'കേരളത്തിൽ ഭൂമിക്കടിയിൽ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത്? ഹൈസ്പീഡ് എന്നാലെന്താ? ചാടിപ്പോകും, മറിഞ്ഞു പോകും എന്നൊക്കെയാണ് പറയുന്നത്. കേരളത്തിൽ മാത്രം എന്താണ് പരിസ്ഥിതി പ്രശ്നം?കാലത്തിനൊത്ത് വികസനമെന്നത് ന്യായമായ ആവശ്യമാണ്. നമുക്ക് സാധ്യമായ മേഖലകളിലെല്ലാം വികസനം നടപ്പാക്കണം...' കെ-റെയിലിനെ അനുകൂലിച്ച് മന്ത്രി സജി ചെറിയാൻ
‘സർക്കാർ കണ്ടെത്തിത്തന്ന സ്ഥലം സർക്കാർ തിരിച്ചെടുക്കുന്ന പോലെയാണ് നമ്മുടെ കെ-റെയിൽ പദ്ധതിയും കല്ലിടൽ ചടങ്ങും...’ ഒരു വീട്ടമ്മയുടെ സങ്കടപ്പെടുത്തുന്ന വാക്കുകളാണ് ഇത്. പുരയിടങ്ങൾ മാത്രമല്ല ആരാധനനാലയങ്ങളും ശ്മശാനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. അങ്ങനെ പ്രതിഷേധം ശക്തമാകുമ്പോഴും പദ്ധതി തുടർന്നുതന്നെ പോകുമെന്ന് പറയുകയാണ് നമ്മുടെ ഭരണപക്ഷം. ഇങ്ങനെ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം കൊടുമ്പിരികൊള്ളുമ്പോൾ തലപുകഞ്ഞിരിക്കുകയാണ് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങൾ. അങ്ങനെ ഇരിക്കവെയാണ് സജി ചെറിയാൻ വീണ്ടും എത്തിയത്. അതും അനുകൂലിച്ചുകൊണ്ട്...
‘കേരളത്തിൽ ഭൂമിക്കടിയിൽ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത്? ഹൈസ്പീഡ് എന്നാലെന്താ? ചാടിപ്പോകും, മറിഞ്ഞു പോകും എന്നൊക്കെയാണ് പറയുന്നത്. കേരളത്തിൽ മാത്രം എന്താണ് പരിസ്ഥിതി പ്രശ്നം? എന്ന ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്....
വികസനം പറയുമ്പോൾ കേരളത്തിൽ മാത്രമാണ് പരിസ്ഥിതി പ്രശ്നങ്ങൾ പറയുന്നതെന്നാണ് മന്ത്രി പറഞ്ഞത്. ആലപ്പുഴയില്‍ മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രിയുടെ പുതിയ പ്രസ്താവന എത്തിയത്. വികസനം പറയുമ്പോൾ ആരെയും ആക്രമിക്കാൻ ശ്രമിക്കുന്നത് ശരിയായ സമീപനമല്ല. കാലത്തിനൊത്ത് വികസനമെന്നത് ന്യായമായ ആവശ്യമാണ്. നമുക്ക് സാധ്യമായ മേഖലകളിലെല്ലാം വികസനം നടപ്പാക്കണം. ന്യായമായ വികസനം കേരളത്തിൽ എത്തുമ്പോൾ എതിർക്കപ്പെടുന്നുവെന്നും മന്ത്രി വിമർശിക്കുകയാണ്.
അതോടൊപ്പം തന്നെ അതിവേഗ ട്രെയിനിന്റെ സ്പീഡ് 200 പോരെന്നും 400 കിലോമീറ്റർ എങ്കിലും വേണമെന്ന് മന്ത്രി പറഞ്ഞു. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂർ കൊണ്ടല്ല രണ്ട് മണിക്കൂർ കൊണ്ട് എത്തിച്ചേരാനാവണമെന്നും മന്ത്രി ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ പദ്ധതികൾ വന്നാലേ നാട് വികസിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
40 വർഷം മുൻപ് വിദേശത്ത് പോയപ്പോൾ അവിടെ വലിയ മാളുകളുടെ ഉള്ളിൽ ട്രെയിൻ വന്നു നിൽക്കുകയും ആളുകൾ ഇറങ്ങി സാധനം വാങ്ങി കയറി പോകുകയും ചെയ്യുന്നത് കണ്ടതാണ്. അതിന് 200 കിലോമീറ്റർ വേഗമായിരുന്നു. ഇവിടെ 400 കിലോമീറ്റർ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. കാസർകോട് – തിരുവനന്തപുരം 2 മണിക്കൂർ കൊണ്ട് എത്താനാകണം. പലതിനെയും ഇന്നലെവരെ എതിർത്തിട്ടുണ്ടാകും. അക്കാലം കഴിഞ്ഞു. ഇപ്പോൾ ചെയ്യേണ്ടത് നാളത്തേക്ക് മാറ്റിയാൽ നടക്കാതെ പോകുമെന്നും മന്ത്രി പറയുകയായിരുന്നു.
