തടവു പുള്ളികൾക്കും വൻ ബഹുമാനം.... ഐജിയും ജയരാജനും പിള്ളയും കിടന്ന സെല്ലിൽ പി. സിയും... തടവറ തറവാടാക്കി ജോർജ്

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കോടതി റിമാൻഡ് ചെയ്ത മുൻ എംഎൽഎ പി.സി.ജോർജ്ജിപ്പോൾ. അവിടുത്തെ ചിട്ടവട്ടങ്ങളുമായി പൊരുത്തപ്പെടാൻ പി. സി. മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞു. ഇനിയിപ്പോൾ എന്ത് തന്നെ സംഭവിച്ചാലും 14 ദിവസം എണ്ണി കഴിച്ചു കൂട്ടാൻ തീരുമാനിച്ച് ഉറപ്പിച്ചിട്ടുണ്ട്.
ജയിലിൽ പിസി ‘ആർപി അതായത് റിമാൻഡ് പ്രിസണർ 5636’ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഇതു റജിസ്റ്ററിലേ ഉണ്ടാകൂ, വസ്ത്രത്തിൽ കാണില്ല. റിമാൻഡ് തടവുകാരനായതിനാൽ തടവുപുള്ളികളുടെ വേഷം ധരിക്കേണ്ടതില്ല, സ്വന്തം വസ്ത്രം തന്നെ ധരിക്കാം. ഇന്നലെ വൈകിട്ട് ജയിൽ അധികൃതർ സെൽ പുറത്തു നിന്നു പൂട്ടാനെത്തിയപ്പോൾ ജോർജ് വിസമ്മതം പ്രകടിപ്പിച്ചു എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ജയിലിൽ ഇതു നിർബന്ധമാണെന്നു അറിയിച്ചപ്പോൾ സമ്മതിക്കുകയും ചെയ്തു.
കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണ പിള്ള, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ, മുൻ ഐജി കെ. ലക്ഷ്മണ എന്നിവരെ പാർപ്പിച്ച ആശുപത്രി ബ്ലോക്കിലെ ഡി മുറിയിലാണ് പി. സി. ജോർജും ഇപ്പോൾ കഴിയുന്നത്. 1982–87ൽ വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പാക്കിയ ഇടമലയാർ, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സുപ്രീംകോടതി അദ്ദേഹത്തെ ഒരുവർഷം തടവിന് ശിക്ഷിച്ചിരുന്നു.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോയ കേരളത്തിലെ ആദ്യത്തെ മന്ത്രി കൂടിയായി ഇതോടെ പിള്ള മാറിയിരുന്നു. എന്നാൽ കാലാവധി പൂർത്തിയാകും മുൻപ് കേരളപ്പിറവിയോട് അനുബന്ധിച്ച് ശിക്ഷാ ഇളവ് ലഭിച്ച 138 തടവുകാർക്കൊപ്പം ജയിൽ മോചിതനായി. ജയിലിലെ തന്നെ വിഐപി ബ്ലോക്കായി ഇതോടെ ഈ മേഖല മാറിയിട്ടുണ്ട്.
അതേസമയം, ജാമ്യഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. ഇന്നലെ വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലിലേക്ക് പിസി ജോര്‍ജിനെ മാറ്റിയത്. വൈകിട്ട് 5.40നാണ് ജോർജിനെ ജില്ലാ ജയിലിൽനിന്നു സെൻട്രൽ ജയിലിലേക്കു മാറ്റിയത്. ആരോഗ്യ കാരണങ്ങളാണ് ഈ മാറ്റം.
ജയിൽ മെഡിക്കൽ ഓഫിസർ പരിശോധിച്ച് കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ ജയിൽ മേധാവിയാണു സെൻട്രൽ ജയിലിലേക്കു മാറ്റാൻ നിർദേശിച്ചത്. മറ്റു തടവുകാര്‍ക്കു നല്‍കുന്ന ഭക്ഷണം തന്നെയാണ് പി.സി.ജോര്‍ജിനും നല്‍കിയത്. വൈകിട്ടു തടവുകാർക്കുള്ള അത്താഴ വിതരണം പൂർത്തിയായിരുന്നതിനാൽ ജോർജിനു ഭക്ഷണമുണ്ടാക്കി നൽകുകയും ചെയ്തു.
