കോളിളക്കം സൃഷ്ടിച്ച കവിയൂര്‍ പീഡനക്കേസ്... ജൂലൈ 4 ന് ലതാനായര്‍ കോടതിയില്‍ ഹാജരാകാന്‍ അന്ത്യശാസനം, അഞ്ചാം തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാതെ സിബിഐയുടെ ഒളിച്ചുകളി, സിബിഐക്ക് രൂക്ഷ വിമര്‍ശനം: അന്വേഷണ വീഴ്ചകള്‍ അക്കമിട്ട് നിരത്തി സിബിഐക്ക് കോടതിയുടെ കനത്ത പ്രഹരം

കോളിളക്കം സൃഷ്ടിച്ച കവിയൂര്‍ പീഡനക്കേസില്‍ അഞ്ചാം തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാതെ സിബിഐയുടെ ഒളിച്ചു കളി. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോഴും അഞ്ചാം തുടരന്വേഷണ റിപ്പോര്‍ട്ട് സിബിഐ തിരുവനന്തപുരം സി ബി ഐ കോടതിയില്‍ ഹാജരാക്കിയില്ല. സിബിഐ തങ്ങളുടെ ഭാഗം പറയാതെ കോടതിയില്‍ നിന്നും മാറി നിന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സമയം തേടിയതുമില്ല. നാലാം തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളി വീണ്ടും അന്വേഷിക്കാന്‍ 2020 ല്‍ മടക്കി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം അവസാനിപ്പിച്ചതായി മറ്റൊരു ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ സിബിഐ ബോധിപ്പിച്ചു.
അതേ സമയം കോടതി മുമ്പാകെ സിബിഐ ചാര്‍ജ് ചെയ്ത ഏക പ്രതി ലതാനായര്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി. ജൂലൈ 4 ന് ലതാനായര്‍ കോടതിയില്‍ ഹാജരാകാന്‍ ജഡ്ജി സനില്‍കുമാര്‍ അന്ത്യശാസനം നല്‍കി.
പീഡിപ്പിച്ചതാരാണെന്നതിന് തെളിവ് ലഭിച്ചില്ലെന്ന നാലാം തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് സമഗ്രമായ തുടരന്വേഷണം നടത്താന്‍ 2020 ജനുവരി 1 ന് സിബിഐ കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 20 , ഏപ്രില്‍ 7, മെയ് 19 , ജൂലൈ 23 , സെപ്റ്റംബര്‍ 11 എന്നിങ്ങനെ 5 പ്രാവശ്യം കേസ് തുറന്ന കോടതിയില്‍ പരിഗണിച്ചപ്പോഴും സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കുകയോ എന്തൊക്കെ അന്വേഷണം നടത്തിയെന്നത് സംബന്ധിച്ച സ്റ്റേജ് റിപ്പോര്‍ട്ട് ഹാജരാക്കുകയോ കൂടുതല്‍ സമയം തേടിയുള്ള എക്സ്റ്റന്‍ഷന്‍ റിപ്പോര്‍ട്ടോ കോടതിയില്‍ സമര്‍പ്പിച്ചില്ല.
മുഖ്യ പ്രതി ലതാ നായരും ഈ ദിവസങ്ങളില്‍ കോടതിയില്‍ ഹാജരായില്ല. സി ബി ഐ യുടെയും പ്രതിയുടെയും നിരുത്തരവാദപരമായ രീതിയെയും അലംഭാവത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
നാലാം തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിയ ജഡ്ജി സനില്‍കുമാര്‍ സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ആഴത്തിലുള്ള തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. അന്വേഷണ വീഴ്ചകളെ തുടരന്വേഷണ ഉത്തരവില്‍ അക്കമിട്ട് നിരത്തിയാണ് കോടതി സിബിഐയെ ശക്തമായി പ്രഹരിച്ചത്. കേസിന്റെ വസ്തുത അറിയാവുന്ന നിര്‍ണ്ണായക സാക്ഷികളെ മൊഴിയെടുക്കാതെ ഒഴിവാക്കിയതിന് സിബിഐയെ തുടരന്വേഷണ ഉത്തരവിലെ ഒരു ഘട്ടത്തില്‍ കോടതി ശാസിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് തെളിവുകള്‍ ശേഖരിച്ച് പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്താല്‍ മാത്രമേ രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നിലനിര്‍ത്താനാകുവെന്നും അല്ലാത്തപക്ഷം പ്രഹസനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വ്യാജവും വിചിത്രവുമായ കണ്ടെത്തലുകള്‍ തിരുകിക്കയറ്റിയുള്ള പക്ഷപാത റിപ്പോര്‍ട്ട് നീതിന്യായ നിര്‍വ്വഹണത്തെ പ്രതികൂലമായി ബാധിക്കും. നാലംഗ നമ്പൂതിരി കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന അപൂര്‍ണ്ണമായ സി ബി ഐ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഏക പ്രതിയായി സിബിഐ പറയുന്ന കിളിരൂര്‍ പീഡന കേസിലെ പ്രതി ലതാനായരെ മാത്രം വച്ച് കോടതി കേസ് വിചാരണ ആരംഭിക്കുന്നത് മരണപ്പെട്ട നമ്പൂതിരി കുടുംബത്തിനോടും അവരുടെ ബന്ധുക്കളോടുള്ള അനീതിയാകുമെന്നും കോടതി വ്യക്തമാക്കി. അത് പൊതുതാല്‍പര്യത്തിന് എതിരാകുമെന്നും നീതിന്യായ വ്യവസ്ഥയെ ഞെക്കിക്കൊല്ലലാകുമെന്നും കോടതി വ്യക്തമാക്കി.
