സങ്കടക്കാഴ്ചയായി... ഉമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... ഉമ്മയുടെ വേർപാടിന്റെ വേദന മാറും മുൻപേ കുടുംബത്തിന്റെ അത്താണിയായ ഷബീറിന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി

സങ്കടമടക്കാനാവാതെ... കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ജീവിതത്തിന്റെ നല്ലൊരു ഭാഗം പ്രവാസലോകത്ത് ഹോമിച്ച വയനാട് നായ്ക്കട്ടി സ്വദേശി ഷബീർ (39) വിടവാങ്ങി. പിത്താശയത്തിലെ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്ന ഉമ്മ സഫിയ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മരണമടഞ്ഞത്. ഉമ്മയുടെ വേർപാടിന്റെ വേദന മാറുന്നതിനു മുൻപേ കുടുംബത്തിന്റെ അത്താണിയായ ഷബീറിന്റെ വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തുകയായിരുന്നു. ഇരുപതാം വയസ്സിൽ പ്രവാസ ജീവിതം ആരംഭിച്ച ഷബീർ, ദുബായിലും സൗദിയിലും പിന്നീട് ഷാർജയിലുമായിരുന്നു ജോലി ചെയ്തിരുന്നത്.
മൂന്ന് സഹോദരിമാരുടെ വിവാഹവും കുടുംബത്തിന്റെ പ്രാരബ്ധങ്ങളും തീർക്കാനായി വർഷങ്ങളോളം നാട്ടിൽ പോകാതെ കഠിനാധ്വാനം ചെയ്തു. ജോലിക്കിടയിലെ ഇടയ്ക്കിടെ അനുഭവപ്പെട്ടിരുന്ന നടുവേദനയ്ക്ക് ചികിത്സ തേടാനും, ഉമ്മയുടെ ചികിത്സയ്ക്കുമായി നാട്ടിലെത്തിയപ്പോഴാണ് ഷബീറിനെ രോഗം പിടികൂടുന്നത്. ചികിത്സകളൊന്നും ഫലം കാണാതെ വരികയായിരുന്നു. ഉപ്പ ഇനി മടങ്ങി വരില്ലെന്നറിയാതെ ഏഴ് വയസ്സുകാരൻ നൂഹും, മൂന്നര വയസ്സുകാരൻ ലൂത്തും ഉപ്പയ്ക്ക് നൽകിയ അന്ത്യ ചുംബനങ്ങൾ കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി.
സാമൂഹിക-വിദ്യാഭ്യാസ-മത-സാംസ്കാരിക സംഘടനകളിൽ സജീവമായിരുന്ന ഷബീറിന്റെ മയ്യിത്ത് നിസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് നായ്ക്കട്ടി ജുമാ മസ്ജിദിൽ നടന്നു. അബൂട്ടിയാണ് പിതാവ്. ഭാര്യ: ഷബാന. മക്കൾ: നൂഹ് (7), ലൂത്ത് (മൂന്നര).
"
https://www.facebook.com/Malayalivartha


























