20 കോടിയുടെ ഹാഷിഷ് കടത്ത് കേസ്: രാജാക്കാട് സണ്ണിയെയും 2 കൂട്ടാളികളെയും 19 ന് കോടതി നേരിട്ടു ചോദ്യം ചെയ്യും ,19 ന് ജയില്‍ സൂപ്രണ്ട് പ്രതികളെ ഹാജരാക്കണം, പ്രോസിക്യൂഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയായി, വിചാരണയില്‍ കോടതി മുമ്പാകെ വന്ന പ്രതികളെ കുറ്റപ്പെടുത്തുന്ന 19 സാക്ഷി മൊഴികളും 41 രേഖകളും വച്ച് കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് സെഷന്‍സ് കോടതി പ്രതികളെ ചോദ്യം ചെയ്യുന്നത്, വിചാരണ തീരാതെ പ്രതികള്‍ പുറം ലോകം കാണണ്ടന്ന് കോടതി

തലസ്ഥാനത്ത് വെച്ച് 20 കോടി രൂപ വിലവരുന്ന 10 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ അന്തര്‍ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരനായ രാജാക്കാട് സണ്ണിയെയും 2 കൂട്ടാളികളെയും ഏപ്രില്‍ 19 ന് തിരുവനന്തപുരം ഒന്നാം അഡീ. സെഷന്‍സ് കോടതി നേരിട്ടു ചോദ്യം ചെയ്യും.
19 ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പ്രതികളെ ഹാജരാക്കാന്‍ വിചാരണ കോടതി ജഡ്ജി മിനി. എസ്. ദാസ് ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കോടതി പ്രതികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുന്നത്. വിചാരണയില്‍ പ്രതികള്‍ക്കെതിരെ കോടതി മുമ്പാകെ വന്ന പ്രതികളെ കുറ്റപ്പെടുത്തുന്ന 19 സാക്ഷിമൊഴികളും തെളിവില്‍ സ്വീകരിച്ചു 41 രേഖകളും വച്ച് കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്.
അന്തര്‍ സംസ്ഥാന ലഹരി കടത്തുസംഘത്തിലെ പ്രധാനികളായ ഇടുക്കി രാജാക്കാട് സ്വദേശികളായ രാജാക്കാട് സണ്ണിയെന്നും സണ്ണി മാത്യുവെന്നും അറിയപ്പെടുന്ന സണ്ണി ജോസഫ് (39) , സൈബു തങ്കച്ചന്‍ (27) , അജി ശ്രീധരന്‍ (40) എന്നിവരാണ് കേസിലെ ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍.
വിചാരണ തീരാതെ പ്രതികള്‍ പുറം ലോകം കാണണ്ടെന്ന് നിരീക്ഷിച്ച് കോടതി മൂവരുടെയും ജാമ്യഹര്‍ജികള്‍ 2020 ജൂണ്‍ 4 ന് തള്ളുകയും പ്രതികള്‍ തടവറക്കുള്ളില്‍ കഴിഞ്ഞ് വിചാരണ നേരിടാന്‍ ഉത്തരവിടുകയുമായിരുന്നു. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമത്തിലെ വകുപ്പുകളായ 29 ബി (ശശ) (സി), 29 എന്നിവ ചുമത്തിയുള്ള കുറ്റപത്രമാണ് വിചാരണക്ക് മുന്നോടിയായി കോടതി പ്രതികള്‍ക്ക് നല്‍കിയത്.
പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകള്‍ കോടതി മുമ്പാകെ ഉള്ളതായി കുറ്റം ചുമത്തിയ ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. കുറ്റ സ്ഥാപനത്തില്‍ രണ്ടു വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാല്‍ കേസ് റെക്കോര്‍ഡുകള്‍ പരിശോധിച്ച് കോടതി സ്വമേധയാലാണ് കുറ്റപത്രം തയ്യാറാക്കിയത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരമാണ് കോടതി കുറ്റം ചുമത്തിയത്.
വന്‍ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ട പ്രതികളെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി മൊഴി തിരുത്തിക്കാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാല്‍ വിചാരണ അട്ടിമറിക്കപ്പെടും. കൂടാതെ വിചാരണക്ക് പ്രതികളെ പ്രതിക്കൂട്ടില്‍ ലഭ്യമാകാത്ത അവസ്ഥ സംജാതമാകും. ഈ സാഹചര്യത്തില്‍ പ്രതികള്‍ കല്‍തുറുങ്കിനുള്ളില്‍ കഴിഞ്ഞ് വിചാരണ നേരിടാനും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു.
2018 നവംബര്‍ 7 നാണ് കേസിനാസ്പദമായ വന്‍ ലഹരിമരുന്ന് കടത്ത് നടന്നത്. വിമാനത്താവളം വഴി കടത്താനായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. രാജ്യാന്തര വിമാനത്താവളത്തിലൂടെ ശ്രീലങ്ക , മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് കടത്താനായാണ് ഹാഷിഷ്ല്‍ ഓയില്‍ കടത്തിക്കൊണ്ടു വന്നത്.കടത്താന്‍ ഉപയോഗിച്ച സൈബു തങ്കച്ചന്റെ കാറും സിറ്റി പോലീസ് പിടികൂടിയിരുന്നു. സണ്ണി ശാന്തന്‍പാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലക്കേസ് പ്രതിയാണ്.
സണ്ണി രാജാക്കാട് വനമേഖലയില്‍ മാസങ്ങള്‍ താമസിച്ച് കഞ്ചാവ് നട്ടു വളര്‍ത്തി കച്ചവടം നടത്തി വരുന്ന ആളാണ്. ഇരുപത് കിലോയോളം കഞ്ചാവ് സംസ്‌ക്കരിച്ചാണ് ഒരു കിലോ ഹാഷിഷ് ഓയില്‍ യന്ത്ര സംവിധാനത്താല്‍ ഫാക്ടറിയില്‍ ഉണ്ടാക്കുന്നത്. വിദേശത്ത് കയറ്റി അയക്കുന്ന പ്രധാന സാധനങ്ങളുടെ കുപ്പികളിലാണ് മയക്കുമരുന്ന് കടത്തുന്നത്.
"
https://www.facebook.com/Malayalivartha