നാലാം തുടരന്വേഷണ റിപ്പോര്‍ട്ടിനെതിരെ മരണപ്പെട്ട നമ്പൂതിരിയുടെ സഹോദരന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ക്രൈം മാഗസിന്‍ എഡിറ്റര്‍ നന്ദകുമാറുമാണ് തുടരന്വേഷണ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
കിളിരൂര്‍ പീഡനക്കേസിലെ ഇരയായ മൈനര്‍ പെണ്‍കുട്ടിയുടെയും കവിയൂര്‍ പീഡനക്കേസിലെ ഇരയായ മൈനര്‍ പെണ്‍കുട്ടിയുടെയും കൂട്ടുകാരിയായ ശ്രീകുമാരി ഹൈക്കോടതി ജസ്റ്റിസ് ബസന്തിന് അയച്ച കത്തിനെക്കുറിച്ചും അതില്‍ പേരു വിവരം പറയുന്ന പ്രതികളെക്കുറിച്ച് അന്വേഷിക്കാത്തതെന്തെന്നും സിബിഐയോട് കോടതി ഉത്തരവില്‍ ചോദിച്ചു. 2014 ല്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥയായ ഡിഐജി ശ്രീലേഖക്ക് അന്വേഷണത്തിനായി ഹൈക്കോടതി രജിസ്ട്രാര്‍ മുഖേന കൈമാറിയ ആ കത്ത് എന്തു കൊണ്ടാണ് സി ബി ഐ കേരളാ പോലീസില്‍ നിന്ന് ഏറ്റെടുക്കാത്തതെന്നും ജഡ്ജി സനില്‍കുമാര്‍ ചോദിച്ചു. ശ്രീലേഖയെ ചോദ്യം ചെയ്യാനും കോടതി ഉത്തരവിട്ടു. നാലാം തുടരന്വേഷണം നടത്തിയ സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥനായ അനന്ദകൃഷ്ണനെ രൂക്ഷമായി കോടതി ശകാരിച്ചു.
വിഷം പാല്‍ക്കഞ്ഞിയില്‍ കലക്കി പത്തനംതിട്ട ചുമത്ര ഭഗവതി ക്ഷേത്ര മേല്‍ ശാന്തിയടക്കമുള്ള അഞ്ചംഗ നമ്പൂതിരി കുടുംബം കൂട്ട ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന പാല്‍ക്കഞ്ഞി പാത്രം , വിഷക്കുപ്പി എന്നിവയിലെ വിരലടയാളം സി ബി ഐ എടുത്ത് പരിശോധന നടത്താത്തതിനെ ഹര്‍ജിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തിതിരുന്നു. ഹര്‍ജിക്കാരുടെ ഈ ആശങ്കക്ക് അടിസ്ഥാനമുണ്ട്. നാലാം തുടരന്വേഷണ റിപ്പോര്‍ട്ട് പഴയ കുപ്പിയില്‍ പുതിയ വീഞ്ഞ് നിറച്ച പോലെയാണ് സി ബി ഐ ചെയ്തിരിക്കുന്നത്. പിതാവ് ഫാനില്‍ തൂങ്ങിയ നിലയിലും മറ്റുള്ളവര്‍ താഴെ കട്ടിലിലും മറ്റുമായി കിടക്കുന്ന നിലയിലുമാണ്. രണ്ടു മൈനര്‍ കുട്ടികളുടെ കഴുത്തില്‍ ഞെക്കിയ പാടുകള്‍ ലോക്കല്‍ പോലീസും സിബിഐയും ശാസ്ത്രീയ പരിശോധന നടത്താത്തതിനെയും ഉത്തരവില്‍ കോടതി വിമര്‍ശിച്ചു. നമ്പൂതിരി കുടുംബം ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന ഓടിട്ട വീടിന്റെ ഫോട്ടോ നന്ദകുമാര്‍ കോടതിയില്‍ ഹാജരാക്കി. കൂട്ടമരണത്തിന് 72 മണിക്കൂറിനകം വച്ച് വീടിന്റെ വാതിലുകള്‍ അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുകയായിരുന്നതിനാല്‍ ബാഹ്യശക്തികള്‍ മരണത്തിന് പിന്നിലില്ലെന്നും ആത്മഹത്യയാണെന്നും സി ബി ഐ പറയുന്നു. എന്നാല്‍ ഗുണ്ടകള്‍ക്ക് ഓടിളക്കി അകത്ത് പ്രവേശിച്ച് കൃത്യം നിര്‍വ്വഹിച്ച ശേഷം വന്ന വഴിയേ തിര്യെപ്പോകാനുള്ള സാധ്യത സിബി ഐ പരിശോധിച്ചില്ല. നമ്പൂതിരി കുടുംബം പാല്‍ കഞ്ഞിയില്‍ കലക്കിക്കുടിച്ചതായ വിഷം മാരകമായതാണ്.
