കുട്ടികൾക്കെതിരായ സൈബർ ലൈംഗിക അതിക്രമം ഓപ്പറേഷൻ പി.ഹണ്ട്: കോട്ടയം ജില്ലയിൽ 22 സ്ഥലത്ത് സൈബർ സെല്ലിന്റെ പരിശോധന; കൊച്ചിയിൽ ആറു പേർ കസ്റ്റഡിയിൽ
കുട്ടികൾക്ക് എതിരായ സൈബർ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിലും ഓപ്പറേഷൻ പി.ഹണ്ട് പരിശോധന. ജില്ലയിലെ 22 കേന്ദ്രങ്ങളിലാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെയും, സൈബർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധന നടത്തുന്നത്. നിരവധി ലാപ്പ് ടോപ്പുകളും, മൊബൈൽ ഫോണുകളും പൊലീസ് സംഘം പരിശോധിക്കുകയാണ്.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മൊബൈൽ ഫോണിലും ലാപ്പ് ടോപ്പിലുമായി കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവരെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇന്റർനെറ്റിൽ കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമ ദൃശ്യങ്ങളാണ് ഇവർ കാണുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത്തരക്കാരുടെ വിവരങ്ങൾ ഇന്റർപോൾ സൈബർ ഡോമിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജില്ലയിൽ പരിശോധന നടത്തുന്നത്. രണ്ടു ദിവസം മുൻപ് തന്നെ പൊലീസ് സംഘം പരിശോധന നടത്തേണ്ടവരുടെ പട്ടിക അതത് പൊലീസ് സ്റ്റേഷനുകൾക്കു കൈമാറിയിരുന്നു. ഇതേ തുടർന്നാണ് ഞായറാഴ്ച പുലർച്ചെ പരിശോധന ആരംഭിച്ചത്.
റെയിഡുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ആറു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ വീടുകളിൽ നിന്നും ലാപ്പ് ടോപ്പും മൊബൈൽ ഫോണും ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊച്ചി സിറ്റി ടീമിന്റെ നേതൃത്വത്തിലാണ് ശക്തമായ പരിശോധന നടക്കുക.
ഇന്റർനെറ്റിലെ വിവിധ അശ്ലീല സൈറ്റുകളിൽ നിന്നും കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമ ചിത്രങ്ങളും വീഡിയോയും ഡൗൺലോഡ് ചെയ്യുക, ഇത് പ്രചരിപ്പിക്കുക, ഇത് വാട്‌സ്അപ്പിലും ടെലഗ്രാമിലും വ്യക്തികൾക്കും, ഗ്രൂപ്പുകൾക്കും അയച്ചു നൽകുകയുമാണ് ചെയ്യുന്നത്. ഇത്തരക്കാരെ കണ്ടെത്തുന്നതിനാണ് ഇപ്പോൾ പരിശോധന നടത്തുന്നത്.
https://www.facebook.com/Malayalivartha



























