അന്വേഷണം പുതിയവഴിയില്‍... ദിലീപിന്റെ ഫോണ്‍ പരിശോധിച്ച അന്വേഷണ സംഘം കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍; അന്വേഷണ സംഘത്തിന് പോലും ലഭിക്കാത്ത കോടതിയുടെ സുപ്രധാന രേഖകള്‍ ദിലീപിന്റെ ഫോണില്‍; രേഖകള്‍ വന്ന വഴിയറിയാന്‍ ക്രൈംബ്രാഞ്ച്

ദിലീപിനെ സംബന്ധിച്ച് അടുത്ത ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ അത്ര ശുഭകരമല്ല. പള്‍സര്‍ സുനിയുടെ കത്ത്, ദിലീപിന്റെ സ്വിഫ്റ്റ് കാര്‍ എന്നിവയ്ക്ക് പുറമേ ദിലീപിന്റെ ഫോണും വലിയ വാര്‍ത്തയാകുകയാണ്. ദിലീപിന്റെ ഫോണില്‍ നിന്ന് നിര്‍ണായക കോടതി രേഖകള്‍ കണ്ടെത്തിയിരിക്കുകയാണ്.
ഇതിന്റെ പശ്ചാത്തലത്തില്‍കോടതി ജീവനക്കാരെ ചോദ്യം ചെയ്യും. ഇവരെ ചോദ്യം ചെയ്യാനുള്ള അനുമതി തേടി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നല്‍കിയ അപേക്ഷ കോടതി പരിഗണിച്ചു. ഈ ജിവനക്കാരെ ചോദ്യം ചെയ്യാന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നും പൊലീസ് ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ കോടതി രേഖകള്‍ ഹാജരാക്കാനും പ്രത്യേക കോടതി നിര്‍ദേശിച്ചു.
കോടതിയില്‍ നിന്നും ഇതാരാണ് ദിലീപിന് കൈമാറിയതെന്നാണ് പരിശോധിക്കുന്നത്. കോടതിയില്‍ എത്തുന്ന തൊണ്ടിമുതലിന്റെ ചുമതലയുള്ള ക്ലാര്‍ക്ക്, ശിരസ്തദാര്‍ എന്നിവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം അനുമതി തേടിയത്. ദിലീപിന് നല്‍കാത്ത രഹസ്യമൊഴി ഉള്‍പ്പെടെയുള്ള രേഖകള്‍ ഫോണില്‍ നിന്ന് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതോടെ ദിലീപിന് വീണ്ടും കുരുക്ക് മുറുകുകയാണ്.
ദിലീപിന്റെ ഫോണുകളുടെ പരിശോധനയില്‍ നിന്നും ഇനിയും വിവരങ്ങള്‍ കിട്ടാനുണ്ട്. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളുടെ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന ഫലം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി രേഖകള്‍ ചോര്‍ന്നെന്ന നിഗമനം വന്നിരിക്കുന്നത്. പകര്‍പ്പ് എടുക്കാന്‍ അനുവാദമില്ലാത്ത രേഖകളാണ് ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്തതെന്നും ആര്‍ക്കൊക്കെ ഇത് കൈമാറിയിട്ടുണ്ടെന്ന് അന്വേഷിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
ദിലീപിന്റെ കാറിനെ ചുറ്റിപ്പറ്റിയും ദുരൂഹത തുടരുകയാണ്. വധഗൂഢാലോചന കേസിന്റെ ഭാഗമായി കഴിഞ്ഞദിവസം ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കാര്‍ ഇന്നലെയും കൊണ്ടുപോയില്ല. കേടായിക്കിടക്കുന്ന കാര്‍ കൊണ്ടുപോകാന്‍ ഏറെ ശ്രമകരമാണ്. മെക്കാനിക്കുമായി എത്തി അന്വേഷണ സംഘം തന്നെ ഇവിടെ നിന്നു കൊണ്ടുപോകും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കാര്‍ നന്നാക്കി അന്വേഷണ സംഘത്തിനു കൈമാറാന്‍ ദിലീപിനോടു തന്നെ ആവശ്യപ്പെട്ടെന്നാണ് വിവരം. മാത്രമല്ല സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ എത്രമാത്രം തെളിവ് കിട്ടുമെന്നും വ്യക്തമല്ല.
അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റ് ശരിയായിരുന്നുവെന്ന് തെളിഞ്ഞതായി മുന്‍ ഐജി എ.വി.ജോര്‍ജ് പറഞ്ഞു. ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകള്‍ അതിന് അടിവരയിടുകയാണ്. ദിലീപിന്റെ കേസിന് പ്രത്യേക പരിഗണന ഒന്നും കൊടുത്തിട്ടില്ല. സാധാരണ ഒരു പുരുഷന്റെയും സ്ത്രീയുടെയും കേസായാണ് പരിഗണിച്ചത്.
ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടി വന്ന വേദന എന്ന നിലയില്‍ കേസിനെ കണ്ടു. അല്ലാതെ നടനെന്നോ നടിയെന്നോ ഉള്ള പരിഗണനകളൊന്നും നല്‍കിയില്ല. ആര്‍ക്കു വേണ്ടിയും ഒരു സമ്മര്‍ദവും ആ കേസിനായി ആരുടെയും ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അറസ്റ്റുമായി ബന്ധപ്പെട്ട് യാതൊരു സമ്മര്‍ദവും ഉണ്ടായിട്ടില്ല. നടിക്കെതിരെയുണ്ടായ ആക്രമണം ക്വട്ടേഷന്‍ തന്നെയാണെന്നും ജോര്‍ജ് വിശദീകരിച്ചു.
എന്തായാലും പഴയതിനേക്കാള്‍ വാശിയില്‍ അന്വേഷണ സംഘം മുന്നോട്ട് പോകുകയാണ്. ഓരോ ദിവസവും ഓരോ പുതിയ വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. അതിനാല്‍ തന്നെ ഇനിയുള്ള ദിവസങ്ങളും നിര്‍ണായകമാണ്.
"
https://www.facebook.com/Malayalivartha



























