സിസ്റ്റര്‍ അമല വധം: പ്രതി ഹരിദ്വാറില്‍ അറസ്റ്റില്‍

പാലാ ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കാസര്‍കോട് മുന്നാട് കുറ്റിക്കോല്‍ മെഴുവാതട്ടുങ്കല്‍ വീട്ടില്‍ സതീഷ് ബാബുവിനെ (സതീഷ് നായര്‍- 38) ഹരിദ്വാറില്‍ വച്ച് അറസ്റ്റുചെയ്തു. ഹരിദ്വാറിലെ അയ്യപ്പ ട്രസ്റ്റിനു കീഴിലുള്ള അതിഥി മന്ദിരത്തില്‍ ഒളിച്ചു കഴിയുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തിയ അന്വേഷണ സംഘം നല്‍കിയ വിവരം അനുസരിച്ചു ബുധനാഴ്ച രാത്രി 11 മണിയോടെ ഹരിദ്വാര്‍ പൊലീസ് എത്തി പിടികൂടുകയായിരുന്നു.
ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തിനു സമീപമുള്ള അതിഥി മന്ദിരത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണു സതീഷ് എത്തിയത്. ഗംഗയില്‍ കുളിക്കാനായി ഇറങ്ങിയപ്പോള്‍ തന്റെ പഴ്‌സും തിരിച്ചറിയല്‍ കാര്‍ഡും ഫോണും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കവര്‍ച്ച ചെയ്യപ്പെട്ടെന്നും അഭയം തരണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ അതിഥി മന്ദിരത്തിലെത്തിയതെന്നു ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡും മറ്റും ഇല്ലാത്തതിനാല്‍ മുറി അനുവദിക്കുന്നതില്‍ ബുദ്ധിമുട്ട് അറിയിച്ചു. ഇതേത്തുടര്‍ന്ന് അതിഥി മന്ദിരത്തില്‍ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി അനുകമ്പ തോന്നി സ്വന്തം മുറിയില്‍ സതീഷിനെ പാര്‍പ്പിക്കുകയായിരുന്നു.
സതീഷ് ഹരിദ്വാറിലുള്ള വിവരം ബന്ധുക്കളെ അറിയിക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എല്ലാനമ്പരുകളും നഷ്ടപ്പെട്ട ഫോണിലാണെന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നും സതീഷ് പറഞ്ഞു. എന്നാല്‍ തന്റെ സഹോദരന്‍ കാസര്‍കോട് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനാണെന്നും മൂന്നു വര്‍ഷമായി അവിടെ ജോലി ചെയ്യുന്നുണ്ടെന്നും സതീഷ് പറഞ്ഞു.അതനുസരിച്ച് ക്ഷേത്രം മാനേജര്‍ വിഷ്ണു നമ്പൂതിരി സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി സഹോദരന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. എന്നാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ കോളുകള്‍ എടുത്തില്ല. ഇതേ തുടര്‍ന്ന് \'നിങ്ങളുടെ സഹോദരന്‍ ഹരിദ്വാറിലുണ്ട്\' എന്ന സന്ദേശം ഫോണിലേക്ക് അയച്ചു. സതീഷിന്റെ ബന്ധുക്കളുടെ ഫോണുകള്‍ സൈബര്‍ സെല്ലിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. ഈ സന്ദേശമാണു പൊലീസിനു പിടിവള്ളിയായത്.
തുടര്‍ന്നു സന്ദേശം അയച്ച ഫോണിന്റെ ഉടമയുമായി ബന്ധപ്പെട്ട് സതീഷിന്റെ ഒളിത്താവളം കണ്ടെത്തി. കേരള പൊലീസ് ഇവിടെനിന്നും സതീഷിന്റെ ചിത്രങ്ങള്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക്്് അയച്ചുകൊടുത്തു. അവര്‍ അത്്് തിരിച്ചറിഞ്ഞു. പകല്‍ മുഴുവന്‍ അതിഥി മന്ദിരത്തില്‍ പ്രതിയെ നിരീക്ഷിച്ചു കഴിഞ്ഞ പൊലീസ് രാത്രി 11 മണിയ്ക്ക്്് സതീഷ് ഭക്ഷണം കഴിക്കാനൊരുങ്ങവേയാണ് അറസ്റ്റ് ചെയ്തത്. സതീഷിനെ പിടികൂടിയ വിവരം ലഭിച്ചതിനെ തുടര്‍ന്നു പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഹരിദ്വാറിലേക്കു വിമാന മാര്‍ഗം പുറപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിലെ കോടതിയില്‍ ഹാജരാക്കി കൈമാറ്റത്തിന് ഉത്തരവു ലഭിച്ചെങ്കില്‍ മാത്രമേ കേരളത്തിലേക്കു പ്രതിയെ കൊണ്ടുപോകാന്‍ കഴിയൂവെന്നാണു സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























