ആറ് വർഷത്തോളമായി തന്റെ ജീവിതത്തിൽ വില്ലനായി എത്തിയ ആ രോഗം ഡോ.രമയ്‌ക്കുണ്ടായിരുന്നു... ഇതിൽ ഒന്നര വർഷത്തോളമായി കിടപ്പിലായിരുന്നു... മനക്കരുത്തുകൊണ്ടാണ് ഇത്രനാളും ഡോ.രമ പിടിച്ചുനിന്നത്; ഒരത്യാവശ്യം വരുമ്പോൾ ഓടിച്ചെല്ലാനുളള അത്താണിയാണ് ഞങ്ങൾക്ക് നഷ്‌ടപ്പെട്ടത്! ഡോക്‌ടർ രമയെ അനുസ്‌മരിച്ച് ഇടവേള ബാബു

ജഗദീഷിന്റെ ഭാര്യ ഡോക്‌ടർ പി രമയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. അസുഖ ബാധിതയായിരുന്ന ഡോക്‌ടർ ഇന്ന് രാവിലെയാണ് അന്തരിച്ചത്. പാട്ടുകളും കൗണ്ടറുകളുമായി ജഗദീഷ് വേദികളിലെ നിറസാന്നിദ്ധ്യമായിരുന്നുവെങ്കിലും, ഇത്തരം വേദികളിലൊന്നും അധികമാരും അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടിട്ടില്ല. ഇപ്പോഴിതാ ജഗദീഷിന്റെ ഭാര്യയുമായ ഡോ. രമയെ അനുസ്‌മരിച്ച് നടൻ ഇടവേള ബാബു രംഗത്തെത്തിയിരിക്കുകയാണ്. തനിക്കും സഹപ്രവർത്തകർക്കും ഒരത്യാവശ്യം വരുമ്പോൾ ഓടിച്ചെല്ലാനുളള അത്താണിയാണ് നഷ്‌ടപ്പെട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. ജഗദീഷേട്ടന്റെ ഭാര്യയായതിനാൽ രമ ചേച്ചീ എന്നാണ് വിളിച്ചിരുന്നത്. ഫോറൻസിക് വിദഗ്ദ്ധനായ തന്റെ അമ്മാവന്റെ പ്രധാന ശിഷ്യയായതിനാൽ വളരെ അടുപ്പം ദീർഘകാലമായി ഉണ്ടായിരുന്നതായി ഇടവേള ബാബു പറഞ്ഞു. പ്രഗൽഭയായ ഡോക്‌ടറും നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. ഉറച്ച മനസിനുടമയായ രമ ചേച്ചി ജഗദീഷേട്ടനുകൂടി ധൈര്യം കൊടുത്തിരുന്നു. ആറ് വർഷത്തോളമായി പാർക്കിൻസൺസ് രോഗം ഡോ.രമയ്‌ക്കുണ്ടായിരുന്നു. ഇതിൽ ഒന്നര വർഷത്തോളമായി കിടപ്പിലായിരുന്നു. മനക്കരുത്തുകൊണ്ടാണ് ഇത്രനാളും ഡോ.രമ പിടിച്ചുനിന്നതെന്നും ഇടവേള ബാബു അനുസ്‌മരിച്ചു.
ഒട്ടുമിക്ക സിനിമ താരങ്ങളുടെയും കുടുംബത്തെ പ്രേക്ഷകർക്ക് വളരെ അടുത്തറിയാം. പലപ്പോഴും മാസികകളിലും അവാർഡ് വേദികളിലുമൊക്കെ ഇവരുടെ സജീവ സാന്നിദ്ധ്യം ഉണ്ടാകാറുമുണ്ട്. എന്നാൽ ജഗദീഷിന്റെ കുടുംബത്തെ അങ്ങനെ ആർക്കും കാണാൻ കിട്ടിയിരുന്നില്ല. പലപ്പോഴും പലരും ഇക്കാര്യം ജഗദീഷിനോട് തന്നെ ചോദിച്ചിട്ടുളളതുമാണ്. ഇതിന് ജഗദീഷിന് മറുപടി ഒന്നേയുള്ളു, ഭാര്യയ്ക്ക് ഒട്ടും താത്പര്യമില്ല. അതെ ജഗദീഷിന്റെ ഭാര്യ അങ്ങനെയാണ്. പ്രശസ്‌തി ആഗ്രഹിക്കാതിരുന്ന, ക്യാമറാക്കണ്ണുകളോട് കമ്പമില്ലാതിരുന്ന ഒരു ഡോക്‌ടർ, മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവിയായിരുന്ന ഡോക്‌ടർ പി രമ.
https://www.facebook.com/Malayalivartha



























