നടിയെ ആക്രമിച്ച കേസ്... സൈബര്‍ രേഖകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച്; നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്നതിന് തെളിവ് ലഭിച്ചെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ മറുപടി നല്‍കും. പുതിയ നിര്‍ണായക തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസമാണ് സാവകാശം തേടുന്നത്. വിചാരണക്കോടതിയ്ക്ക് എതിരെ ഗുരുതരമായ ആക്ഷേപം ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് ചോര്‍ന്നുവെന്ന കണ്ടെത്തലില്‍ അന്വേഷണം വേണ്ടെന്ന് വച്ചത് കേട്ടുകേള്‍വി ഇല്ലാത്തതെന്നാന്ന് അന്വേഷണ സംഘത്തിന്റെ നിലപാട്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്നതിന് തെളിവ് ലഭിച്ചെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. അനൂപിന്റെ മൊബൈല്‍ ഫോണുകളുടെ പരിശോധനയിലാണ് തെളിവ് കിട്ടിയതെന്നും ഈ സാഹചര്യത്തില്‍ സൈബര്‍ രേഖകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണമെന്നുമുള്ള നിലപാടിലാണ് ക്രൈംബ്രാഞ്ച്.
ഒരു തരത്തിലും കേസില്‍ ഇടപെടാന്‍ ശ്രമിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കും. കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യവും കോടതി ഇന്ന് പരിഗണിച്ചേക്കും. ഈ മാസം 31നകം അന്വേഷണം പൂര്‍ത്തിയാക്കി റിര്‍പ്പോര്‍ട്ട് നല്‍കാനായിരുന്നു കോടതി നല്‍കിയിരുന്ന നിര്‍ദേശം. ഇതില്‍ സാവകാശം തേടിയും സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നു.
കേസില്‍ സര്‍ക്കാരിന്റെ പിന്തുണ തേടി അതിജീവിത മുഖ്യമന്ത്രിയെ നേരില്‍ കണ്ടിരുന്നു. തുടരന്വേഷണം അവസാനിപ്പിക്കരുതെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ നടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡിജിപിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും മുഖ്യമന്ത്രി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
നേരത്തെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. കേസ് അട്ടിമറിച്ചുവെന്നാരോപിച്ച് സര്‍ക്കാരിനും വിചാരണക്കോടതിക്കും എതിരെയാണ് ഹര്‍ജി നല്‍കിയത്. നല്ല നിലയില്‍ മുന്നോട്ട് നീങ്ങിയ കേസ് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നുമാണ് സര്‍ക്കാരിനെതിരായ ആരോപണം. അന്വേഷണം തടസ്സപ്പെടുത്തി പ്രതികളെ സഹായിക്കുന്ന സമീപനമാണ് വിചാരണക്കോടതി സ്വീകരിക്കുന്നതെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹര്‍ജി നല്‍കിയത്. നീതി ലഭിക്കാന്‍ കോടതി ഇടപെടണമെന്നാണ് ആവശ്യം. കേസ് അവസാനിപ്പിക്കാന്‍ നീക്കം നടക്കുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയെന്നും ഇത് കേസിനെ ബാധിച്ചെന്നും പ്രതികള്‍ക്ക് ഗുണകരമായെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ വിഐപി എന്നറിയപ്പെടുന്ന ശരത്തിനെ പ്രതിയാക്കിയ പൊലീസ് കാവ്യ മാധവനെ സാക്ഷിയായി നിലനിര്‍ത്തിയിരിക്കുകയാണ്.
ഈ മാസം മുപ്പതിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് അതിജീവിത കോടതിയിലെത്തിയത്. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലുണ്ടായി. ദിലീപിന് ഭരണമുന്നണിയുമായി ഗൂഢബന്ധമുണ്ട്. പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























