പണിപറ്റിച്ചത് സിസിടിവി... പാലക്കാട് ജില്ലയിലെ ഒലവക്കോട് ഇന്ന് പുലര്‍ച്ചെ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു; ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം; സംഭവത്തില്‍ ആലത്തൂര്‍, പല്ലശ്ശന, കൊല്ലങ്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണമുണ്ടായിരിക്കുകയാണ്. ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. പാലക്കാട് ജില്ലയിലെ ഒലവക്കോട് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് എന്ന ഇരുപത്തേഴുകാരനാണ് മരിച്ചത്. സംഭവത്തില്‍ ആലത്തൂര്‍, പല്ലശ്ശന, കൊല്ലങ്കോട് സ്വദേശികളായ മൂന്ന് യുവാക്കളെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കുള്ളതായാണ് സൂചന.
അര്‍ദ്ധ രാത്രിയില്‍ നടന്ന സംഭവം രാവിലെയോടെയാണ് കേരളമറിഞ്ഞത്. ബാര്‍ ഹോട്ടലിന് സമീപം വച്ചിരുന്ന ബൈക്ക് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഒരുസംഘം യുവാക്കള്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍ ഒരാള്‍ ബൈക്കുമായി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റഫീഖിനെ പിടികൂടുന്നതും മര്‍ദ്ദിക്കുന്നതും. വിവരമറിഞ്ഞ് പൊലീസെത്തി റഫീഖിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ളവര്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. ഒരാളുടെ ബൈക്ക് നഷ്ടപ്പെട്ടതോടെയാണ് സംഭവത്തിന് തുടക്കം. പോലീസിനെ അറിയിക്കുന്നതിന് മുമ്പ് ബാറിലെ ജീവനക്കാരോട് കാര്യം പറഞ്ഞു. ബാറില്‍ സിസിടിവി ഉണ്ടായിരുന്നതിനാല്‍ അത് പരിശോധിക്കാമെന്നായി. ഉടന്‍ തന്നെ സിസിടിവി പരിശോധിച്ചു. അപ്പോഴാണ് മങ്ങിയ വെളിച്ചത്തില്‍ ഒരാള്‍ ബൈക്കുമായി പോകുന്നത് കണ്ടത്. അതോടെ യുവാക്കള്‍ പോലീസിന്റെ റോള്‍ ഏറ്റെടുത്തു.
പല വാഹനങ്ങളിലായി സിസിടിവിയില്‍ കണ്ട യുവാവിനെത്തപ്പിയിറങ്ങി. അങ്ങനെയാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ കണ്ടെത്തിയതോടെ വലിയ ആക്രമണം തുടരുകയായിരുന്നു. തനിക്കൊന്നുമറിയില്ല എന്ന് യുവാവ് കരഞ്ഞ് പറഞ്ഞിട്ടും കേട്ടില്ല. എല്ലാവരും കൈവച്ചതോടെ യുവാവ് വീണുപോയി. പിന്നീട് വിവരമറിഞ്ഞ് പോലീസ് എത്തിയതോടെ സംഭവം മാറി. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.
എന്നാല്‍ പ്രദേശത്തെ ക്ഷേത്രോല്‍സവം കഴിഞ്ഞ് മടങ്ങിയ സംഘമാണ് യുവാവിനെ ആക്രമിച്ചത് എന്നാണ് വിവരം. റഫീഖിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.
കേരളത്തില്‍ പലതരം ആള്‍ക്കൂട്ട ആക്രമണങ്ങളാണ് കണ്ടത്. ഇതിനെതിരെ സര്‍ക്കാരും ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണവും സദാചാര പൊലീസിങ്ങും നടത്തുന്നവരെ കുടുക്കാന്‍ 'കേരള പ്രൊട്ടക്ഷന്‍ ഫ്രം ലിഞ്ചിങ് ബില്‍' വരുന്നു. കരട് നിയമ, ആഭ്യന്തര വകുപ്പുകളുടെ പരിശോധനയിലാണ് ബില്‍. കടുത്ത ശിക്ഷാ നടപടികളും ഉണ്ട്. വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി, ഇരയ്ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം, റിലീഫ് ക്യാമ്പ് ആരംഭിക്കണം തുടങ്ങിയവയാണ് പ്രധാനം.
ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ കമീഷനാണ് ബില്‍ തയ്യാറാക്കിയത്. ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മതം, ജാതി, വര്‍ഗം, ലിംഗം, വംശീയത, പ്രദേശം, മിശ്രവിവാഹം, ഭാഷ, ഭക്ഷണം, ലൈംഗിക സദാചാരം തുടങ്ങിയവയുടെ പേരില്‍ രണ്ടോ അതിലധികമോ പേര്‍ നടത്തുന്ന അക്രമം ഇതില്‍പ്പെടും. ഒപ്പം വിദ്വേഷ പ്രസംഗം, പ്രകോപനപരമായ പ്രസ്താവന, വ്യാജ വാര്‍ത്ത എന്നിവയും പരിധിയില്‍ വരും. ഒരു പൊലീസ് ഐജിയെ സ്‌റ്റേറ്റ് നോഡല്‍ ഓഫീസറായി നിയോഗിക്കണം. ജില്ലാ നോഡല്‍ ഓഫീസര്‍ ഡിവൈഎസ്പിയാണ്. എല്ലാ സ്‌റ്റേഷനിലും ഒരു പൊലീസ് ഓഫീസര്‍ക്ക് ചുമതല നല്‍കും.
https://www.facebook.com/Malayalivartha