ഉന്നതരുടെ സ്വാധീനത്താൽ കേസ് അട്ടിമറിക്കുന്നു! ഹൈക്കോടതിയിൽ ട്വിസ്റ്റ്... അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. അതിനിടയിൽ ശക്തമായ ആരോപണങ്ങളാണ് ഉയർന്ന് വന്നിട്ടുള്ളത്. രാഷ്‌ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നാണ് നടി ആരോപിച്ചിരിക്കുന്നത്. ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധം ഉണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കേസന്വേഷണവുമായി ബന്ധപ്പെട്ട പരാതികളും ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നുണ്ട്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിനെ സംബന്ധിച്ച് ഫൊറൻസിക് ലാബിൽനിന്ന് വിചാരണക്കോടതി ജഡ്ജിയെ ഔദ്യോഗികമായി അറിയിച്ചിരുന്നെന്ന് ഹർജിയിൽ പറയുന്നുണ്ട്.
കാർഡിലെ വിവരങ്ങൾ ദിലീപിന് ലഭിച്ചെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ ആരംഭിച്ച തുടരന്വേഷണത്തിൽ ഹാഷ് വാല്യൂവിൽ മാറ്റം ഉള്ളതായ ഫൊറൻസിക് ലാബിലെ റിപ്പോർട്ട് കണ്ടെടുക്കുകയും ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഹാഷ് വാല്യൂവിൽ മാറ്റം ഉണ്ടായതായ റിപ്പോർട്ട് വെളിപ്പെടുത്താത്ത വിചാരണക്കോടതി ജഡ്ജിയുടെ നടപടി ഗൗരവകരമായ വീഴ്ചയാണ്.
ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള ദൃശ്യങ്ങൾ ചോർന്നതിൽ വിചാരണക്കോടതി ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കുറ്റവാളികളെ രക്ഷിക്കാനുള്ള നിക്ഷിപ്ത താത്പര്യമാണ് വിചാരണക്കോടതി ജഡ്ജിയുടേതെന്ന് സംശയിക്കുന്നതായും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ബെഞ്ച് മാറുന്ന കാര്യം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി അപേക്ഷ നൽകിയിരുന്നുവെങ്കിലും ഹൈക്കോടതി രജിസ്ട്രി തീരുമാനം എടുത്തിരുന്നില്ല.
എന്തുകൊണ്ടാണ് ഹാഷ് വാല്യൂ മാറിയത് എന്നതുസംബന്ധിച്ച് ഒരന്വേഷണവും ജഡ്ജി നടത്തിയില്ല. മെമ്മറി കാർഡ് തുടർ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നൽകിയ അപേക്ഷയിലും യാതൊരു നടപടിയും ജഡ്ജി സ്വീകരിച്ചില്ല എന്നും ആരോപിക്കുന്നുണ്ട്.
വിചാരണക്കോടതിയിലുള്ള മെമ്മറി കാർഡ് ഫൊറൻസിക് ലാബിലേക്ക് പരിശോധനയ്ക്കായി അയക്കാൻ നിർദേശിക്കണം, ഹാഷ് വാല്യൂവിൽ മാറ്റം ഉണ്ടായതിനെ സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് നിർദേശിക്കണം, മെമ്മറി കാർഡിൽ തകരാർ വരുത്തിയവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ഉത്തരവിടണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. മെമ്മറി കാർഡ് അയച്ച് പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതുവരെ അന്തിമറിപ്പോർട്ട് കോടതിയിൽ നൽകരുതെന്ന് നിർദേശിക്കണമെന്നാണ് ഹർജിയിലെ ഇടക്കാല ആവശ്യം.
https://www.facebook.com/Malayalivartha