അതിന്റെ ചെറിയ ഒരംശം കഴിച്ചയുടന്‍ മോഹാലസ്യപ്പെട്ടു വീഴുമെന്ന് കമ്പനി ഇന്റര്‍നെറ്റില്‍ ചെയ്ത പ്രോസ്‌പെക്റ്റസ് പരസ്യത്തില്‍ ചൂണ്ടിക്കാട്ടുന്നതായും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന കീടനാശിനി വിദഗ്ധ അസി. ഡയറക്ടര്‍ റാഹിലയുടെ റിപ്പോര്‍ട്ട് സി ബി ഐ നാലാം തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ഹാജരാക്കിയത് ഹര്‍ജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മാരക വിഷം ചേര്‍ത്ത് പാല്‍ക്കഞ്ഞി സ്വയമേവ കുടിച്ചാല്‍ ഉടന്‍ മോഹാലസ്യപ്പെടുന്നവര്‍ എങ്ങനെ ഗൃഹനാഥന് ഫാനില്‍ തൂങ്ങാനും അതിന് മുമ്പ് സ്വന്തം ചോരയിലുള്ള രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ കഴുത്തില്‍ ഞെക്കാനും സാധിക്കും എന്നുള്ള ഹര്‍ജിക്കാരുടെ വാദം തള്ളാനാാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കൂടാതെ അനഘയും പിതാവും വെവ്വേറെ എഴുതിയതായ രണ്ട് ആത്മഹത്യാ കുറിപ്പുകള്‍ സംഭവ സ്ഥലത്ത് നിന്ന് ലോക്കല്‍ പോലീസ് കണ്ടെടുത്തതായി കാണിച്ച് കുമരകം പോലീസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്. അനഘ എഴുതിയതായ കത്തില്‍ പിതാവിനെ തിരുമേനി എന്ന് അഭിസംബോധന ചെയ്തിട്ടുണ്ട്. അന്യ ജാതി , മതസ്ഥരല്ലാതെ നമ്പൂതിരി കുടുംബത്തിലെ ഒരാളുപോലും പിതാവിനെ തിരുമേനി എന്ന് അഭിസംബോധന ചെയ്യാറില്ല. കൂടാതെ അനഘ '' സ്റ്റേഷന്‍ '' എന്ന പദം ഉപയോഗിച്ചതായി കാണുന്നു. ഈ വാക്ക് പോലീസുകാര്‍ ഉപയോഗിക്കുന്ന പദമാണ്.
മരണത്തിന് രണ്ടു ദിവസം മുമ്പ് തലസ്ഥാന ജില്ലക്കാരനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്‌കുമാര്‍ അനഘയുടെ പിതാവ് നാരായണന്‍ നമ്പൂതിരിയെ വിളിപ്പിച്ച് ലതാനായരെ ഒളിവില്‍ പാര്‍ക്കാന്‍
വീട്ടില്‍ അഭയം കൊടുത്തതിനെക്കുറിച്ച് ചോദ്യം ചെയ്തിരുന്നു. ആ സമയം മകള്‍ അനഘയെ ലതാനായര്‍ പോലീസ് ഉന്നതരടക്കം ആര്‍ക്കൊക്കെ കാഴ്ചവച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് കുമരകം പോലീസ് ആരോപിക്കുന്ന കൂട്ട ആത്മഹത്യ സംഭവം നടന്നിരിക്കുന്നത്.
സംഭവത്തില്‍ സി ഐ സുരേഷ് കുമാറടക്കമുള്ള പോലീസിന്റെ പങ്കും സി ബി ഐ അന്വേഷിച്ചില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത് സിബിഐയുടെ കേസന്വേഷണ വീഴ്ചകള്‍ പുറത്തു കൊണ്ടുവരുന്നതാണ്. ഇക്കാര്യങ്ങളിലും ആഴത്തിലുള്ളതും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനും തുടരന്വേഷണ ഉത്തരവില്‍ കോടതി സിബിഐയോടാവശ്യപ്പെട്ടു. ലതാനായരെയും വിശദമായി ചോദ്യം ചെയ്യാനും കോടതി ഉത്തരവിട്ടു. ആരോപണ വിധേയരായ മന്ത്രി പുത്രന്‍മാരടക്കമുള്ള വിഐപികളുടെ പങ്കും പങ്കാളിത്തവും അന്വേഷിക്കാനും കോടതി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രതിഭാഗം ചേര്‍ന്ന് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സി ബി ഐ അലംഭാവം കാട്ടുന്നതെന്ന ആരോപണം ഉയര്‍ന്നു വന്നിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























