തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു

നെട്ടൂരില്‍ ഉത്സവ എഴുന്നള്ളിപ്പിനു കൊണ്ടു വന്ന തുറുപ്പുഗുലാന്‍ സിനിമയിലെ ആന ചരിഞ്ഞു. കൂത്താട്ടുകുളം നെല്യക്കാട്ട് മനയിലെ നെല്യക്കാട്ട് മഹാദേവനാണ് ഇന്നു വൈകിട്ടോടെ ചരിഞ്ഞത്. ലോറിയില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ ചരിഞ്ഞു.
നെല്യക്കാട്ട് മഹാദേവനെ നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കും. ഇതിനായി ഇന്നു തന്നെ മഹാദേവന്റെ ശരീരം പെരുമ്പാവൂരിലേക്ക് കൊണ്ടുപോകും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികവിവരം. 2006ല്‍ ഇറങ്ങിയ മമ്മൂട്ടി നായകനായ തുറുപ്പുഗുലാന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ 'വാഹന'മായി മഹാദേവന്‍ അഭിനയിച്ചിട്ടുണ്ട്.
കേരളത്തിലെ ആന പ്രേമികളുടെ ഇഷ്ട ആനകളിലൊന്നായിരുന്നു തൃശൂര്‍ പൂരത്തിന് ഉള്‍പ്പെടെ പങ്കെടുത്തിട്ടുള്ള മഹാദേവന്‍. സ്ഥിരമായി എഴുന്നള്ളത്തിനും മറ്റും കൊണ്ടുപോയിരുന്ന ആനയാണ് മഹാദേവനെന്നാണ് ആനയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ആന കുഴഞ്ഞു വീണതിനു പിന്നാലെ വെറ്ററിനറി ഡോക്ടര്‍മാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിന്നീട് മരണം സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha






















