ദിലീപിന്റെ ശബ്ദ രേഖ കേൾപ്പിച്ചപ്പോൾ കാവ്യ പറഞ്ഞ മറുപടി കേട്ട് ക്രൈം ബ്രാഞ്ച് ഞെട്ടി!കേസിൽ നിന്ന് രക്ഷപെട്ടത് ഇങ്ങനെ

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം എങ്ങുമെത്തിക്കാതെ ക്രൈംബ്രാഞ്ച് പാതിവഴിയിൽ അവസാനിപ്പിക്കുകയാണ്. അവസാനഘട്ടത്തിലെത്തിനിൽക്കെ തുടങ്ങിയ ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേഷണമാണ് എങ്ങുമെത്താതെ നിർത്തുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേണത്തിന് അനുമതി നൽകിയത്. എന്നാൽ ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെ മാത്രം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് അധിക കുറ്റപത്രം നൽകിയത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്താണ് ദിലീപിന്‍റെ വീട്ടിലെത്തിച്ചതെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ മൊഴി. ഈ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമെത്തിയോ എന്ന് സ്ഥിരീകരിക്കാൻ പോലും കഴിയാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. സംഭവത്തിന്‍റെ ഗൂഡാലോചനയിൽ കാവ്യാ മാധവനും പങ്കാളിയാണെന്ന വിധത്തിലുളള ചില ശബ്ദ രേഖകളും പുറത്തുവന്നിരുന്നു.
എന്നാൽ ചോദ്യം ചെയ്യലിൽ ''ഒന്നും ഓർമയില്ല, അറിയില്ല'' എന്നാണ് കാവ്യ ഭൂരിഭാഗം ചോദ്യങ്ങൾക്കും മറുപടി നൽകിയത്. ദിലീപിന്‍റെ ശബ്ദ രേഖ കേൾപ്പിച്ചപ്പോൾപോലും ഇതാരുടെ ശബ്ദമാണ്, തനിക്ക് മനസിലായില്ലല്ലോ എന്നാണ് കാവ്യ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് മറുചോദ്യം ചോദിച്ചത്.
ദിലീപിന്‍റെ അഭിഭാഷകരായ സുജേഷ് മേനോൻ, ഫിലിപ്പ് ടി വർഗീസ് എന്നിവരെയും പ്രതി ചേർക്കാൻ തീരുമാനിച്ചിരുന്നതാണ്. ഇവരിലൂടെ മുതിർന്ന അഭിഭാഷകനായ ബി രാമൻ പിളളയിലേക്ക് എത്താനായിരുന്നു നീക്കം. കേസ് അട്ടിമറിക്കാനും പ്രോസിക്യൂഷൻ സാക്ഷികളെയടക്കം സ്വാധീനിക്കാനും അഭിഭാഷകർ ശ്രമിച്ചതായി ശബ്ദ രേഖകളുടെ തെളിവോടെ ഹൈക്കോടതിയെ അടക്കം അറിയിക്കുകയും ചെയ്തു.
എന്നാൽ അഭിഭാഷകരെ ചോദ്യം ചെയ്യാൻ ഒരു തവണ നോട്ടീസ് നൽകാൻ പോലും കഴിയാതെയാണ് ക്രൈംബ്രാഞ്ചിന്‍റെ പിൻമാറ്റം. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ നടത്തിയ ഇടപെടൽ സംബന്ധിച്ച് തികഞ്ഞ മൗനം പാലിച്ചാണ് തുടരന്വേഷണ റിപ്പോർട് തയാറാക്കുന്നത്. ഇതോടെ നടിയെ ആക്രമിച്ച കേസിൽ ആഘോഷമായിത്തുടങ്ങിയ തുടരന്വേഷണമാണ് ഇനി സമയം നീട്ടിച്ചോദിക്കേണ്ടെന്ന തീരുമാനത്തോടെ അവസാനിപ്പിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തി കൊണ്ടാണ് യൂത്ത് കോൺഗ്രസ് ഈ വിഷയത്തിൽ രംഗത്തുവന്നത്.
കേസിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ ഉന്നമിട്ടാണ് യൂത്ത് കോൺഗ്രസ് രംഗത്തുവന്നത്. കേസ് അവസാനിപ്പിക്കാനുള്ള നീക്കം സിപിഎമ്മിന്റെ സ്ത്രീ വിരുദ്ധ നിലപാട് വ്യക്തമാക്കുന്നതാണെന്നും ആഭ്യന്തര വകുപ്പിൽ പി ശശിയുടെ ഇടപെടലാണ് ഈ നിലപാടിന് പിന്നിലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ ആരോപിച്ചു.
തെളിവുകളെല്ലാം മരവിപ്പിച്ച് കേസന്വേഷണത്തിന് ചുമതല വഹിച്ച ഉദ്യോഗസ്ഥനെ മാറ്റിയത് പി ശശിയുടെ തന്ത്രമാണെന്നും നുസൂർ ആരോപിച്ചു.പണത്തിന് മേലെ പരുന്തും പറക്കില്ലെന്ന് തെളിയിക്കുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്.
കേസിൽ ജുഡീഷ്വറിയെപ്പോലും കളങ്കിതമാക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പ്രോസിക്യൂട്ടർമാർ വിഷമത്തോടെ പിന്മാറിയത് ഈ സമീപനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.ഒരുപാട് പ്രത്യേകതകളുള്ള കേസാണിത്. അന്വേഷണത്തിൽ ലഭിച്ച തെളിവുകൾ കോടതിയിൽ നിന്നും ചോർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha