മേരിക്കുട്ടി കൊലക്കേസ് തൊട്ട് സ്റ്റെഫിയുടെ കന്യാചർമ്മം വരെ.. കേരളാ പോലീസിന്റെ അവസാന കച്ചിത്തുരുമ്പായ ഡോ: രമയുടെ കഥ

കേരളത്തിലെ ഹാസ്യസാമ്രാട്ടും മികച്ച അഭിനേതാവുമായ ശ്രീ. ജഗദീഷിന്റെ ഭാര്യ എന്നതിലുപരി ഫൊറൻസിക് മേഖലയ്ക്കും അതുപോലെ കേരള പോലീസിനും നീതിന്യായ വ്യവസ്ഥയ്ക്കും അവസാന പ്രതീക്ഷയും അത്താണിയുമായിരുന്നു ഇന്നലെ മരണപ്പെട്ട ഡോക്ടർ രമ. ഫൊറന്‍സിക് രംഗത്ത് ഏറ്റവും ആത്മാര്‍ഥമായി കേസുകളെ സമീപിച്ചിരുന്നത് ആരെന്ന് ചോദിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉള്ളൂ, ഡോ.പി. രമ. പ്രതിസന്ധികളും നൂലാമാലകളും ഏറെയുള്ള പ്രമാദമായ കേസുകളില്‍ വ്യക്തവും സുദൃഢവുമായ ഫൊറന്‍സിക് ദൗത്യം അവർ നിര്‍വഹിച്ചിട്ടുണ്ടായിരുന്നു.
മൃതദേഹ പരിശോധനയും കോടതിക്കൂട്ടിലെ ക്രോസ് വിസ്താരവുമൊക്കെ മടുപ്പിക്കുന്ന ഫൊറന്‍സിക് മേഖലയിലേക്ക് വനിതകളാരും കടന്നുവരാതിരുന്ന കാലഘട്ടമായി പണ്ട്. 1984ലെ ബാച്ചില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് എം.ഡി. ഫൊറന്‍സിക് മെഡിസിന്‍ പഠിച്ചിറങ്ങിയ ഡോ. രമ ഒരു ഉദാഹരണമായി അന്നുമുതൽ മാറിത്തുടങ്ങി. പതറാതെ ഈ മേഖലയിൽ ചുവടുറപ്പിച്ചു. മൂന്നരപ്പതിറ്റാണ്ടോളം നീണ്ട സര്‍വീസില്‍ തന്റെ ആത്മാർത്ഥതയും കൃത്യനിർവഹണവും അർപ്പണ മനോഭാവവും വായിച്ചെടുക്കാൻ സാധിക്കും.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. ഷെര്‍ളി, ഡോ. ശ്രീകുമാരി എന്നിവര്‍ക്കു പിന്നാലെ, 1985-ലാണ് രമ ഫൊറന്‍സിക് സര്‍ജനായി സര്‍വീസില്‍ കയറുന്നത്. മേരിക്കുട്ടി കൊലക്കേസ് മുതൽ സിസ്റ്റര്‍ അഭയ കേസടക്കം കേരളം ചര്‍ച്ച ചെയ്ത , വിവാദമായ നിരവധി കൊലക്കേസുകളില്‍ ഡോ. രമയുടെ കണ്ടെത്തലുകള്‍ നിര്‍ണായകവും പോലീസിനു അവസാന കച്ചിത്തുരുമ്പുമായിരുന്നു.
കുറച്ചുനാൾ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രഫസറായി ജോലി ചെയ്തു. സർവീസിലെ കൂടുതൽ സമയവും തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു. സംസ്ഥാനത്തെ പല പ്രധാന കേസുകളിലും പ്രോസിക്യൂഷനു നിർണായക കണ്ടെത്തലുകൾ നല്‍കിയതിലൂടെയാണ് ഡോ.രമ ശ്രദ്ധ പിടിച്ചു പറ്റിയത്.
ചങ്ങനാശ്ശേരി മേരിക്കുട്ടി വധക്കേസാണ് ആദ്യ സുപ്രധാന കേസ്. മേരിക്കുട്ടിയുടേത് കൊലപാതകമെന്ന് തെളിയിച്ചത് ഡോ.രമ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകളായിരുന്നു. സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതിയായ സിസ്റ്റര്‍ സെഫി കന്യകയാണെന്നു സ്ഥാപിക്കാന്‍ കന്യാചര്‍മ്മം വച്ചുപിടിപ്പിച്ചെന്നു കണ്ടെത്തിയത് ഡോ. രമയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമായിരുന്നു.
