പടയപ്പ കട്ടക്കലിപ്പില്‍.... മൂന്നാറില്‍ പടയപ്പയുടെ പടപ്പുറപ്പാട്... കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസിനു മുന്നിലെത്തിയ കാട്ടുകൊമ്പന്‍ 'പടയപ്പ' ഇന്നലെ പഴം പച്ചക്കറിക്കട തകര്‍ത്തു , ഔസേപ്പിന്റെ കട തേടി പടയപ്പ എത്തുന്നത് ആറാം തവണ, ദ്രുതപ്രതികരണസേന ഇറങ്ങി പടക്കം പൊട്ടിച്ചിട്ടും രക്ഷയില്ല, കാട്ടുകൊമ്പന്‍ കേരളത്തെ വിറപ്പിക്കുന്നു

കൊലകൊമ്പന്‍മാര്‍ കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വിറപ്പിക്കുമ്പോള്‍ ഇവിടെ ഇതാ മൂന്നാറില്‍ പടയപ്പയുടെ പടപ്പുറപ്പാട്. കേരളത്തിന്റെ നാഥന്‍ മുഖ്യമന്ത്രിയും ടീമും ഇത് അറിയുന്നുണ്ടോ എന്തോ. മൂന്നാറിനെ മാത്രമല്ല ഇങ്ങനെ പോയാല്‍ കേരളത്തെയാകെ വിറപ്പിക്കും. തീര്‍ന്നില്ല ഇങ്ങനെ പോയാല്‍ ലോകം മുഴുവനുള്ളവര്‍ പടയപ്പയും മൂന്നാറും എന്ന് തിരയും. ഗോഡ്സ് ഓണ്‍ കണ്‍ട്രി ഇപ്പോള്‍ തന്നെ കുത്തുപാളയെടുത്തിരിക്കുകയാണ്. ടൂറിസം മന്ത്രി ലോക ഭൂപടത്തില്‍ കേരളത്തെ കൊണ്ടുവരാനുള്ള നെട്ടോട്ടത്തില്‍. അപ്പോഴതാ വല്ലവിധേനയും ക്ലച്ച് പിടിച്ചുവരുന്ന മൂന്നാറില്‍ പടയപ്പയുടെ ലീലാവിലാസം.
അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്കു വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുകയാണ്. രാത്രി വൈകിയും എത്തുന്ന വാഹനങ്ങള്‍ക്ക് കാട്ടാനകള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. വനംവകുപ്പ് സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു. തീര്‍ന്നില്ല
കാട്ടാനയെ പേടിച്ച് ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചത് കേരളം മറന്നിട്ടില്ല. വയനാട് ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവിയാണ് മരിച്ചത്. 45 വയസായിരുന്നു. കോളനിയിലെ 5 പേര്‍ ചേര്‍ന്നാണ് വിറക് ശേഖരിക്കാന്‍ പോയത്.
തലയ്ക്ക് പരിക്കേറ്റ ബസവി പുല്‍പ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി മാച്ചിയ്ക്ക് ഓടി രക്ഷപ്പെടുന്നതിനിടെയില്‍ നിസാര പരിക്കേറ്റു. കാട്ടാനയുടെ ആക്രമണമേറ്റ് തന്നെയാണ് ബസവി മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍ ദേഹത്ത് കാട്ടാനയുടെ ചവിട്ടേറ്റ പാടുകളില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ വ്യക്തത വരുമെന്നും വനം വകുപ്പ് അറിയിച്ചു. ആറ് മാസം മുന്‍പ് സമീപമുള്ള നെയ്കുപ്പയില്‍ വെച്ച് കാട്ടാനയുടെ ആക്രമണത്തില്‍ മറ്റൊരു ആദിവാസി സ്ത്രീ മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസിനു മുന്നിലെത്തിയ കാട്ടുകൊമ്പന്‍ 'പടയപ്പ' ഇന്നലെ പഴം പച്ചക്കറിക്കട തകര്‍ത്തു. മൂന്നാര്‍ ജിഎച്ച് റോഡില്‍ പെരുമ്പാവൂര്‍ ചെറുകുന്നം സ്വദേശി എം.സി.ഔസേപ്പ് നടത്തുന്ന കടയുടെ മുന്‍വശം തകര്‍ത്ത കാട്ടാന 6 പഴുത്ത വാഴക്കുലകളും ആപ്പിള്‍, മുന്തിരി, മാതളം എന്നിവയും തിന്നുതീര്‍ത്ത ശേഷം 25 കിലോഗ്രാം പച്ചക്കറിയും അകത്താക്കി. 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കട തകര്‍ന്നതിന്റെ നഷ്ടം വേറെ. ഇത് ആറാം തവണയാണ് ഔസേപ്പിന്റെ കട തേടി പടയപ്പ എത്തുന്നത്.
