വേണമെങ്കില്‍ രാഹുലിനും കൂടാം... അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാഷ്ട്രീയ സമവാക്യങ്ങളെ ഇളക്കിമറിച്ച് കെജ്രിവാള്‍ സ്റ്റാലിന്‍ സഖ്യം; ഡല്‍ഹി സ്‌കൂള്‍ തമിഴ്‌നാട്ടിലും കൊണ്ടുവരാനുറച്ച് സ്റ്റാലിന്‍; കെജ്‌രിവാളിനെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തു

അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ദേശീയ രാഷ്ട്രീയം മാറി മറിയുകയാണ്. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ചിത്രങ്ങളിലെങ്ങുമില്ല. അതേസമയം ബിജെപി വിരുദ്ധ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയെന്ന ചര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയാണ് സ്റ്റാലിനും അരവിന്ദ് കെജ്രിവാളും. അരവിന്ദ് കെജ്രിവാളിന്റെ ദില്ലിയിലെ വികസന പദ്ധതികളും സ്റ്റാലിന്‍ നേരിട്ട് കണ്ടു. ദേശീയ നേതാവെന്ന നിലയിലേക്ക് ഉയരാനുള്ള നീക്കത്തിലാണ് എം കെ സ്റ്റാലിന്‍. പഞ്ചാബ് പിടിച്ചതോടെ കോണ്‍ഗ്രസിന് ബദലായി വളരുകയെന്ന ശ്രമത്തിലാണ് ആംആദ്മി പാര്‍ട്ടി. കെജ്രിവാളും ദേശീയതലത്തില്‍ പയറ്റാന്‍ നോക്കുകയാണ്.
ഡല്‍ഹി സന്ദര്‍ശനത്തിലുള്ള സ്റ്റാലിന്‍ ഡല്‍ഹിയെ വാനോളം പുകഴ്ത്തുകയാണ്. ഡല്‍ഹിമാതൃകയില്‍ തമിഴ്‌നാട്ടിലും മോഡല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ക്കൊപ്പം സര്‍ക്കാര്‍സ്‌കൂളുകളും മൊഹല്ല ക്ലിനിക്കുകളും സന്ദര്‍ശിച്ചശേഷമാണ് പ്രഖ്യാപനം.
സ്റ്റാലിന്‍ കെജ്‌രിവാളിനെ തമിഴ്‌നാട്ടിലേക്ക് ക്ഷണിക്കുകയുംചെയ്തു. ഈ ക്ഷണമാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിവച്ചത്. തമിഴ്‌നാട്ടില്‍ ഡി.എം.കെ. അധികാരത്തിലെത്തിയശേഷം വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്ക് പ്രധാന്യം നല്‍കുന്നുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. ആം ആദ്മി സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമേഖലയില്‍ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ സ്റ്റാലിന് വിശദീകരിച്ചുനല്‍കി.
ഡല്‍ഹിയില്‍ നടപ്പാക്കിയ പുതിയ പാഠ്യപദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി കെജ്‌രിവാള്‍ വിശദീകരിച്ചു. സ്‌കൂളുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. അധ്യാപകര്‍ക്ക് പ്രത്യേകപരിശീലനം നല്‍കുന്നു. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താന്‍ ബ്രിട്ടീഷ് കൗണ്‍സിലും അമേരിക്കന്‍ എംബസിയുമായും സഹകരിച്ചുപ്രവര്‍ത്തിക്കുന്നു. ആറുവര്‍ഷമായി സംസ്ഥാനബജറ്റിന്റെ 25 ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവെച്ചിരിക്കുകയാണെന്നും ഇപ്പോള്‍ സ്വകാര്യസ്‌കൂളുകളെക്കാള്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ വിജയശതമാനത്തില്‍ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും സ്റ്റാലിന്റെ ഡല്‍ഹി സന്ദര്‍ശനം ദേശീയ മാധ്യമങ്ങളും ചര്‍ച്ചയാക്കിയിരിക്കുകയാണ്. ഡി.എം.കെ. ഓഫീസിന്റെ ഉദ്ഘാടനത്തിനായാണ് സ്റ്റാലിന്‍ ഡല്‍ഹിയിലെത്തിയത്. വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കണ്ടതിനുപുറമേ കോണ്‍ഗ്രസ് നേതാക്കളുമായും തൃണമൂല്‍ നേതാക്കളുമായും സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി.ക്കെതിരേ പ്രതിപക്ഷനിരയിലെ നിര്‍ണായകശക്തിയാകാന്‍കൂടിയായാണ് സ്റ്റാലിന്റെ ഡല്‍ഹി സന്ദര്‍ശനമെന്നും വിലയിരുത്തലുണ്ട്.
ദേശീയ രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മക്കായി ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ദില്ലിയിലെ എഎപി വികസന മാതൃക നേരിട്ട് കാണാന്‍ സ്റ്റാലിന്‍ എത്തിയത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ദില്ലി വിനോദ് നഗറിലെ സ്‌കൂളില്‍ എത്തിയ സ്റ്റാലിന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരെയും കണ്ടു. സ്‌കൂളിലെ സൗകര്യങ്ങള്‍ വിലയിരുത്തി. പിന്നാലെ മൊഹല്ല ക്ലിനിക്കും സന്ദര്‍ശിച്ചു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം വഴി രാജ്യത്തിന്റെ പുരോഗതിയാണ് ലക്ഷ്യമെന്നും സന്ദര്‍ശനത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നുമാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം.
ഡല്‍ഹി തട്ടകത്തില്‍ വന്ന് സ്റ്റാലിന്‍ കളിക്കുന്നത് കോണ്‍ഗ്രസിനേയും അസ്വസ്ഥമാക്കിയിട്ടുണ്ട്. പുതിയ രാഷ്ട്രീയ സഖ്യത്തിനുള്ള അടിത്തറപാകലാണ് കൂടിക്കാഴ്ചക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റാലിന്‍, കെജ്രിവാള്‍ എന്നിവര്‍ക്കൊപ്പം സഹകരിക്കാന്‍ മമത ബാനര്‍ജിയും നേരത്ത തന്നെ താല്‍പ്പര്യം അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിരുദ്ധ ചേരിയെന്ന ആശയം മുന്നോട്ട് വെക്കുന്ന നേതാക്കള്‍ക്കൊപ്പം സ്റ്റാലിന്‍ സഹകരിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് വലിയ തിരിച്ചടിയാകും.
"
https://www.facebook.com/Malayalivartha



























