രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്..... ഒറ്റയാന്റെ മുന്നില്‍ കുടുങ്ങിയ കര്‍ഷകനെയും സഹായികളെയും മണിക്കൂറുകള്‍ക്കു ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷിച്ചു

രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്.....ഒറ്റയാന്റെ മുന്നില്‍ കുടുങ്ങിയ കര്‍ഷകനെയും സഹായികളെയും മണിക്കൂറുകള്‍ക്കു ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷിച്ചു.
മൂച്ചംകുണ്ട് മൊണ്ടിപതിയിലെ കൃഷിയിടത്തിലെ സൗരോര്‍ജവേലി നന്നാക്കാന്‍ പോയ മൂച്ചംകുണ്ടിലെ ലക്ഷ്മണസ്വാമി, ശെന്തില്‍കുമാര്‍ എന്നിവരാണ് രാത്രി ഏഴു മണിയോടെ വീട്ടിലേക്കു മടങ്ങുന്ന സമയത്ത് ഒറ്റയാന്റെ മുന്നില്‍ ചെന്ന് പെട്ടത്. തോട്ടത്തിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ കയറിയാണ് ഇരുവരും രക്ഷപ്പെട്ടത്.
തോട്ടത്തില്‍ നിന്നും വീടെത്താന്‍ ഇവരെ സഹായിക്കാനെത്തിയ ശെല്‍വരാജ്, ശേഖര്‍, ചിന്നക്കുട്ടി എന്നിവരും ഇവര്‍ക്കൊപ്പം കുടുങ്ങിയതിനെ തുടര്‍ന്നു പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.കല്‍പനാദേവി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
തുടര്‍ന്നു ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.ഗീതേഷ്, ആര്‍. സൂര്യപ്രകാശന്‍ എന്നിവരും വനം വാച്ചര്‍മാരും സൈലന്‍സര്‍ ഇല്ലാത്ത ട്രാക്ടറുമായി എത്തി ശബ്ദം ഉണ്ടാക്കിയും പടക്കം പൊട്ടിച്ചും ഒറ്റയാനെ കാട്ടിലേക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും ഏറെ നേരം ഒറ്റയാന്‍ തോട്ടത്തിലെ വീടിനു മുന്നില്‍ തന്നെ നിലയുറപ്പിച്ചതു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു തലവേദന സൃഷ്ടിച്ചു.
പിന്നീട് ഏറെ പണിപ്പെട്ടാണു തോട്ടത്തിലെ വീടിനകത്തിരിക്കുകയായിരുന്ന 5 പേരെയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അര്‍ധരാത്രി 12 മണിയോടെ തിരികെ വീടെത്തിച്ചത്.
ഇന്നലെ രാത്രി തന്നെ ചപ്പക്കാട്ടും രണ്ടു കാട്ടാനകള്‍ വീടിനു മുന്‍പിലെത്തിയത് ഏറെ ഭീതി പടര്‍ത്തി. ചപ്പക്കാട്ടെ ശ്രീധരന്‍, വിനോദ്, ഉദുമാന്‍ എന്നിവരുടെ കൃഷിയിടത്തിലേക്കാണ് രാത്രി രണ്ട് ആനകള്‍ ഇറങ്ങിയത്. തെങ്ങ്, മാവ്, വാഴ എന്നിവയെല്ലാം നശിപ്പിച്ചതിനൊപ്പം തന്നെ ഏറെ സമയം വീടിനു മുന്‍പില്‍ നിന്നതോടെ വീട്ടുകാരും ഭീതിയിലായി.
കൊല്ലങ്കോട് വനം സെക്ഷന്‍ പരിധിയിലെ കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട പഞ്ചായത്തിന്റെ മലയോര മേഖലകളിലെല്ലാം ആനയിറങ്ങി കൃഷി നശിപ്പിക്കുന്നതും ജനവാസ മേഖലയിലെത്തി ഭീതി പടര്‍ത്തുന്നതും നിത്യ സംഭവമായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha