പുതിയ തലമുറയ്ക്ക് ധൈര്യമായി കള്ള് ചെത്ത് പഠിക്കാം.... കള്ളുചെത്ത് ബോഡിലേക്ക് പി എസ് സി പരീക്ഷ ഉണ്ടാകുമോ?കള്ളുചെത്ത് വ്യവസായ ബോര്‍ഡ് ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി

പുരാതന കാലത്ത് നടന്നുവന്ന പല പാരമ്പര്യ തൊഴിലുകളും ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. അതിന് പ്രധാന കാരണം നിശ്ചിത വരുമാനം ഇല്ലാത്തതാണ്. വരുമാനം കുറഞ്ഞതോടെ പുതിയ തലമുറ മറ്റ് തൊഴില്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള തലമുറയ്ക്ക് അവരുടെ പാരമ്പര്യ തൊഴില്‍ അറിയില്ല.
പരമ്പരാഗത വ്യവസായത്തില്‍ കള്ള് ഒരു പ്രധാന വരുമാനമാര്‍ഗ്ഗമായിരുന്നു പണ്ട് കാലത്ത്. എന്നാല്‍ ഇപ്പോള്‍ പല ബ്രാന്റുകളിലുള്ള ലഹരി ഉല്പന്നങ്ങള്‍ ലഭിക്കുന്നതിനാല്‍ കള്ള് എന്ന പ്രകൃതിദത്ത പാനീയം എല്ലാവരും മറന്നു തുടങ്ങി. ഇനി വരുന്ന തലമുറയ്ക്ക് കള്ള് എന്നത് സിനിമയിലും കഥാ പുസ്തകങ്ങളിലും കണ്ടും കേട്ട് പോകുന്ന ഒരു വസ്തുമാത്രമായിരിക്കും.
എന്നാല്‍ കള്ള് വ്യവസായം മുങ്ങി പോകാതിരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പുതിയ പദ്ധതികള്‍ രൂപീകരിക്കുകയാണ്.
കള്ള് വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളുടെ തൊഴില്‍സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായുള്ള കള്ളുചെത്ത് വ്യവസായ ബോര്‍ഡ് ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.
പരമ്പരാഗത വ്യവസായം മാത്രമല്ല കള്ള് എന്ന് പറയുന്ന പാനീയം. മനുഷ്യര്‍ക്ക് പ്രകൃതി കനിഞ്ഞ് നല്‍കിയിരിക്കുന്ന ഒന്നാണിത്. കള്ള് ഒരു ലഹരി പാനീയമായി മാത്രം കാണാന്‍ സാധിക്കില്ല. കാരണം മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനും ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിനും കള്ള് ഉപയോഗിക്കുന്നുണ്ട്.
പരമ്പരാഗത വ്യവസായമെന്ന നിലയില്‍ കള്ള് വ്യവസായത്തെ സംരക്ഷിച്ച് കാലോചിതമാക്കുകയും പ്രകൃതിദത്ത പാനീയമായ കള്ളിന് കൂടുതല്‍ പ്രചാരണം നല്‍കി, ശുദ്ധമായ കള്ള് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ കള്ള് ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും ഉല്പാദനം കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നും സംഭരിച്ച് ആവശ്യമുള്ള മറ്റ് സ്ഥലങ്ങളിലെത്തിക്കുകയും കള്ളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സംരംഭങ്ങള്‍ ആരംഭിക്കുകയും അധികമായി ലഭിക്കുന്ന കള്ള് കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുവാന്‍ ബോര്‍ഡിന് ചുമതലയുണ്ടാവും മന്ത്രി വ്യക്തമാക്കി.
കള്ളിന്റെ ഉല്‍പാദനം, അന്തര്‍ജില്ലാ, അന്തര്‍ റെയിഞ്ച് നീക്കം എന്നിവ നിരീക്ഷിക്കുന്നതിന് ട്രാക്ക് ആന്‍ഡ് ട്രേസ് സംവിധാനം ഏര്‍പ്പെടുത്തും. ഇതിലൂടെ കള്ള് ചെത്ത് വ്യവസായ രംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പാക്കും. കള്ള് ചെത്ത് വ്യവസായ ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ ഈ മാസം തന്നെ നിയോഗിക്കുമെന്നും തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കള്ള് ഉല്പാദിപ്പിക്കാന്‍ പുതിയ തലമുറയെ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നതാണ് പൊതു താത്പര്യം. അതിന് പ്രത്യേക ട്രെയിനികളെ എര്‍പ്പെടുത്തുന്ന കാര്യത്തില്‍ പുതിയ കള്ള് ചെത്ത് വ്യവസായ ബോര്‍ഡ് തീരുമാനങ്ങള്‍ എടുക്കുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha



























