ഫാമില്‍ കൂട്ടത്തോടെ കയറിയ തെരുവുനായ്ക്കള്‍ ആയിരത്തിലേറെ കോഴികളെ കൊന്നൊടുക്കി

ഫാമില്‍ കൂട്ടത്തോടെ കയറിയ തെരുവുനായ്ക്കള്‍ ആയിരത്തോളം കോഴികളെ കൊന്നു. എടക്കുളം സെന്റ് മേരീസ് സ്‌കൂളിനു സമീപത്തു പാച്ചേരി വീട്ടില്‍ സഹരാജന്റെ ഫാമിലെ കോഴികളെയാണു തെരുവുനായ്ക്കള്‍ കൊന്നത്. ഇവരുടെ വീടിനോടു ചേര്‍ന്നു നിര്‍മിച്ച ഷെഡ്ഡിലാണു കോഴികളെ വളര്‍ത്തിയിരുന്നത്. പതിനഞ്ചു ദിവസം പ്രായമുള്ള ആയിരത്തോളം കോഴികളാണു തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. മൂവായിരത്തിലധികം കോഴികളുള്ള ഫാമിലെ രണ്ടു കൂടുകളില്‍ കിടന്നിരുന്ന കോഴികളെയാണു നായ്ക്കള്‍ ആക്രമിച്ചത്. കൂടിനു ചുറ്റുമുള്ള വലയുടെ ഒരുഭാഗം തകര്‍ത്താണു നായ്ക്കള്‍ കൂട്ടത്തോടെ കൂടിനുള്ളില്‍ കയറിയത്.
ചില കോഴികളെ നായ്ക്കള്‍ കടിച്ചുമുറിച്ചു കൊന്ന നിലയിലും കുറേയെണ്ണം നായ്ക്കളുടെ വിളയാട്ടത്തിനിടയില്‍ ചവിട്ടേറ്റു ചത്ത നിലയിലുമാണ്. പുലര്‍ച്ചെ ശബ്ദംകേട്ടു നോക്കിയപ്പോഴാണു കൂടിനുള്ളില്‍ നായ്ക്കളെ കണ്ടത്. നായ്ക്കളെ ഓടിച്ചശേഷം നോക്കിയപ്പോഴേക്കും കോഴികളെല്ലാം ചത്തൊടുങ്ങിയിരുന്നു.
കോഴികളെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കൊന്നൊടുക്കിയതു കര്‍ഷകനായ സഹരാജനു വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പൂമംഗലം പഞ്ചായത്തില്‍ കഴിഞ്ഞ കുറെക്കാലമായി തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും അവയെ പിടികൂടാന്‍ പഞ്ചായത്ത് അധികൃതര്‍ കാര്യമായ ശ്രമമൊന്നും നടന്നിട്ടില്ല. പടക്കം പൊട്ടിച്ചും മറ്റുമാണു തെരുവുനായ്ക്കളെ വീട്ടുകാര്‍ ഓടിക്കാറുള്ളത്. എത്രയും വേഗം തെരുവുനായ്ക്കളുടെ ശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ അധികൃതര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്്. ചത്ത കോഴികളെ കൂട്ടത്തോടെ കത്തിച്ചതിനുശേഷം മറവുചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























