തൃശൂര്‍ പൂരത്തിനിടെ ആന ഇടഞ്ഞു... ഘടകപൂരങ്ങള്‍ക്കൊപ്പം എഴുന്നള്ളിയ ആനയാണ് ഇടഞ്ഞത്, ശ്രീമൂലസ്ഥാനത്ത് വെച്ചായിരുന്നു സംഭവം, പരിഭ്രാന്തരോടെ ജനങ്ങള്‍

തൃശൂര്‍ പൂരത്തിനിടെ ആന ഇടഞ്ഞു. ഘടകപൂരങ്ങള്‍ക്കൊപ്പം എഴുന്നള്ളിയ ആനയാണ് ഇടഞ്ഞത്. ശ്രീമൂലസ്ഥാനത്ത് വെച്ചായിരുന്നു സംഭവം. ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ച ആനയെ കുറച്ച് നേരങ്ങള്‍ക്ക് ശേഷം തളച്ചു.
നിരവധി പേര്‍ ആനയെ പിന്തുടര്‍ന്നത് ആശങ്ക സൃഷ്ടിച്ചു. എലിഫന്റ് ടാസ്‌ക് ഫോഴ്സെത്തിയാണ് ആനയെ തളച്ചത്. തളച്ച ആനയെ പ്രദേശത്ത് നിന്നും മാറ്റിയിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പിണങ്ങിയ ആനയെ തളച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം കണിമംഗലം ശാസ്താവ് തട്ടകത്തില്‍ നിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ പൂരത്തിന് ആരംഭം കുറിക്കുകയാണ്. ചാറ്റല്‍ മഴയിലാണ് എഴുന്നള്ളിപ്പ്.
പൂരത്തിന് മഴ ഭീഷണിയുണ്ട്. ചെറു പൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി. കൊറോണ പ്രതിസന്ധിയില്‍ കഴിഞ്ഞ തവണകളെല്ലാം പൂരം മാനദണ്ഡങ്ങളോടെയാണ് നടത്തപ്പെട്ടത്. എന്നാല്‍ ഇത്തവണ സകല പ്രൗഢിയും തൃശൂര്‍ തിരികെ കൊണ്ടുവരും.
തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ തെക്കേഗോപുര വാതില്‍ തള്ളി തുറന്നെത്തിയ മനോഹര കാഴ്ചയോടെ ഇന്നലെ പൂരവിളംബരത്തിന് തുടക്കമായിരുന്നു.
വടക്കുംനാഥനെ വലംവച്ചുകൊണ്ടാണ് നെയ്തലക്കാവിലമ്മ എത്തിയത്. ആയിരക്കണക്കിന് ആളുകളാണ് ഈ കാഴ്ച്ചയ്ക്ക് സാക്ഷിയായത്.
11.30നാണ് കോങ്ങാട് മധുവിന്റെ പ്രാമാണികത്വത്തില്‍ തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിന് ശേഷം തിരുവമ്പാടി ഭഗവതി വടക്കുന്നാഥനിലെത്തും. 12.15ന് പാറമേക്കാവില്‍ എഴുന്നള്ളിപ്പ് തുടങ്ങും.
15 ആനകള്‍ക്ക് പാണ്ടിമേളം അകമ്പടിയാകും. രണ്ടരയോടെ വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടില്‍ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. കോര്‍പ്പറേഷന് മുന്നിലെ രാജാവിന്റെ പ്രതിമ വലംവച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളും. അപ്പോഴേയ്ക്കും തിരുവമ്പാടി ഭഗവതി ഗോപുരത്തിന് മുന്നിലെത്തും.
അഞ്ചരയോടെയാണ് ജനലക്ഷങ്ങള്‍ സാക്ഷിയാകുന്ന ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും. ഏഴിന് കുടമാറ്റം കഴിഞ്ഞ് ഭഗവതിമാര്‍ മടങ്ങും. ഘടകപൂരങ്ങള്‍ ഉച്ചയോടെ വടക്കുന്നാഥനിലെത്തി മടങ്ങും. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മുതല്‍ അഞ്ചുവരെയാണ് വെടിക്കെട്ട്.
ചരിത്രംകുറിച്ച് തിരുവമ്പാടിക്കായി ചരിത്രത്തിലാദ്യമായി വനിത വെടിക്കെട്ടിന് നേതൃത്വംനല്‍കും. ബുധനാഴ്ച ഉച്ചക്ക് പൂരം ഉപചാരംചൊല്ലി പിരിയും.
https://www.facebook.com/Malayalivartha