2019-ല്‍ അഭയ കേസിലെ വിചാരണ സി.ബി.ഐ. കോടതിയില്‍ ആരംഭിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന ഡോ. രമയില്‍നിന്ന് മജിസ്ട്രേറ്റ് മൊഴിയെടുത്തിരുന്നു. അസുഖബാധിതയായതിനെ തുടര്‍ന്ന് വീട്ടിലെത്തിയാണ് മജിസ്ട്രേറ്റ് മൊഴിയെടുത്തത്.
തിരുവനന്തപുരം വര്‍ക്കലയില്‍ സലിം എന്നയാളെ വെട്ടിനുറുക്കി 16 കഷണങ്ങളാക്കിയ ശേഷം ഗാര്‍ബേജ് കവറുകളിലാക്കി ഉപേക്ഷിച്ച കേസില്‍ ഡോ. രമ നല്‍കിയ റിപ്പോര്‍ട്ടായിരുന്നു നിര്‍ണായകമായത്. കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്ത കേസ് അന്വേഷണത്തിലും അവരുടെ നിർണായകമായ കണ്ടെത്തലാണ് വഴിത്തിരിവായത്. അതിലെ കണ്ടെത്തലുകള്‍ സുപ്രീംകോടതിയുടെ വരെ അഭിനന്ദനം നേടിക്കൊടുത്തു.
സ്പിരിറ്റ് മാഫിയയുടെ കുടിപ്പക കാരണം അക്കു എന്ന യുവാവിനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ കേസ് കൊലപാതകമാണെന്നു തെളിഞ്ഞതും ഡോ. രമയുടെ അന്വേഷണത്തിലൂടെയായിരുന്നു. അക്കുവിന്റെ തല തകര്‍ന്നത് ട്രെയിന്‍ തട്ടിയല്ലെന്നും മറിച്ച് തല അടിച്ചു തകര്‍ത്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതാണെന്നുമായിരുന്നു അന്ന് കണ്ടെത്തിയത്.
നടന്‍ ജഗദീഷിന്റെ ഭാര്യയായിരുന്നിട്ടും കേരളം ചര്‍ച്ച ചെയ്ത നിരവധി കേസുകളുടെ ഭാഗമായിരുന്നിട്ടും മാധ്യമങ്ങളിലോ പൊതുവേദികളിലോ ഡോ. രമയുടെ പേര് വരണമെന്നോ, അല്ലെങ്കിൽ പ്രശസ്തിയോ ആഗ്രഹിച്ചില്ല. ഇതേക്കുറിച്ച് ജഗദീഷ് ഒരിക്കല്‍ മനോരമയിലെ ടെലിവിഷൻ ഷോയിൽ പറഞ്ഞതും ഇപ്പോൾ വൈറലായി പ്രചരിക്കുന്നുണ്ട്.
'ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നതിലും സിനിമാപ്രസിദ്ധീകരണങ്ങളില്‍ ഫോട്ടോ അച്ചടിച്ചുവരുന്നതിലും എനിക്ക് എത്രത്തോളം താത്പര്യമുണ്ടോ, രമയ്ക്ക് ഇക്കാര്യത്തില്‍ അത്രത്തോളം താത്പര്യമില്ലായ്മയുണ്ട്'. മാഗസിനുകള്‍ അഭിമുഖത്തിന് വരുമ്പോള്‍ ഫോട്ടോ എടുക്കാന്‍ രമ സമ്മതിക്കാറില്ല. എല്ലാവരുടെയും ഭാര്യമാര്‍ ചാനലുകളിലൊക്കെ വരാറുണ്ട്. എന്തുകൊണ്ട് ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്ന് സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ ചോദിച്ചു. രമയ്ക്ക് ഒട്ടും താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടു പേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്. എന്നായിരുന്നു.
പാർക്കിൻസൺസ് രോഗബാധിതയായി ചികിത്സയിൽ ആയിരുന്ന രമ, വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്. മൂന്നു വർഷം മുൻപ് സർവീസിൽനിന്നു സ്വയം വിരമിച്ചിരുന്നു. ആലപ്പുഴ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജുകളിലായി ഒട്ടേറെ ഡോക്ടർമാരുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു രമ. ഈ വിയോഗത്തിൽ എല്ലാവരോടുമൊപ്പം മലയാളിവാർത്തയും ദുഖത്തിൽ പങ്കുചേരുകയാണ്..... ഡോക്ടർ രമയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു....
https://www.facebook.com/Malayalivartha



