ഓരോ തവണയും കട തകര്‍ത്ത് പഴവും പച്ചക്കറിയും അകത്താക്കിയശേഷം നീട്ടിയൊന്ന് ചിന്നം വിളിച്ച് തിരികെ കാടുകയറുന്നതാണു പതിവ്. പുലര്‍ച്ചെ നാലിനായിരുന്നു ഇന്നലത്തെ വരവ്. ദേവികുളത്തുനിന്ന് വനംവകുപ്പിന്റെ ദ്രുതപ്രതികരണസേനയെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തിരിച്ചയച്ചത്.
2020ലാണ് ആന ആദ്യമായി ഈ കട നശിപ്പിച്ചത്. ഇതുവരെ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടമാണ് ഔസേപ്പിനുണ്ടായത്. വനംവകുപ്പില്‍ നിന്ന് ആകെ ലഭിച്ച നഷ്ടപരിഹാരം 50,000 രൂപയും. മൂന്നാര്‍ മേഖലയില്‍ 'പടയപ്പ' എന്ന പേരില്‍ അറിയപ്പെടുന്ന കൊമ്പന്‍ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ ഗ്ലാസ് അടിച്ചു തകര്‍ത്തു. ഇന്നലെ ഉച്ചക്കഴിഞ്ഞ് മൂന്നു മണിക്ക് മൂന്നാര്‍ മറയൂര്‍ പാതയിലെ ഡിവൈ.എസ്.പി. ക്യാമ്പ് സെന്ററിനു സമീപത്തു വെച്ചാണ് അമ്പതിലധികം യാത്രക്കാരുമായി വന്ന ബസിന് നേരെ ആനയുടെ ആക്രമണമുണ്ടായത്.
ഉദുമല്‍പ്പേട്ടയില്‍ നിന്ന് വന്ന ബസാണ് 'പടയപ്പ' ആക്രമിച്ചത്. കൊടുംവളവ് തിരിഞ്ഞപ്പോള്‍ ആന തൊട്ടുമുന്നില്‍ നില്‍ക്കുകയായിരുന്നു. മൂന്നാറിലേക്കു പോയ കെഎസ്ആര്‍ടിസി ബസിന്റെ വഴി മുടക്കി കാട്ടുകൊമ്പന്‍ പടയപ്പ. ബസിന് നേരെ വന്ന പടയപ്പയുടെ കൊമ്പുരഞ്ഞ് ബസിന്റെ ചില്ല് തകര്‍ന്നു. മൂന്നാര്‍ ഉടുമലപ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ മൂന്നാറിലെ ഡിവൈ.എസ്.പി ഓഫീസിനു സമീപത്തായി വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.
