റിസ്വാന കൂട്ടുകാരിക്ക് അയച്ച വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്... കൈനാട്ടിയിലെ ഭര്‍തൃവീട്ടിലാണ് റിസ്വാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

വടകരയില്‍ ഇരുപത്തിയൊന്നുകാരി റിസ്വാന ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃവീട്ടില്‍ യുവതിക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് വ്യക്തമാക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും പുറത്തുവന്നു. അടുത്ത സുഹൃത്തുമായി റിസ്വാന വീട്ടിലെ ബുദ്ധിമുട്ടുകള്‍ പങ്കുവെച്ചിരുന്നു. റിസ്വാന ഭര്‍തൃവീട്ടിലെ പീഡനത്തെ കുറിച്ച് കൂട്ടുകാരിക്ക് അയച്ച വാട്‌സാപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.
ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും സഹിച്ച് മതിയായെന്നുമാണ് റിസ്വാന കൂട്ടുകാരിക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നത്. 'ആവണില്ല മോളേ, ലൈഫ് മുന്നോട്ട് കൊണ്ടോവാന്‍, സഹിച്ചു മതിയായി' എന്നായിരുന്നു റിസ്വാനയുടെ സന്ദേശം. എന്തൊരു പരീക്ഷണമാണെന്നും റിസ്വാന കൂട്ടുകാരിയോട് പറഞ്ഞിരുന്നു. എന്നാല്‍ സ്വന്തം വീട്ടിലേക്ക് പൊയ്ക്കൂടെയെന്ന് കൂട്ടുകാരി ചോദിച്ചപ്പോള്‍ 'വിടണില്ല' എന്നായിരുന്നു റിസ്വാനയുടെ മറുപടി. ഭര്‍ത്താവായ ഷംനാസിനോട് കാര്യങ്ങള്‍ പറയൂവെന്ന് കൂട്ടുകാരി പറഞ്ഞപ്പോള്‍, ' അവരെല്ലാം ഒറ്റക്കെട്ടാണ്, ഞാന്‍ എത്രയായാലും പുറത്താ' എന്നും മറുപടി നല്‍കി.
ഭര്‍തൃവീട്ടില്‍ റിസ്വാന അനുഭവിച്ചിരുന്ന മാനസികശാരീരിക പീഡനം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വാട്‌സാപ്പ് ചാറ്റുകളെന്നാണ് കുടുംബത്തിന്റെ ആരോപണം. ഡിഗ്രിക്ക് പഠിക്കുന്ന സമയത്തായിരുന്നു കൈനാട്ടി സ്വദേശി ഷംനാസുമായുള്ള വിവാഹം. വിവാഹശേഷം പഠിപ്പിക്കാമെന്ന് ഭര്‍തൃവീട്ടുകാര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല. ഇതിനിടെ കുഞ്ഞും ജനിച്ചു.
ഇതിനുശേഷവും റിസ്വാനയ്ക്ക് ഭര്‍തൃവീട്ടില്‍നിന്ന് ഉപദ്രവം നേരിടേണ്ടിവന്നെന്നും കുടുംബം ആരോപിക്കുന്നു. റിസ്വാനയുടെ മരണശേഷം ഭര്‍തൃവീട്ടുകാരില്‍നിന്നുണ്ടായ പെരുമാറ്റവും സംശയകരമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതി മരിച്ചതിന് ശേഷം കുഞ്ഞിനായി ഭര്‍തൃവീട്ടില്‍ പോയപ്പോള്‍ ഷംനാസിന്റെ പിതാവും മറ്റും മോശമായ രീതിയിലാണ് പെരുമാറിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
റിസ്വാന മരിച്ചവിവരം പൊലീസില്‍ അറിയിക്കുന്നതിലും മൃതദേഹം ആശുപത്രിയില്‍ എത്തിക്കുന്നതിലും കാലതാമസമുണ്ടായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്ന് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞവിവരം മാത്രമാണുള്ളത്. മറ്റുള്ളവരാരും യുവതി തൂങ്ങിമരിച്ചത് കണ്ടിട്ടില്ല. ഇത് സംശയമുണ്ടാക്കുന്നതാണെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha