ജോലി സമ്മര്‍ദം കാരണം അരീക്കോട് എം.എസ്.പി. ക്യാമ്പില്‍നിന്ന് കാണാതായ പോലീസുകാരനെ കണ്ടെത്തി! സ്‌പെഷ്യല്‍ ഓപ്പറേറ്റിങ് ഗ്രൂപ്പിലെ പോലീസുകാരനായ വടകര സ്വദേശി പി.കെ. മുബഷീർ ഹാജരായത് ഭാര്യയ്‌ക്കൊപ്പം

ജോലി സമ്മര്‍ദം കാരണം അരീക്കോട് എം.എസ്.പി. ക്യാമ്പില്‍നിന്ന് കാണാതായ പോലീസുകാരനെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. സ്‌പെഷ്യല്‍ ഓപ്പറേറ്റിങ് ഗ്രൂപ്പിലെ പോലീസുകാരനായ വടകര സ്വദേശി പി.കെ. മുബഷീറിനെ(29)യാണ് ഞായറാഴ്ച കണ്ടെത്തിയത്. ക്യാമ്പില്‍നിന്ന് പോയ മുബഷീര്‍, വടകരയിലെ വീട്ടിലുണ്ടായിരുന്നു എന്നാണ് പോലീസ് നല്‍കുന്നവിവരം. ഞായറാഴ്ച രാവിലെ ഭാര്യയോടൊപ്പം അരീക്കോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ഉച്ചയോടെ മഞ്ചേരി കോടതിയില്‍ ഹാജരാക്കും. അരീക്കോട് സ്‌റ്റേഷനില്‍ എത്തിയപ്പോഴും ഇനി ജോലിയില്‍ തുടരാനാകില്ലെന്ന് പറഞ്ഞ് യുവാവ് കരഞ്ഞതായും പോലീസുകാര്‍ പറഞ്ഞു. മുബഷീറിനെ കാണാനില്ലെന്ന് അരീക്കോട് എം.എസ്.പി. ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് അരീക്കോട് പോലീസിലും ഭാര്യ ഷാഹിന ബത്തേരി പോലീസിലും പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ചയാണ് മുബഷീറിനെ ക്യാമ്പില്‍നിന്ന് കാണാതായത്. ഇതിനുപിന്നാലെ മുബഷീറിന്റെ പേരിലെഴുതിയ കത്തും പുറത്തുവന്നിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനം സഹിച്ച് ഇനിയും ക്യാമ്പില്‍ തുടരാനാകില്ലെന്നാണ് കത്തിലുണ്ടായിരുന്നത്. മെസ്സില്‍ കട്ടന്‍ചായ നിര്‍ത്തലാക്കിയത് ചോദ്യംചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും കത്തിലുണ്ടായിരുന്നു. ഈ വിഷയത്തിന്റെ പേരില്‍ ക്യാമ്പില്‍ ദ്രോഹിച്ചതായും പാലക്കാട് ക്യാമ്പിലേക്ക് സ്ഥലം മാറ്റിയതായും കത്തില്‍ ആരോപിക്കുന്നുണ്ട്. മാത്രമല്ല, കാനഡയിലായിരുന്ന ഭാര്യ രണ്ടാഴ്ചത്തെ അവധിക്ക് നാട്ടിലെത്തിയിട്ടും തന്നോടുള്ള പക കാരണം ഭാര്യയെ കാണാന്‍ ഒരുദിവസത്തെ അവധി പോലും അനുവദിച്ചില്ലെന്നും കത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha