കെ.റെയിൽ സമരക്കാർ പറിച്ച കല്ലുകൾ തിരിച്ചിടാൻ സി.പി.എം; കോട്ടയം പനച്ചിക്കാട് ആദ്യ കല്ലിടീൽ തുടങ്ങി; മുന്നിൽ നിന്നു നയിക്കുന്നത് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ; പ്രതിരോധിക്കാൻ സമരക്കാർ ഇറങ്ങുമെന്ന് ആശങ്ക; മുന്നൊരുക്കവുമായി പൊലീസ്

കോട്ടയം: കെ.റെയിൽ വിരുദ്ധ സമരം നടക്കുന്ന മേഖലകളിൽ വ്യത്യസ്ത പ്രതികരണവുമായി സി.പി.എം. പനച്ചിക്കാട് പഞ്ചായത്തിലെ വെള്ളുത്തുരുത്തിയിൽ സി.പി.എമ്മിന്റെ പിൻതുണയോടെ വീട്ടമ്മ, സമരക്കാർ പറിച്ചെറിഞ്ഞ കല്ല് തിരികെ സ്ഥാപിച്ചതോടെയാണ് സി.പി.എം പ്രത്യക്ഷത്തിൽ രംഗത്തിറങ്ങുകയാണ് എന്ന സൂചന ലഭിച്ചു തുടങ്ങിയത്. കോട്ടയം ജില്ലയിൽ യു.ഡി.എഫും ബി.ജെ.പിയും കെ റെയിൽ വിരുദ്ധ സമര സമിതിയും നടത്തിയ സമരങ്ങൾക്ക് ബദലാണ് ഇപ്പോൾ സി.പി.എം ചെയ്യുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മീനച്ചിലാർ മീനന്തറയാർ കൊടൂരാർ നദീപുനസംയോജന പദ്ധതി കോ ഓർഡിനേറ്ററുമായ കെ.അനിൽകുമാറാണ് ഇതിനു മുന്നിൽ നിൽക്കുന്നത്.
ഏതാണ്ട് കഴിഞ്ഞ ജൂലായ് മുതൽ കോട്ടയം ജില്ലയിൽ കെ റെയിൽ വിരുദ്ധ സമരം ശക്തമായി തുടരുകയാണ്. കോട്ടയം കൊല്ലാട്, പനച്ചിക്കാട് പഞ്ചായത്തിലെ വെള്ളുത്തുരുത്തി, സംക്രാന്തി കുഴിയാലിപ്പടി, ചങ്ങനാശേരി മാടപ്പള്ളി, കടുത്തുരുത്തിയിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ എല്ലാം കെ.റെയിലിന്റെ പേരിൽ പ്രതിഷേധ സമരങ്ങൾ അറങ്ങേറിയിരുന്നു. ഈ സ്ഥലങ്ങളിൽ എല്ലാം സി.പി.എം, പ്രതിഷേധക്കാർ പിഴുതകല്ല് പുനസ്ഥാപിക്കാൻ എത്തുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.
എന്നാൽ, പനച്ചിക്കാട് പഞ്ചായത്തിലെ വെള്ളുത്തുരുത്തിയിലെ തിരികെ കല്ല് സ്ഥാപിച്ച സമരത്തോടുള്ള പ്രതികരണം അറിഞ്ഞ ശേഷമാകും കൂടുതൽ ശക്തമായ പരിപാടികളിലേയ്ക്കു സി.പി.എം കടക്കുക. കെ.റെയിൽ വിരുദ്ധ സമരത്തിന് എതിരെ ജനകീയനായ കെ.അനിൽകുമാറിനെ തന്നെ ജില്ലയിൽ മുന്നിൽ നിർത്തുക എന്ന തന്ത്രമാണ് സി.പി.എം പയറ്റുന്നത്. ഈ തന്ത്രം ജില്ലയിൽ വിജയിച്ചാൽ മറ്റിടങ്ങളിലും സമാന രീതിയിലുള്ള വിശദീകരണങ്ങളും നടപടികളുമായി മുന്നോട്ട് പോകുന്നതിനാണ് ആലോചിക്കുന്നത്.
വെള്ളിയാഴ്ച പനച്ചിക്കാട് വെള്ളുത്തുരുത്തിയിലെ വീട്ടിൽ എത്തിയ കെ.അനിൽകുമാറും പുതുപ്പള്ളിയിലെ സി.പി.എം ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസും ഒരു മണിക്കൂറിലേറെ സമയം പ്രദേശത്ത് ചിലവഴിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആളുകളിലേയ്ക്ക് കെ.റെയിൽ സന്ദേശം എത്തിച്ച് മനസുമാറ്റുകയാണ് സി.പി.എം ലക്ഷ്യമിടുന്നത്. എന്നാൽ, സി.പി.എമ്മിന്റെ തന്ത്രത്തിന് മറുതന്ത്രവുമായാണ് കോൺഗ്രസും ബി.ജെ.പിയും അണിയറയിൽ ഒരുങ്ങുന്നത്. ഇത് സ്ഥിതി സങ്കീർണ്ണമാക്കുമോ എന്ന ആശങ്കയും ഉയർത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























