വെളിപ്പെടുത്തല്‍ പോയ പോക്ക്... പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്ന സ്വപ്ന സുരേഷിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും; തന്റെ ജീവന് ഭീഷണിയുണ്ട്; വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാല്‍ സുരക്ഷ വേണം

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരായി നടത്തിയ വെളിപ്പെടുത്തലുകള്‍ സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിക്കുകയാണ്. അതിനിടെ തന്റെകൂടെ ഫ്‌ളാറ്റിലുണ്ടായിരുന്ന സരിത്തിനെ തട്ടിക്കൊണ്ട് പോയതായി സരിത പറഞ്ഞിരുന്നു. പിന്നീട് സരിത്തിനെ കൊണ്ട് പോയത് വിജിലന്‍സാണെന്ന് കണ്ടെത്തുകയും തിരികെ വിടുകയും ചെയ്തു.
പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്നാണ് സ്വപ്ന സുരേഷിന്റെ ആവശ്യം. സ്വപ്നയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരിഗണിക്കുക. സുരക്ഷ ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് സ്വപ്ന അപേക്ഷ നല്‍കിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാല്‍ സുരക്ഷ വേണമെന്നുമാണ് സ്വപ്ന സുരേഷിന്റെ ആവശ്യം.
സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍ അന്വേഷണത്തേയും ബാധിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നല്‍കാനിരിക്കെയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, എം ശിവശങ്കര്‍, കെ ടി ജലീല്‍ അടക്കമുള്ളവര്‍ക്ക് എതിരേയാണ് സ്വപ്നയുടെ മൊഴി.
പ്രതിപക്ഷവും ഒരിടവേളയ്ക്ക് ശേഷം ഇതേറ്റെടുത്തിരിക്കുകയാണ്. അഴിമതിയുടെ ബിരിയാണി ചെമ്പ് തുറന്നപ്പോള്‍ അധികാര ദുര്‍വിനിയോഗത്തിന്റെ ദുര്‍ഗന്ധമെന്നാണ് കെ സുധാകരന്‍ പറഞ്ഞത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്‌ന വെളിപ്പെടുത്തിയശേഷം മണിക്കൂറുകള്‍ക്കകം മറ്റൊരു പ്രതി സരിത്തിനെതിരായ വിജിലന്‍സ് നടപടിയില്‍ ദുരൂഹതയുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.
സര്‍ക്കാരും മുഖ്യമന്ത്രിയും എന്തെല്ലാമോ മറക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്ന് സംശയിച്ചാല്‍ കുറ്റംപറയാനാകില്ല. മുഖ്യമന്ത്രിക്കെതിരായി ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയവരെ ഭീക്ഷണിപ്പെടുത്തി നിശബ്ദരാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അധികാര ദുര്‍വിനിയോഗം അവസാനിപ്പിച്ച് തന്റേടത്തോടെ നിയമത്തെ നേരിടാനുള്ള ആര്‍ജ്ജവമാണ് മുഖ്യമന്ത്രി കാട്ടേണ്ടതെന്നും മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീല്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. സ്വപ്ന സുരേഷിനെയും പി സി ജോര്‍ജിനെയും പ്രതിചേര്‍ത്താണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. കേസ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണമെന്നാണ് കെ ടി ജലീന്റെ പരാതി.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നല്‍കാനിരിക്കെയാണ് സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍. സ്വപ്നയുടെ വെളിപ്പെടുത്തിന്റെ പ്രകമ്പനം തീരും മുമ്പ് തിരിച്ചാക്രമിച്ച് വിവാദങ്ങളെ നേരിടുകയാണ് സര്‍ക്കാര്‍. രാവിലെ ആദ്യം ലൈഫ് മിഷന്‍ കേസില്‍ നാടകീയമായി സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തതാണ് ആദ്യനീക്കം. ഈ കേസില്‍ സരിത്തിനെ നേരത്തെ ചോദ്യം ചെയ്തതാണ്. ലൈഫ് കേസില്‍ പ്രതിയായ ശിവശങ്കറിനെ നേരത്തെ വിജിലന്‍സ് ചോദ്യം ചെയ്തതാണെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നില്ല. എന്തായാലും ഇനിയും നാടകീയ നീക്കങ്ങളുണ്ടാകും.
"
https://www.facebook.com/Malayalivartha