സിസ്റ്റര്‍ അമല വധം: സതീഷ് ബാബുവിന് പാലായുമായി രണ്ടുവര്‍ഷത്തെ ബന്ധം

സിസ്റ്റര്‍ അമല കൊല്ലപ്പെട്ട കേസ്സില്‍ പോലീസ് അന്വേഷിക്കുന്ന സതീഷ് ബാബു പാലായിലെത്തിയിട്ട് രണ്ടു വര്‍ഷത്തോളം ആ യെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് പോലീസ് പറഞ്ഞു. പാലായിലെ മൂന്നാനി ഭാഗത്ത് ഒന്നര മാസമായി ഇയാള്‍ നിത്യസന്ദര്‍ശകനുമായിരുന്നു. മൂന്നാനിയിലുള്ള കള്ളുഷാപ്പില്‍ ഇയാള്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു. ഇയാള്‍ പലപ്പോഴും ഈരാറ്റുപേട്ട ഭാഗത്തുനിന്നാണ് എത്തിയിരുന്നത്.
മൂന്നാനിയില്‍ ഷാപ്പിന് സമീപം താമസിക്കുന്ന മാനസികവൈകല്യമുള്ള മധ്യവയസ്‌കനുമായി സതീഷിന് അടുപ്പമുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ വിവരം നല്‍കി. മധ്യവയസ്‌കന്‍, തന്റെ ബന്ധുവായിട്ടാണ് സതീഷ്ബാബുവിനെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്. ബന്ധുക്കള്‍ ഉപേക്ഷിച്ചുപോയ മധ്യവയസ്‌കന്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പാലായിലെ കോണ്‍വെന്റിന് സമീപമുള്ള ഒരു ലോഡ്ജില്‍ സതീഷും നാല് സുഹൃത്തുക്കളും മുറിയെടുത്ത് മദ്യപിച്ചിരുന്നു. മദ്യപാനം രാത്രി വൈകുംവരെ നീണ്ടു.
ഇതിനിടെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മൂന്നാനി സ്വദേശിയായ ഒരു യുവാവിനെ സമീപമുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തദിവസമാണ് ആശുപത്രിക്ക് പിന്നിലുള്ള മഠത്തിലെ കന്യാസ്ത്രീക്ക് തലയ്ക്ക് അടിയേറ്റത്. സതീഷിന്റെ സുഹൃത്തുക്കള്‍ പറയുന്നതിപ്രകാരമാണ്. സംഭവദിവസമായ 17 ന് രാത്രി 8 മണിയോടെ ആശുപത്രിയില്‍ കശപിശ നടന്നിരുന്നു. തുടര്‍ന്ന് 9 മണിയുടെ സിനിമകാണാന്‍ പോകുന്നു എന്ന് പറഞ്ഞാണ് സതീഷ് പുറത്തേക്ക് പോയത്. തിരികെ വന്നില്ല. പിറ്റേന്ന് പതിവുപോലെ 8.30 ഓടെ സുഹൃത്തുക്കള്‍ക്ക് അടുത്തെത്തിയ സതീഷ് മദ്യപാനത്തിനായി ഷാപ്പില്‍ കയറി. എല്ലാവരും 100 രൂപവീതം മുടക്കി.
ഇതിനിടെ ഒരു സുഹൃത്ത് എത്തി പാലായിലെ മഠത്തില്‍ ഒരു കന്യാസ്ത്രീ കൊല്ലപ്പെട്ടെന്ന വാര്‍ത്തയുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് അസ്വസ്ഥനായ സതീഷ് ആരെയൊക്കയോ ഫോണില്‍ വിളിച്ചതായി സുഹൃത്തുക്കള്‍ പറയുന്നു. കുറച്ചു സമയത്തിനകം ഒരു ഫോണ്‍കോള്‍ വരികയും തനിക്ക് അത്യാവശ്യമായി എറണാകുളം വരെ പോകണമെന്ന് പറഞ്ഞ് 100രൂപ തിരികെ വാങ്ങി പോവുകയുമായിരുന്നു. കൈയില്‍ പണമില്ലാത്തതിനാല്‍ കഴിഞ്ഞ ആഗസ്ത് 15-ന് പാലായില്‍നിന്ന് വാങ്ങിയ ഫോണ്‍ 3500 രൂപയ്ക്ക് പണയം നല്‍കിയാണ് ഇയാള്‍ സ്ഥലം വിട്ടത്. പിന്നീട് ഉച്ചയോടെ ചങ്ങനാശേരിയിലെ ഒരു ബൂത്തില്‍നിന്ന് സുഹൃത്തുക്കളെ വിളിച്ച് ക്ഷേമാന്വേഷണം നടത്തിയെന്നും പറയുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് മുന്‍ ആക്രമണങ്ങള്‍ നടന്ന മഠങ്ങളുടെ മൊബൈല്‍ ടവറുകള്‍ പരിശോധിച്ചപ്പോള്‍ സംഭവം നടന്ന സമയങ്ങളില്‍ സതീഷ്ബാബുവിന്റെ മൊബൈല്‍ സിഗ്‌നലുകള്‍ അവയുടെ പരിധിക്കുള്ളിലായിരുന്നെന്നും വ്യക്തമായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























