കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണ ശബരിമല തീർഥാടകന് രക്ഷകരായി ബസിലെ ജീവനക്കാർ

കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ ശബരിമല തീർഥാടകനെ അതേ ബസിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് കെഎസ്ആർടിസി ബസിലെ ജീവനക്കാർ.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കുമളി സൂപ്പർ ഫാസ്റ്റ് സ്വിഫ്റ്റ് ബസിൽ അഞ്ചലിൽ നിന്നുമാണ് നാല് ശബരിമല തീർഥാടകർ കയറിയത്. ഇവർ വണ്ടിപ്പെരിയാറിലേക്കാണ് ടിക്കറ്റ് എടുത്തത്. സംഘത്തിലുണ്ടായിരുന പ്രവീൺ (23) എന്ന തീർഥാടകൻ കുരുവിക്കോണം ഭാഗത്ത് എത്തിയപ്പോഴേക്കും അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു.
തുടർന്ന് വാതിലിന്റെ ഭാഗത്തേക്ക് കുഴഞ്ഞു വീഴുകയും ചെയ്തു. ആംബുലൻസിന് കാത്തു നിൽക്കാതെ ഉടൻ തന്നെ കണ്ടക്ടർ രാഹുലും ഡ്രൈവർ അനുരാജും ചേർന്ന് 10 കിലോമീറ്റർ അകലെയുള്ള പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് ബസിൽ തന്നെ രോഗിയെ എത്തിച്ചു.
മറ്റു യാത്രക്കാരും പ്രാഥമിക ശുശ്രൂഷകൾ ലഭ്യമാക്കി ഡ്രൈവർക്കും കണ്ടക്ടർക്കും ഒപ്പം ചേരുകയായിരുന്നു. പ്രവീൺ അപകട നില തരണം ചെയ്തുവെന്ന് ഉറപ്പു വരുത്തിയ ശേഷമാണിവർ യാത്ര തുടർന്നത്.
"
https://www.facebook.com/Malayalivartha


























