബുക്കിലൂടെയാണ് ക്ഷേത്രത്തിലെ ഭാരവാഹികൾക്കെതിരെ വിമർശനം ഉന്നയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ
കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള 'നൃത്തോൽസവത്തിൽ' ഏപ്രിൽ 21 വൈകീട്ട് 4 മുതൽ 5 വരെ ചാർട്ട് ചെയ്ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു.അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ. നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് കൺവെർട്ട് ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ.ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് കൺവെർട്ട്ആവാൻ..
ഇത് പുതിയ അനുഭവം ഒന്നുമല്ല. വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു.കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.
NB: ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം..
മലപ്പുറം വള്ളുവമ്പ്രം സ്വദേശിനിയാണ് മന്‍സിയ. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും എം.എ ഭരതനാട്യം ഒന്നാം റാങ്കോടെയാണ് പാസായത്.
https://www.facebook.com/Malayalivartha