മദ്യപിച്ച ശേഷം പുറത്തേയ്ക്ക് എത്തിയ സംഘങ്ങൾ തമ്മിൽ ബാറിനു മുന്നിൽ ഏറ്റുമുട്ടുലും കയ്യാങ്കളിയും; നെഞ്ചിലും തലയിലും ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം; വാകത്താനം ഞാലിയാകുഴിയിലെ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ച സംഭവത്തിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിലായി

ഞാലിയാകുഴി ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. വാകത്താനം പന്ത്രണ്ടാംകുഴി പനച്ചിമൂട്ടിൽ ജോയൽ (23), തൃക്കോതമംഗലം കളരിക്കൽ അഭിലാഷ് കുട്ടപ്പൻ (23) എന്നിവരെയാണ് വാകത്താനം സി.ഐയുടെ ചുമതല വഹിക്കുന്ന കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഋഷികേശൻ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ വാകത്താനം തൃക്കോതമംഗലം കളരിക്കൽ അഭിജിത്ത് രാജു (26), തൃക്കോതമംഗലം പറയകുളം അനൂപ് ബാബു (24) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഞാലിയാകുഴിയിലെ ബാറിനുമുന്നിലുണ്ടായ സംഘർഷത്തിൽ പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഇലക്ട്രീഷ്യനായ പാത്താമുട്ടം കുഴിയാത്ത് ജിനു വർഗീസാണ് (40) മരിച്ചത്. ബാറിനു മുന്നിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.
ഈ സംഘർഷത്തിലാണ് ജിനുവിന് മർദനമേറ്റത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മദ്യപിച്ച ശേഷം പുറത്തേയ്ക്ക് എത്തിയ സംഘങ്ങൾ തമ്മിൽ ബാറിനു മുന്നിൽ ഏറ്റുമുട്ടുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ആദ്യം പുറത്തിറങ്ങിയ ശേഷം ഇരുസംഘങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന്, ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ ഒരു സംഘം പിടിച്ചു തള്ളിയ ജിനു നിലത്തു വീഴുകയായിരുന്നു.
ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ചേർന്ന് ജിനുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. നെഞ്ചിലും, തലയിലും ജിനുവിന് ചതവേറ്റിട്ടുണ്ടായിട്ടുണ്ട്. ഇതാണ് മരണകാരണമെന്നു സംശയിക്കുന്നു. ചങ്ങനാശേരി ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. തുടർന്നു രണ്ടു പ്രതികളെ ആദ്യം കസ്റ്റഡിയിൽ എടുത്തു.
തുടർന്ന്, ഇരുവരെയും ചോദ്യം ചെയ്‌തോടെയാണ് കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തിയത്. മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയും വാദിയും തമ്മിൽ മുൻവൈരാഗ്യമില്ലെന്നതും പൊലീസ് കണക്കാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha