'ജീവിതത്തിലും പാര്‍ട്ടിയിലും കാര്‍ക്കശ്യ സ്വഭാവം, വരുത്തിയത് തീരാ നഷ്ടങ്ങള്‍'; വിഎസിന്റെ വിശ്വസ്ത വിട വാങ്ങുമ്പോള്‍ സിപിഎമ്മിന് നഷ്ടമാകുന്നത് അടിയുറച്ച പാര്‍ട്ടിക്കാരിയെ

നിരവധി വിവാദങ്ങളും പരാജയങ്ങളും നീന്തിക്കടന്ന രാഷ്ട്രീയ പാരമ്പര്യമാണ് എംസി ജോസഫൈന്റേത്. വിട്ടു വീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകളാണ് ജോസഫൈനെ 2017ല്‍ വനിതാ കമ്മീഷന്റെ അധ്യക്ഷയാക്കിയത്. എന്നാല്‍ അവരുടെ കാര്‍ക്കശ്യ സ്വഭാവം അവരുടെ രാഷ്ട്രീയ ജീവിതത്തിന് പുറമെ വ്യക്തി ജീവിതത്തിലും വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയത്.
ഇപ്പോള്‍ രാഷ്ട്രീയ കേരളം ജോസഫൈന് വിട പറയുമ്പോള്‍.. അവരെ പടിയിറക്കിയ ചില വിവാദങ്ങളിലൂടെ നമുക്കൊന്ന് യാത്രചെയ്യാം..
വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ പി ശശിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തക ലൈംഗിക അതിക്രമ പരാതി നല്‍കിയപ്പോള്‍ പ്രതിയെ സംരക്ഷിക്കുന്ന മറുപടി നല്‍കിയത് ഏറെ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. മാത്രമല്ല പാര്‍ട്ടിക്ക് വേണ്ടി എന്ത് തോന്നിവാസവും പറയും എന്നുള്ള തരത്തിലും ജോസഫൈനെ അക്കാലത്ത് ചിത്രീകരിച്ചിരുന്നു. അതിനിടെ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ പീഡന പരാതി ഉയര്‍ന്നപ്പോള്‍ അതിലൊന്നും ഇടപെടാനാവില്ലെന്നായിരുന്നു അവര്‍ നിലപാടെടുത്തിരുന്നത്.
വനിതാ കമ്മീഷന്‍ അധ്യക്ഷ എന്നാല്‍ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന വ്യക്തി എന്നിരിക്കെ സ്ത്രീകളുടെ പല പരാതികളിലും അവര്‍ സ്വന്തം താല്‍പര്യങ്ങളും ഇഷ്ടങ്ങളും അടിച്ചേല്‍പിക്കാനാണ് ശ്രമിച്ചത്. അതില്‍ ഏറ്റവും ശ്രദ്ദേയമായത്, ഒരു ചാനല്‍ സംഘടപ്പിച്ച പ്രത്യേക പരിപാടിയ്ക്കിടെ എറണാകുളം സ്വദേശിനിയായ യുവതിയോട് എം.സി ജോസഫൈന്‍ സംസാരിച്ച വിധമാണ്.
'എന്നാല്‍ അനുഭവിച്ചോ' എന്ന ആ ഒരു വാചകം അവരുടെ വനിതാ കമ്മീഷന്‍ അധ്യക്ഷ പദവി തന്നെ തെറിപ്പിച്ചു. അതിനിടെ പ്രായമായ ഒരമ്മയുടെ പരാതിയുമായി ഒരാള്‍ ജോസഫൈനെ സമീപിച്ചപ്പോള്‍ അവിടെ വന്ന് പരാതി സ്വീകരിക്കാനൊന്നും കഴിയില്ല വേണമെങ്കില്‍ ആ അമ്മയെ ഓഫീസിലേക്ക് എത്തിക്ക് എന്ന് പറഞ്ഞ് നിഷ്‌കരുണം ഒഴിവാക്കി വിടുകയാണ് ചെയ്തത്.
മാത്രമല്ല കോണ്‍ഗ്രസ് നേതാവായ രമ്യ ഹരിദാസിനെതിരെ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന്‍ ചില സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് രമ്യയുടെ പരാതിയില്‍ ഒരന്വേഷണവും നടത്താന്‍ ജോസഫൈന്‍ തയ്യാറായിരുന്നില്ല എന്നത് കേരളക്കര കണ്ട കാര്യമാണ്.
ഇത്തരത്തിലുള്ള നിരവധി നിരവധി പഴികളാണ് കഴിഞ്ഞ നാല് വര്‍ഷത്തിവുള്ളില്‍ എംസി ജോസഫൈനെ തേടിയെത്തിയിരുന്നത്. സ്ഥാനത്ത് നിന്ന് വിരമിക്കാന്‍ വെറും ഒമ്പത് മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് വിമര്‍ശനങ്ങളില്‍ മനംമടുത്ത് ജോസഫൈന്‍ രാജിവെച്ചത്. അധ്യക്ഷ പദവിയുടെ അവസാന നാളുകളില്‍ പാര്‍ട്ടിപോലും അവരെ കൈവിട്ട അവസ്ഥയുണ്ടായി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീം മാത്രമാണ് രാജിവെക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്.
മഹിളാ പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തി ജോസഫൈന്‍ അച്യുതാനന്ദന്‍ വിഭാഗത്തിലെ ഒരു ഉരുക്ക് വനിത തന്നെയായിരുന്നു. പാര്‍ട്ടി വിഭാഗീയതയുടെ പേരില്‍ പല തവണ സ്ഥാനാര്‍ത്ഥിയാകാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടും പാര്‍ട്ടിക്ക് വേണ്ടി അടിയുറച്ച് നിന്നു.
എന്തായാലും ജോസഫൈന്ഡറെ വിയോഗം സിപിഎമ്മിന് തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ സമുന്നത നേതാവ് എം.സി. ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വിഷമം ഉണ്ടാക്കുന്നു എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ജനങ്ങള്‍ക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ച നേതാവാണ് ജോസഫൈന്‍ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
1948 ആഗസ്ത് മൂന്നിനാണ് മുരിക്കുംപാടം മാപ്പിളശേരി ചവര - മഗ്ദലേന ദമ്പതികളുടെ മകളായി എം സി ജോസഫൈന്‍ ജനിച്ചത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തന രംഗത്തും ഇവര്‍ താല്‍പര്യം കാണിച്ചിരുന്നു. അങ്ങനെയിരിക്കെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റായും വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണായും അവര്‍ സേവനമനുഷ്ഠിച്ചിരുന്നു.
1978ലാണ് ജോസഫൈന്‍ സിപിഎമ്മില്‍ അംഗത്വം സ്വീകരിച്ചത്. 1984ല്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും 1987ല്‍ സംസ്ഥാന കമ്മിറ്റി അംഗവുമായി. 1996ല്‍ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. പിന്നീട് 2002 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.
നിരവധി തവണ തെരഞ്ഞെടുപ്പ് മുഖത്തും ജോസഫൈന്‍ ഉണ്ടായിരുന്നു. 1987ല്‍ അങ്കമാലിയില്‍ നിന്നും 2011 ല്‍ മട്ടാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു. കൂടാതെ 1989ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു. 13 വര്‍ഷം അങ്കമാലി നഗരസഭാ കൗണ്‍സിലറായിരുന്നു.
https://www.facebook.com/Malayalivartha

