ഇന്നലെ രാവിലെ 10 മണിയോടെ റിമാന്‍ഡു ചെയ്ത പി.സി.ജോര്‍ജിനെ ആദ്യം ജില്ലാ ജയിലിലാണ് എത്തിയത്. മറ്റു തടവുകാര്‍ക്കൊപ്പം അഡ്മിഷന്‍ സെല്ലിലാക്കിയ ജോര്‍ജിനെ നിരീക്ഷിക്കാന്‍ പൊലീസുകാരേയും ചുമതലപ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് ജയില്‍ ഭക്ഷണമാണ് നല്‍കിയത്. ചോറ്, സാമ്പാര്‍, അവിയല്‍, തൈര് എന്നിവയായിരുന്നു ജയിലിലെ ഉച്ചഭക്ഷണം. വൈകിട്ടു ചായയും നല്‍കിയശേഷമാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. അവിടെ മെഡിക്കല്‍ സെല്ലിലേക്ക് മാറ്റി.
ആശുപത്രി ബെഡ്, കസേര, ഡസ്ക് എന്നീ സൗകര്യങ്ങള്‍ ആശുപത്രി സെല്ലില്‍ ലഭിക്കും. മെഡിക്കല്‍ ഓഫിസര്‍ അദ്ദേഹത്തെ പരിശോധിച്ചു. ആരോഗ്യത്തില്‍ പ്രത്യേക പ്രശ്നമില്ലെന്നും ജോര്‍ജിനെ ഡോക്ടര്‍ അറിയിച്ചു. മാത്രമല്ല ഉറങ്ങുമ്പോള്‍ ശ്വാസ തടസം ഉണ്ടാകാതിരിക്കുന്നതിനുള്ള ഓക്സിജന്‍ മാസ്ക് ഉപയോഗിക്കാന്‍ ജോര്‍ജിനു അനുമതി നല്‍കി. വൈകുന്നേരം ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് നല്‍കിയത്. വായനയ്ക്കായി ജോര്‍ജിന് മാഗസിനുകള്‍ നല്‍കിയിട്ടുണ്ട്.
കൊച്ചിയിൽ നിന്നു ബുധനാഴ്ച അർധരാത്രിക്കുശേഷം തിരുവനന്തപുരത്ത് എത്തിച്ച ജോർജിനെ ഇന്നലെ രാവിലെ ഏഴരയോടെ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ ചേംബറിൽ ഹാജരാക്കി. ‘പൊലീസ് മർദിക്കുമെന്നു ഭയമുണ്ടോ’ എന്നു കോടതി ചോദിച്ചപ്പോൾ ‘ഒന്നിനെയും ഭയമില്ല’ എന്നായിരുന്നു മറുപടി. ‘പൊലീസ് മർദിച്ചോ’ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നും പറഞ്ഞു. ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരിലാണ് കോടതി ജോർജിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്.
എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. വിശദ റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്നും തുടരന്വേഷണത്തിനു കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം തിങ്കളാഴ്ച പരിഗണിക്കും. പൊലീസ് വേട്ടയാടാൻ ശ്രമിക്കുകയാണെന്നു ജോർജിന്റെ അഭിഭാഷകൻ പറഞ്ഞു. ജയിലിൽ പോകാൻ തയാറായാണു വന്നതെന്നു ജോർജ് മാധ്യമങ്ങളോടു പറഞ്ഞു.
അതേ സമയം വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന പി സി ജോർജ് നൽകിയ ജാമ്യ ഹർജി അടക്കം മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടെ കേസില്‍ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ റിവിഷൻ ഹർജിയാണ് ആദ്യം പരിഗണിക്കുക. രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്. ഇതേ കേസിൽ പി സി ജോർജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻക്കൂർ ജാമ്യ ഹർജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും.
തിരുവനന്തപുരം വിദ്വേഷ കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും വഞ്ചിയൂർ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് പി സി ജോർജിന്റെ വാദം. ഈ സാഹചര്യത്തിൽ വഞ്ചിയൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നു പി സി ജോർജ്ജ് ഹർജിയിൽ പറയുന്നു. കേസിൽ വീഡിയോ അടക്കം കൈയ്യിൽ ഉള്ളപ്പോൾ എന്തിനാണ് പ്രതിയെ കസ്റ്റഡിയിൽ വെക്കുന്നതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനും സർക്കാർ മറുപടി നൽകണം.
https://www.facebook.com/Malayalivartha






















