അധ്യാപക സ്ഥലംമാറ്റം: പാതിരാത്രിയിലിറങ്ങിയ ഉത്തരവ് മരവിപ്പിച്ചു

കഴിഞ്ഞദിവസം പാതിരാത്രിക്ക് ഇറങ്ങിയ ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കേണ്ടതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം തിരഞ്ഞെടുപ്പ് കമ്മിഷന്‍ 21-ന് വിലക്കിയിരുന്നു. എന്നാല്‍ വിലക്ക് നിലവില്‍ വരുന്നതിന് മുമ്പുള്ള തീയതി വെച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി കമ്മിഷന്റെ വിലക്ക് മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉത്തരവ് ഇറങ്ങിയത് 22-ന് പാതിരാത്രിയാണെങ്കിലും 20 ആണ് തീയതി വച്ചിരുന്നത്.
ഉത്തരവിനെ തുടര്‍ന്ന് ആരെയെങ്കിലും സ്ഥലം മാറ്റിയിട്ടുണ്ടെങ്കില്‍ അവരെ നേരത്തെ ജോലിചെയ്തിരുന്ന സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് കമ്മിഷന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥലംമാറ്റ ഉത്തരവിനെക്കുറിച്ച് വ്യാപകമായ പരാതിയാണ് അധ്യാപകര്‍ ഉയര്‍ത്തിയത്. സ്ഥലംമാറ്റത്തിനായി രൂപവത്കരിച്ച മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നതായിരുന്നു പ്രധാന പരാതി. സ്ഥലംമാറി പോകേണ്ടവര്‍ക്ക് ഏത് സ്‌കൂളിലേക്കാണ് പുതിയ നിയമനം എന്നുപോലും വ്യക്തമാക്കാതെ ഇറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്തുള്ള ഒരു കൂട്ടം അധ്യാപകര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ പ്രതിഷേധവുമായെത്തി. കൂടുതല്‍ അധ്യാപകര്‍ എത്തിത്തുടങ്ങിയതോടെ ഡയറക്ടറേറ്റിന്റെ വാതില്‍ അടച്ചിട്ടു. സ്ഥലംമാറ്റം ചോദിച്ചുവാങ്ങിയവര്‍ക്ക് അവരുടെ ആവശ്യപ്രകാരമുള്ള ജില്ല കിട്ടിയെങ്കിലും താത്പര്യപ്പെട്ട സ്‌കൂളുകള്‍ ലഭിച്ചില്ല. സ്ഥലംമാറ്റപ്പെട്ട അധ്യാപകരുടെ സ്ഥിതി കുറച്ചുകൂടി ബുദ്ധിമുട്ടാണ്. അവര്‍ക്ക് താത്പര്യമുള്ള ജില്ലയോ, സ്‌കൂളോ ഓപ്ഷനായി നല്‍കാന്‍ ഒരവസരവും നല്‍കിയില്ല.
എല്ലാ വിഷയങ്ങളിലെ അധ്യാപകര്‍ക്കും സ്ഥലംമാറ്റം കിട്ടിയിട്ടില്ലെന്നതും ദുരൂഹമാണ്. കെമിസ്ട്രി, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്‌സ് വിഷയങ്ങളിലെ അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയില്ല. പ്രതിഷേധം കടുത്തതോടെ സ്ഥലംമാറ്റപ്പെടുന്നവര്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കുമെന്ന് അധികൃതര്‍ വിശദീകരിച്ചു. എന്നാല്‍ കമ്മിഷന്‍ ഉത്തരവ് മരവിപ്പിച്ചതോടെ തിരഞ്ഞെടുപ്പ് കഴിഞ്ഞേ ഇനി സ്ഥലംമാറ്റം നടക്കൂ.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവും ബുധനാഴ്ച ഇറങ്ങി. വൈകീട്ടാണ് ഉത്തരവ് ഇറങ്ങിയത്. ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിക്കാന്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ വി.എച്ച്.എസ്.ഇ.യിലെ ഉത്തരവും പ്രശ്‌നമാകും. അധ്യാപകര്‍ ഇതിനെതിരെയും കമ്മിഷനെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വമേധയാ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കമ്മിഷന്‍ ഇടപെടാനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























