ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ സാക്ഷി കൂറുമാറി... പത്താം സാക്ഷി ഉണ്ണിക്കൃഷ്ണനാണ് വിചാരണയ്ക്കിടെ മൊഴി മാറ്റിയത്

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ സാക്ഷി കൂറുമാറി. പത്താം സാക്ഷി ഉണ്ണിക്കൃഷ്ണനാണ് വിചാരണയ്ക്കിടെ മൊഴി മാറ്റിയത്. ആദ്യത്തെ മൊഴി നിര്‍ബന്ധിച്ച് എഴുതി വാങ്ങിയതാണെന്നാണ് ഉണ്ണിക്കൃഷ്ണന്‍ പറയുന്നത്.
അതേസമയം നേരത്തെ മധുവിന്റെ സഹോദരിയും മാതാവും സംഭവത്തില്‍ ആരൊക്കെയോ ഇടപെടുന്നതായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുന്നത്. സംഭവം നടന്ന് നാലു വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ ആദ്യത്തെ രണ്ടു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരും ഒഴിഞ്ഞത് ഏറെ വിവാദമായിരുന്നു.
തുടര്‍ന്ന് അഡ്വ. സി രാജേന്ദ്രനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായും, രാജേഷ് എം മേനോനെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും സര്‍ക്കാര്‍ നിയമിച്ചു. കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും പരക്കെ അപലപിക്കപ്പെടുകയും ചെയ്ത സംഭവമാണ് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു എന്ന യുവാവ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മരണപ്പെട്ടത്. മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് 2018 ഫെബ്രുവരി 22ന് പകല്‍ 27 വയസ്സായ മധുവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തത്.
പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി യുവാവ് മരണപ്പെട്ടു. മധു മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നു. ഇയാളെ കൈകള്‍ ബന്ധിച്ച് മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തതിന്റെ വീഡിയോ അക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതോടെ സമൂഹത്തില്‍ വന്‍ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha