എല്ലാം അവിടന്ന് മാത്രം... നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങള്‍ക്കിടെ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും; അതിജീവത ഇന്ന് മുഖ്യമന്ത്രിയെ കാണും, കൂടിക്കാഴ്ച സെക്രട്ടറിയേറ്റില്‍; അതിജീവിതയ്ക്ക് ഒപ്പമെന്ന് പറയുന്ന മുഖ്യമന്ത്രി കടുത്ത നിലപാട് സ്വീകരിക്കും

ഏതാണ്ട് തുടരന്വേഷണം തീര്‍ന്നെന്ന് കരുതിയിരുന്ന ക്രൈംബ്രാഞ്ചിന് ഇരുട്ടടിയാണ് ലഭിച്ചത്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്നും മാറിയ ശേഷം അന്വേഷണം വല്ലാതെ നിലച്ച് പോയതോടെ അതിജീവിത തന്നെ രംഗത്തെത്തി. തൃക്കാക്കര തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അതിജീവിത സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ എല്ലാം തിരിച്ചു പിടിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്.
അതിജീവിതയ്‌ക്കൊപ്പമെന്ന് പറഞ്ഞ മുഖ്യമന്ത്രി കടുത്ത നടപടി സ്വീകരിക്കും. ഇതോടെ പുനരന്വേഷണ കേസ് വീണ്ടും കടുക്കും. ദിലീപിനേയും വക്കീലന്‍മാരേയും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങള്‍ക്കിടെ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും.
സര്‍ക്കാരിനെതിരായ പരാതിക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കള്‍ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കാണുന്നത്. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റില്‍ വച്ചാണ് കൂടിക്കാഴ്ച. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയുന്നയിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് സര്‍ക്കാറും കൂടിക്കാഴ്ചക്ക് ഒരുങ്ങിയത്.
നടി മുഖ്യമന്ത്രിയോട് എല്ലാ തുറന്ന് പറയും. പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേര്‍ന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു നടിയുടെ ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് നടി സംശയം ഉന്നയിച്ചത്. നടിയുടെ പരാതി രാഷ്ട്രീയവിവാദമായതോടെ സിപിഎം നേതാക്കള്‍ കൂട്ടത്തോടെ നടിയെ വിമര്‍ശിച്ചിരുന്നു.
സര്‍ക്കാര്‍ ഇരയെ തള്ളുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെയാണ് അതിജീവിത മുഖ്യമന്ത്രിയെ കാണുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടിയുടെ ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയരുന്നു. കൂടിക്കാഴ്ചയില്‍ കേസ് അന്വേഷണത്തിന്റെ ഗതിയിലുള്ള ആശങ്ക നടി മുഖ്യമന്ത്രിയെ നേരിട്ടറിയിക്കും. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ നിയമനം നല്‍കാത്തതും ചൂണ്ടിക്കാട്ടും.
പരാതിയെ രാഷ്ട്രീയമായി വലിച്ചിഴതിലുള്ള അതൃപ്തിയും നടി അറിയിച്ചേക്കും. എന്നാല്‍ നടിക്കൊപ്പമാണ് സര്‍ക്കാര്‍ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം പിണറായി വിജയന്‍ അതീജീവിതയ്ക്ക് ഉറപ്പ് നല്‍കുമെന്നാണ് വിവരം. അതേ സമയം നടി പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ തള്ളി.
നടിയുടേത് അനാവശ്യ ആശങ്ക മാത്രമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. അന്വേഷണം നിലച്ചതോടെ കുറ്റപത്രം നല്‍കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്യണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കാന്‍ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍ വ്യക്തമാക്കി. പ്രതിഭാഗം കേസില്‍ കക്ഷിയല്ലാത്തതിനാല്‍ അവരെ കേള്‍ക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി നിലപാട്. കേസില്‍ രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് പറഞ്ഞ കോടതി ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇതിലുള്‍പ്പെടെ നിര്‍ണായകമാണ്. പഴുതടച്ച അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പറഞ്ഞാല്‍ കാര്യങ്ങള്‍ വീണ്ടും മാറും. ദിലീപിനേയും കാവ്യയേയും വീണ്ടും ചോദ്യം ചെയ്‌തെന്നു വരാം. നൈസായി മുങ്ങിയ കേമന്‍മാരായ വക്കീലന്‍മാരേയും ചോദ്യം ചെയ്യും. അങ്ങനെ ഉണ്ടാകുമോയെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha