3 സെന്റ് സ്ഥലം റോഡ് വീതി കൂട്ടാൻ പഞ്ചായത്തിന് വിട്ടുകൊടുത്തു; ചെല്ലമ്മയെന്ന 83ക്കാരിക്ക് പിന്നെ സംഭവിച്ചതെല്ലാം അക്കിടി; വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി; വടിയും കുത്തി പുറത്തേക്ക് ഇറങ്ങിയാൽ ചെന്ന് വീഴുന്നത് തോട്ടിൽ; വീട്ടിൽ തിരിച്ച് കയറാൻ ഏണി ഉപയോഗിക്കേണ്ട അവസ്ഥ; അയൽവാസിയും പഞ്ചായത്തും ചേർന്ന് ചതിച്ച ചെല്ലമ്മ ദുരിതത്തിൽ

ചിലപ്പോൾ നാം സന്മനസ്സു കാണിച്ചാൽ അത് നമുക്ക് എട്ടിന്റെ പണി തിരിച്ച് നൽകും. ചെല്ലമ്മ എന്ന 83ക്കാരിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന പാഠമതാണ്. തന്റെ 3 സെന്റ് സ്ഥലം റോഡ് വീതി കൂട്ടാൻ പഞ്ചായത്തിന് വിട്ടുകൊടുത്തു. പിന്നെ ചെല്ലമ്മയ്ക്ക് സംഭവിച്ചതെല്ലാം അക്കിടിയാണ്. ഇപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് ചെല്ലമ്മയ്ക്ക്. വടിയും കുത്തി പുറത്തേക്ക് ഇറങ്ങിയാൽ ചെന്ന് വീഴുന്നത് തോട്ടിലായിരിക്കും. വീട്ടിൽ തിരിച്ച് കയറാൻ ഏണി ഉപയോഗിക്കേണ്ട അവസ്ഥയും.
വസ്തുവിന്റെ ഭാഗം മണ്ണുമാന്തി ഉപയോഗിച്ചു ഇടിച്ച് കളഞ്ഞതോടെ നടപ്പാത ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു. റോഡിനു വേണ്ടി മണ്ണുമാന്തി കഴിഞ്ഞപ്പോഴാണ് തനിക്ക് അബദ്ധം പറ്റിയ കാര്യം ആ അമ്മ തിരിച്ചറിഞ്ഞത്. കടയ്ക്കൽ ദേവീ ക്ഷേത്രക്കുളത്തിനു സമീപത്തു നിന്നു അഞ്ചുമുക്ക് റോഡ് നിർമിക്കുമെന്ന് പഞ്ചായത്ത് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അധികൃതർ ഈ ഭാഗത്തേക്കു തിരിഞ്ഞു പോലും നോക്കാത്ത അവസ്ഥയാണ്.
ഒരു വർഷം മുന്നേയായിരുന്നു സംഭവം. സമീപത്തുള്ള വസ്തുവിന്റെ ഉടമ റോഡിനായി സ്ഥലം വിട്ടു നൽകുമെന്നു പറഞ്ഞായിരുന്നു ചെല്ലമ്മയുടെ വസ്തു ഇടിച്ച് കളഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗവുമാണ് ഉറപ്പ് നൽകിയത്. ഇതോടെ റോഡ് നിർമിക്കാൻ ചെല്ലമ്മ വസ്തുവിന്റെ ഭാഗം വിട്ടു കൊടുത്തു.
പക്ഷേ മറുവശത്തുള്ള വസ്തു വഴിക്കായി കൊടുക്കൻ ഉടമ സമ്മതിക്കുന്നില്ല. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിലാണ് വസ്തുവെന്ന വാദമാണ് അവർ ഉന്നയിക്കുന്നത്. വസ്തു വിട്ടു നൽകാൻ സമീപവാസി തയ്യാറായില്ല. വസ്തു ഉടമയുമായി തർക്കം പരിഹരിച്ചു റോഡ് നിർമിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ല. പോരാത്തതിന് റോഡ് വികസനം തടസ്സപ്പെടുകയുണ്ടായി .
ചെല്ലമ്മ പരാതി പറഞ്ഞപ്പോൾ പഞ്ചായത്ത് അധികൃതർ ഇടപെട്ട് പരിഹരിക്കാം എന്നുറപ്പ് നൽകിയിരുന്നു. വീടിന്റെ സമീപത്തു റോഡിനായി ഇടിച്ച സ്ഥലത്ത് സംരക്ഷണഭിത്തി കെട്ടി നൽകാമെന്നും പഞ്ചായത്ത് ജനപ്രതിനിധികൾ വാഗ്ദാനം ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ട് ലക്ഷ്യമിട്ടു കൊണ്ടായിരുന്നു പഞ്ചായത്ത് ജനപ്രതിനിധികൾ ഇടപെടാമെന്ന ഉറപ്പ് നൽകിയത്.
മഴ തുടർന്നാൽ വീടും ചേർന്നുള്ള സ്ഥലവും ഇടിഞ്ഞ് തകരുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. രോഗിയായ മകനൊപ്പമായിരുന്നു ചെല്ലമ്മ താമസിച്ച് കൊണ്ടിരുന്നത്. മഴയിൽ തോട്ടിൽ വെള്ളം ഉയർന്നാൽ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ സാധിക്കാത്ത ഗതിക്കേടുമാണ്. ചെല്ലമ്മയുടെ അയൽവാസികളും റോഡ് നിർമാണം തടസ്സപ്പെട്ടതിനെ തുടർന്ന് ആ വഴി സഞ്ചരിക്കാൻ കഴിയാത്ത ദുരവസ്ഥയിലാണ് ഉള്ളത്.
https://www.facebook.com/Malayalivartha