കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് അംഗീകാരം; പച്ചക്കറിയില്‍ അമിതവിഷം വേണ്ടെന്ന് തമിഴ്‌നാടിനോട് കേന്ദ്രം

തമിഴ്‌നാട്ടില്‍ നിന്നുള്ള വിഷലിപ്ത പച്ചക്കറിക്കെതിരെ കേരളം നടത്തിയ പോരാട്ടങ്ങള്‍ക്ക് അംഗീകാരം. പച്ചക്കറികളില്‍ അമിത കീടനാശിനി പ്രയോഗിക്കരുതെന്നു തമിഴ്‌നാടിനോട് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഭക്ഷ്യസുരക്ഷ നിലവാര അതോറിറ്റി ഉത്തരവിട്ടു.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് തമിഴ്‌നാടിന്റെ പച്ചക്കറി വിഷലിപ്തമെന്ന്, അതോറിറ്റി സ്വന്തം നിലയ്ക്കു നടത്തിയ പരിശോധനകളിലും കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. തമിഴ്‌നാട്ടിലെ തന്നെ ലബോറട്ടറി പരിശോധനയിലും പച്ചക്കറിയില്‍ അമിത കീടനാശിനി പ്രയോഗം കണ്ടെത്തിയെന്നതു കേരളത്തിന്റെ നിലപാട് ഇതുവരെ അംഗീകരിക്കാന്‍ തയാറാകാത്ത തമിഴ്‌നാടിനു വന്‍ തിരിച്ചടിയായി. തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളില്‍ നേരിട്ടെത്തി സംസ്ഥാന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കൃഷിയുടെ വിവിധ ഘട്ടങ്ങളിലും വിളവെടുപ്പിനു ശേഷവും പച്ചക്കറികളില്‍ വന്‍ തോതില്‍ കീടനാശിനി ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയിരുന്നു.
ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മിഷണര്‍ കെ. അനില്‍കുമാര്‍ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ടി.വി. അനുപമ തെളിവു സഹിതം സര്‍ക്കാരിനു കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറും തമിഴ്‌നാടിനു കത്തു നല്‍കിയെങ്കിലും അവര്‍ അനങ്ങിയില്ല.
തങ്ങളുടെ നാട്ടില്‍ നിന്നുള്ള പച്ചക്കറിയില്‍ വിഷാംശമില്ലെന്നും സ്വന്തം പരിശോധനയില്‍ ഇക്കാര്യം ബോധ്യപ്പെട്ടെന്നുമായിരുന്നു തമിഴ്‌നാടിന്റെ പ്രചാരണവും വാദവും. ഇതേത്തുടര്‍ന്നാണു വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍, കേന്ദ്ര ഭക്ഷ്യസുരക്ഷ നിലവാര അതോറിറ്റിയെ സമീപിച്ചത്. ഇതേ ആവശ്യമുന്നയിച്ചു മുന്‍ മന്ത്രി ബിനോയ് വിശ്വവും അതോറിറ്റിക്കു കത്തു നല്‍കി. കേരളത്തിന്റെ റിപ്പോര്‍ട്ട് മാത്രം കണക്കിലെടുത്തു നടപടി സാധ്യമല്ലെന്നു നിലപാടെടുത്ത അതോറിറ്റി വിശദമായ അന്വേഷണത്തിനു ഡോ. കെ.കെ. ശര്‍മയെ ചുമതലപ്പെടുത്തുകയായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നു പച്ചക്കറി സാംപിളുകള്‍ ശേഖരിച്ചു കോയമ്പത്തൂരിലെ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയിലും വെള്ളായണിയിലെ കേരള കാര്‍ഷിക സര്‍വകലാശാലയിലും നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ അമിത കീടനാശിനി ഉപയോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണു ഭക്ഷ്യസുരക്ഷാ നിയമത്തിലെ 20, 21 സെക്ഷനുകള്‍ പ്രകാരം പച്ചക്കറികളിലും പഴങ്ങളിലും അമിത കീടനാശിനി പ്രയോഗിക്കുന്നതു തടയാന്‍ നടപടിയെടുക്കണമെന്നു നിര്‍ദേശിച്ചുള്ള അതോറിറ്റിയുടെ ഉത്തരവ്. ഇരു സംസ്ഥാനങ്ങളിലെയും ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍മാര്‍ക്കാണ് അതോറിറ്റി കത്തു നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