അതേസമയം വികസനത്തിന്റെ പേരിൽ ആരെയും തെരുവിലിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയുണ്ടായി. വികസന പദ്ധതികള്‍ക്കായി സഹകരിക്കുന്നവരെ സര്‍ക്കാര്‍ ചേര്‍ത്തുതന്നെ പിടിക്കും. പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കുന്നവരെ മതിയായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുമെന്നും ഇത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയായിരുന്നു. മാങ്കുളം ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിനാവശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ല. ചെയ്യേണ്ടത് ശരിയായ സമയത്ത് തന്നെ ചെയ്യണമെന്നും മുഖ്യമന്ത്രി. ഇന്ന് നടക്കേണ്ടത് നടന്നില്ലെങ്കില്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്ന സജി ചെറിയാന്റെ വക്കും അദ്ദേഹം ആവർത്തിക്കുകയായിരുന്നു.
ഒരടി പിന്നോട്ടില്ലാതെ സർക്കാർ മുന്നോട്ട് പോകുമ്പോഴും പിന്നോട്ട് പോകാതെ പ്രതിഷേധിക്കുന്ന സമരക്കാരുടെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റ് നിങ്ങൾ കാണണം. സിൽവർലൈൻ പദ്ധതിയുടെ അതിർത്തി നിർണയിക്കാൻ തലങ്ങും വിലങ്ങും സ്ഥാപിച്ച കല്ല് പ്രതിഷേധക്കാർ പിഴുതെറിഞ്ഞത് 350 എണ്ണം. കല്ലുകൾ സ്ഥാപിക്കുന്ന ഏജൻസികൾ കെ–റെയിലിനു നൽകിയ റിപ്പോർട്ടിലാണ് ഈ കണക്ക് പുറത്ത് വന്നിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ പുതിയ കല്ലിടുമെന്ന് അധികൃതർ വീണ്ടും പറഞ്ഞു.
ഈ പദ്ധതിക്കായി ഇരുപതിനായിരത്തോളം സർവേക്കല്ലുകളാണു ആകെ ആവശ്യമായി വരുന്നത്. ഇതിൽ പകുതിയോളം എത്തിച്ചു നൽകിയിട്ടുണ്ട്. പദ്ധതിയെ 5 റീച്ചുകളായി തിരിച്ചാണു കല്ലിടൽ ചടങ്ങ് പുരോഗമിക്കുന്നത്. ആദ്യ റീച്ചിൽ ഉള്ളത്തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് . കോട്ടയവും എറണാകുളവും രണ്ടാമത്തെ റീച്ചിലും തൃശൂരും മലപ്പുറവും മൂന്നാമത്തെ റീച്ചിലുമാണ്. കോഴിക്കോടും കണ്ണൂരും നാലാമത്തെ റീച്ചിലും കാസർകോട് അഞ്ചാം റീച്ചിലും ഉൾപ്പെടുന്നുണ്ട്.
അതേസമയം ആദ്യഘട്ടത്തിൽ കല്ലിടൽ ഏൽപിച്ചത് 3 ഏജൻസികളെയാണ്. എന്നാൽ 2, 3 റീച്ചുകൾ ഏറ്റെടുത്ത ചെന്നൈയിലെ ഏജൻസിയെ നവംബറിൽ ഒഴിവാക്കിയിട്ടുണ്ട്. ഇതിനു ശേഷം 2, 3 റീച്ചുകൾ രണ്ട് ഏജൻസികൾക്കായാണു നൽകിയിരിക്കുന്നത്. കല്ലിടാനുള്ള കരാർ കഴിഞ്ഞ വർഷം മേയിൽ ഏജൻസികൾക്കു നൽകിയതാണെങ്കിലും ഒരു ജില്ലയിലും പൂർത്തീകരിക്കാനായിട്ടില്ല. പത്തനംതിട്ട ജില്ലയിൽ ഇതുവരെ തുടങ്ങിയിട്ടില്ല. എന്താകും എന്ന് കണ്ടുതന്നെ അറിയണം.
https://www.facebook.com/Malayalivartha



























