രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം

പാലക്കാട് മണ്ഡലത്തില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടനുമായ രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം. ഏകദേശം 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടി വിജയം സ്വന്തമാക്കിയത്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന്‍ 42,880 വോട്ടുകളും നേടി. എല്‍ഡിഎഫ് സ്വതന്ത്രമായി മത്സരിച്ച എന്‍ എം ആര്‍ റസാഖിന് 27,227 വോട്ടുകളേ നേടാനായുള്ളൂ.
കേരളത്തിലെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേര്‍ത്തുനിര്‍ത്തിയതിന് നന്ദിയെന്നാണ് പിഷാരടി കുറിച്ചത്. ''നന്ദി... കേരളത്തിന്റെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേര്‍ത്തുനിര്‍ത്തിയതിന്. വിശ്വസിച്ച നേതൃത്വത്തിന്, ഒപ്പം നിന്ന പ്രവര്‍ത്തകര്‍ക്ക്. ഈ വിജയത്തിനായി സ്‌നേഹാശംസകള്‍ അറിയിച്ച, പ്രാര്‍ഥിച്ച സുമനസ്സുകള്‍ക്ക്,'' രമേഷ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് ഗോദയിലെ കന്നി അങ്കത്തില്‍ തന്നെ പാലക്കാട് പോലുള്ള ഒരു വിഐപി മണ്ഡലം പിടിച്ചെടുക്കാനായതിന്റെ ആവേശത്തിലാണ് താരം.
ധര്‍മജന്‍ ബോള്‍ഗാട്ടി, ടിനി ടോം, മിഥുന്‍ മാനുവല്‍, ശ്വേത മേനോന്‍, മോഹന്‍ ജോസ് തുടങ്ങി നിരവധി താരങ്ങള്‍ പിഷാരടിക്ക് ആശംസകളുമായെത്തി.
''കന്മഷമില്ല കലിപ്പുമില്ല
അണുവോളമില്ല പൊളിവചനം!
എന്റെ പ്രിയ സുഹൃത്തിന് സര്‍വ്വ നന്മകളും ഈ മുഹൂര്‍ത്തത്തില്‍ നേരുന്നു.
ആദ്യമായാണ് ഒരു സ്ഥാനാര്‍ത്ഥി ജയിച്ച് അധികാരത്തില്‍ വരണമെന്ന് ആഗ്രഹിച്ചത്. അതു സംഭവിച്ചു!!!''–നടന്‍ മോഹന്‍ ജോസ് കുറിച്ചു.
''പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ പിഷൂന്, ഇനിയങ്ങോട്ട് പാലക്കാടിന്റെ എംഎല്‍എ രമേഷ് പിഷാരടിയ്ക്ക്, സ്‌നേഹാഭിവാദ്യങ്ങള്‍..!! ഒന്നും പറയാനില്ല, ക്ലാസ്സായി തൂക്കി.''മിഥുന്‍ മാനുവല്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























