അനിതാ പുല്ലയിൽ നിയമസഭാ മന്ദിരത്തിൽ കടന്നതിൽ വീഴ്ച! തുറന്ന് സമ്മതിച്ച് സ്പീക്കർ.... 4 ജീവനക്കാരെ സഭാ ടിവിയിൽ നിന്ന് നീക്കി....

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി എന്ന ആരോപണമുള്ള അനിത പുല്ലയില്‍ ലോക കേരള സഭ നടക്കുമ്പോള്‍ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍ നടപടി പ്രഖ്യാപിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. അനിത പുല്ലയിലിനെ സഭാ ടി.വിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ സഹായിച്ച, ഏജന്‍സി ജീവനക്കാരെ പുറത്താക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സ്പീക്കര്‍ വിശദീകരിച്ചു.
വിപുരാജ്, പ്രവീൺ, വിഷ്ണു, വസീല എന്നീ കരാർ ജീവനക്കാർക്കെതിരെയാണ് നടപടി. സഭാ ടിവിക്ക് സാങ്കേതിക സഹായം നകുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവർ. ഇവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സ്പീക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞതുകൊണ്ടാണ് ഉടൻ നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സഭാ മന്ദിരത്തിൽ കടക്കാൻ നിയമസഭാ ജീവനക്കാരാരും അനിതയെ സഹായിച്ചിട്ടില്ല. വാച്ച് ആൻഡ് വാർഡുമാർ അവരെ തിരിച്ചറിഞ്ഞില്ല.
ഓപ്പണ്‍ ഫോറത്തിനുള്ള 500 ക്ഷണക്കത്തിൽ 250 എണ്ണം പ്രവാസി സംഘടനകൾക്കും 250 എണ്ണം വിദ്യാർഥികൾക്കും നീക്കിവച്ചിരുന്നു. അവർക്ക് ഓപ്പൺ ഫോറത്തിനുള്ള ക്ഷണക്കത്ത് ഉണ്ടായിരുന്നതിനാലാണ് സഭാ വളപ്പിലേക്കു കയറാൻ കഴിഞ്ഞത്. മലയാളം മിഷനും പ്രവാസി സംഘടനകൾക്കും പാസ് നൽകിയിരുന്നു.
ഇതിലൊരു പാസുമായാണ് അവർ എത്തിയതെന്നും സ്പീക്കർ പറഞ്ഞു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ചും സ്പീക്കർ വിശദീകരിച്ചു. അനിത നിയമസഭ മന്ദിരത്തിലെത്തിയത് സഭാ ടി.വിയുടെ കൺസൾട്ടന്റ് സ്ഥാപനത്തിലെ ജീവനക്കാരുടെ പിന്തുണയോടെയാണെന്ന നിയമസഭയിലെ ചീഫ് മാർഷലിന്റെ അന്വേഷണ റിപ്പോർട്ട് സ്പീക്കർക്ക് കഴിഞ്ഞദിവസം കൈമാറിയിരുന്നു.
വിവാദമായതിനെ തുടർന്ന് സഭാ ടിവിയുടെ കരാർ കമ്പനിയോട് വിശദീകരണം വാങ്ങിയിരുന്നു. ജീവനക്കാർക്ക് വീഴ്ച സംഭവിച്ചു എന്നവർ സമ്മതിച്ചു. പാസുള്ള വനിതാ ജീവനക്കാരിക്കൊപ്പം വന്നതിനാലാണ് സുരക്ഷാ ചുമതലയുള്ള വാച്ച് ആന്‍ഡ് വാർഡ് കടത്തി വിട്ടത്. അനിത പുല്ലയിൽ സഭയിലെത്തിയത് ആദ്യദിവസം ശ്രദ്ധയിൽപ്പെട്ടില്ലെന്നു സ്പീക്കർ പറഞ്ഞു. ശ്രദ്ധയിൽവന്നപ്പോൾ തന്നെ വാച്ച് ആൻഡ് വാർഡ് നടപടിയെടുത്തു. സുരക്ഷാ പരിശോധന ശക്തമാക്കാൻ വാച്ച് ആൻഡ് വാർഡിനു നിർദേശം കൊടുത്തിട്ടുണ്ട്.
സഭാ ടി.വിക്ക് സഹായം നൽകുന്ന ബിട്രെയിറ്റ് സൊല്യുഷൻസിലെ രണ്ട് ജീവനക്കാർക്കൊപ്പം എത്തിയ അനിതയുടെ പക്കൽ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള കത്തുണ്ടായിരുന്നതിനാലാണ് ഇവരെ സഭാമന്ദിരത്തിലേക്ക് കടത്തിവിട്ടതെന്നാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ മൊഴി നൽകിയത്. അനിത സഭാമന്ദിരത്തിൽ പ്രവേശിച്ചത് മുതലുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്.
ലോക കേരളസഭ നടന്ന ശങ്കരനാരായണൻ തമ്പി ഹാളിലേക്ക് അനിത പ്രവേശിച്ചിട്ടില്ല. ഏതൊക്കെ വഴിയിലൂടെ കറങ്ങിയെന്നത് കണ്ടെത്താനാവശ്യമായ സി.സി ടിവി ദൃശ്യങ്ങളുമില്ല. സഭാ ഇടനാഴികളിൽ സി.സി ടിവികളില്ല. ഈ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്. ആറ് വാച്ച് ആൻഡ് വാർഡുമാരിൽ നിന്നാണ് ചീഫ് മാർഷൽ തെളിവുകൾ ശേഖരിച്ചത്.
https://www.facebook.com/Malayalivartha























