കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്

നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കെ.സി. വേണുഗോപാലിനായി തിരുവനന്തപുരത്തും ഫ്‌ലക്‌സ്. കെ.സിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാവശ്യപ്പെട്ടുള്ള ഫ്‌ലക്‌സ് ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കുഞ്ഞൂഞ്ഞിന് ശേഷം കെ.സി എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്. ഡി.സി.സി ഓഫീസിന് മുന്നിലും പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപവും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ പാലക്കാടും ഫ്‌ലക്‌സ് ഉയര്‍ന്നിരുന്നു.
അതേസമയം യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ഉടന്‍ തീരുമാനിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസിന് ഒട്ടും ബുദ്ധിമുട്ടുണ്ടാവില്ല. കൂടിയാലോചിച്ച് തീരുമാനിക്കും. പാര്‍ട്ടി നേതൃത്വത്തിന്റെ ഏതു തീരുമാനവും അംഗീകരിക്കുന്ന പ്രവര്‍ത്തകനാണ് താന്‍. പാര്‍ട്ടിയുടെ നിലപാട് എന്തായാലും അതിനൊപ്പം നില്‍ക്കും. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിപ്പിച്ച് കേരളം കൈയടക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് തെളിയിക്കുന്ന യഥാര്‍ത്ഥ കേരള സ്‌റ്റോറിയാണ് തിരഞ്ഞെടുപ്പുഫലം.
പത്തു വര്‍ഷത്തെ എല്‍.ഡി.എഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണിത്. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരും ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്തു. യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്ന ജനവിധിയാണിത്. സി.പി.എമ്മിലെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട നേതാക്കളെ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള തീരുമാനവും ഈ വന്‍വിജയത്തിന് സഹായിച്ചുവെന്നും വേണുഗോപാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