ബസിനു മുന്നിലെത്തിയ ആന മുമ്പിലെ ഗ്ലാസില്‍ തുമ്പിക്കൈ ഉപയോഗിച്ച് അമര്‍ത്തുകയായിരുന്നു. കൊമ്പുരഞ്ഞ് ബസിന്റെ ഗ്ലാസ് തകര്‍ന്ന നിലയിലാണ്. ആന അല്പം വഴിമാറിയതോടെ ഡ്രൈവര്‍ ബാബുരാഡ് ബസ് വെട്ടിച്ച് മുന്നോട്ട് എടുത്തു. ആന വശത്തേക്കു മാറിയയുടന്‍ ബസുമായി ഡ്രൈവര്‍ മുന്നോട്ടെടുത്തത് കൊണ്ട് കൂടുതല്‍ അപകടമുണ്ടായില്ല. ആന വരുന്നത് കണ്ട് യാത്രക്കാര്‍ പേടിച്ചെങ്കിലും ഡ്രൈവര്‍ മനസാനിധ്യം കൈവിടാതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.
മറ്റു വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസം സൃഷ്ടിച്ച് ഏറെ നേരം പടയപ്പ റോഡില്‍ നിലയുറപ്പിച്ചു. ബസിന് പിന്നാലെ ഓടിച്ചെല്ലാനും ആന ശ്രമം നടത്തി. ഏറെ നേരം യാത്രക്കാരെ പരിഭാന്ത്രിയിലാക്കി റോഡിന് സമീപത്ത് നിലയുറപ്പിച്ച പടയപ്പ കാട്ടിലേക്ക് മടങ്ങിയതോടെയാണ് മൂന്നാര്‍ ഉടുമലപ്പേട്ട അന്തര്‍ സംസ്ഥാന പാതയിലെ ഗതാഗതം പുനരാരംഭിച്ചത്. എന്തായാലും കെഎസ്ആര്‍ടെസി ഡ്രൈവറുടെ ധൈര്യം അപാരം ആണെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.
അടുത്തിടെ ആനത്താരയിലൂടെ എത്തിയ ട്രാക്ടര്‍ പടയപ്പ തട്ടിത്തെറിപ്പിച്ചിരുന്നു. ഒരാഴ്ച മുന്നെയാണ് സംഭവം. കൊളുന്തുമായി എത്തിയ ട്രാക്ടറുടെ മുമ്പിലാണ് പടയപ്പ എത്തിയത്. ആനത്താരയിലൂടെ എത്തിയ ട്രാക്ടര്‍ തടഞ്ഞുനിര്‍ത്തിയതോടെ ഡ്രൈവര്‍ സെല്‍വവും തൊഴിലാളികളും ഓടി രക്ഷപ്പെട്ടു. കലിമൂത്ത പടയപ്പ കൊളുന്തടക്കമുള്ള വാഹനം സമീപത്തെ കാട്ടിലേക്ക് കുത്തിമലത്തിയിട്ടു.
50 അടിയോളം താഴ്ചയിലേക്ക് മറിച്ചിട്ടശേഷം മണിക്കൂറുകളോളം നിലയുറപ്പിച്ച ആനയെ തൊഴിലാളികള്‍ ശബ്ദണ്ടാക്കി മാറ്റിയശേഷമാണ് എസ്റ്റേറ്റ് ഓഫീസിലെത്തിയത്. ലോക്ക്ഡൗണ്‍ സമയത്ത് മൂന്നാര്‍ ടൗണില്‍ എത്തിയ കാട്ടാന വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഉള്‍ക്കാട്ടിലേക്ക് പോകാന്‍ തയ്യറായിട്ടില്ല. ആദ്യകാലങ്ങളില്‍ ട്രാക്ടര്‍ പടയപ്പയ്ക്ക് ഭയമായിരുന്നെങ്കിലും ജനവാസമേഘലയില്‍ തമ്പടിച്ചതോടെ ഭയം ഇല്ലാതായി. പ്രായാധിക്യം മൂലം കാട്ടില്‍ പോയി ആഹാരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജനവാസമേഖലയിലാണ് പടയപ്പ ഇപ്പോള്‍ തമ്പടിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha