എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിക്കില്ലെന്ന് നാട്ടുകാരും കൂട്ടുകാരും കളിയാക്കി, ഒടുവില്‍ വിജയം; പരിഹാസങ്ങള്‍ക്ക് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത മധുരപ്രതികാരം; കുഞ്ഞാക്കുവിന് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ഇത്തവണത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം കേരളത്തിന് അഭിമാനം നല്‍കുന്നതായിരുന്നു. ഒരു വിധം കുട്ടികളെല്ലാം ഫുള്‍ എ പ്ലസ് കരസ്തമാക്കി. ജയിക്കില്ലെന്ന് ഉറപ്പിച്ചിരുന്ന കുട്ടികള്‍ക്ക് പോലും എപ്ലസിന്റെ ആറാട്ടിയിരുന്നു.
ഇവിടെയിതാ പരീക്ഷാഫലം വന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പ്രത്യക്ഷപ്പെട്ട ഒരു ഫ്‌ലക്‌സിനെ കുറിച്ചാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. ഫ്‌ലക്‌സ് കണ്ട് ആളുകള്‍ക്ക് ചിരി നിര്‍ത്താന്‍ കഴിയുന്നില്ല എന്നതാണ് സത്യം. കൊടുമണ്‍- അങ്ങാടിക്കല്‍ റോഡിലാണ് ഈ രസകരമായ ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. ഒരു കൗമാരക്കാരന്‍ കൂളിങ് ഗ്ലാസ് വെച്ചിരിക്കുന്ന പടവും ഒപ്പം ഒരു കുറിപ്പുമാണ് ഫ്‌ലക്‌സില്‍ ഉണ്ടായിരുന്നത്.
'ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും. 2022 എസ്.എസ്.എല്‍.സി.പരീക്ഷയില്‍ മരണമാസ് വിജയം നേടിയ കുഞ്ഞാക്കു എന്ന എനിക്ക് എന്റെ തന്നെ അഭിനന്ദനങ്ങള്‍' എന്നായിരുന്നു ഫ്‌ലക്‌സില്‍ ഉണ്ടായിരുന്നത്.
അങ്ങാടിക്കല്‍ അരിയംകുളത്ത് ഓമനക്കുട്ടന്‍ ദീപ ദമ്പതികളുടെ മകന്‍ കുഞ്ഞാക്കു എന്ന ജിഷ്ണു ആണ് സ്വന്തം വിജയം ആഘോഷിക്കാന്‍ ഫ്ളക്സ് സ്ഥാപിച്ചത്. സാധാരണ എസ്.എസ്.എല്‍.സി.യില്‍ വിജയിക്കുന്ന കുട്ടികളുടെ ഫോട്ടോവെച്ച് ചില ക്ലബുകളും രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരത്തില്‍ ഫ്‌ലക്‌സ് അടിക്കുന്നത് പതിവാണ്. എന്നാല്‍ സ്വന്തം ഫോട്ടോവെച്ച് ഫ്‌ലക്‌സ് അടിച്ച കുഞ്ഞാക്കു വെറും മാസല്ല മരണമാസാണ്.
മാത്രമല്ല കുട്ടി സ്ഥാപിച്ച ഫ്‌ലക്‌സ് നിമിഷങ്ങള്‍ക്കകം തന്നെ വൈറലാവുകയും ചെയ്തു.
ഇത്തരത്തില്‍ ചിരി പടര്‍ത്തുന്ന ഫ്ളക്സ് സ്ഥാപിക്കാന്‍ കുഞ്ഞാക്കുവിനെ പ്രേരിപ്പിച്ച ചില കാരണങ്ങളുണ്ട്. അതില്‍ ഒന്ന് കളിയാക്കലുകളായിരുന്നു. താന്‍ ഒരിക്കലും എസ്.എസ്.എല്‍.സി. വിജയിക്കില്ല എന്ന് കൂട്ടുകാരും നാട്ടുകാരും കളിയാക്കിയിരുന്നുവെന്ന് ജിഷ്ണു പറയുന്നു. ഇത് തന്റെ മനസ്സിനെ മുറിവേല്‍പ്പിച്ചെന്നും അതാണ് ഫ്ളക്സ് വെക്കുവാന്‍ തോന്നിപ്പിച്ചതെന്നും ജിഷ്ണു പറഞ്ഞു. കളിയാക്കിയവരോടുള്ള മധുരമായ പ്രതികാരമാണ് ഈ ഫ്‌ലക്‌സ്.
ഇരട്ട സഹോദരിയായ വിഷ്ണുപ്രിയക്കൊപ്പമാണ് ജിഷ്ണു എസ്.എസ്.എല്‍.സി എഴുതിയത്. കഷ്ടപ്പാട് നിറഞ്ഞ, സത്യത്തില്‍ ഇത്രനാള്‍ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലാണ് ഇരുവരും പഠിച്ചത്. ഇവരുടെ വീട്ടില്‍ വൈദ്യുതി എത്തിയിട്ട് ഒരാഴ്ചമാത്രമായിട്ടേയുള്ളൂ. അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. ഇവരുടെ കൊച്ചുവീട്ടില്‍ ജ്യേഷ്ഠന്‍ വിഷ്ണു, അച്ഛന്റെ അമ്മ, 30 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന അച്ഛന്റെ അനുജന്‍ എന്നിവരുമുണ്ട്.
ഫ്‌ലക്‌സ് സ്ഥാപിക്കാനുള്ള പണമൊന്നും ജിഷ്ണുവിന്റെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കളിയാക്കലുകള്‍ കേട്ട് മടുത്ത ജിഷ്ണുവിന്റെ സങ്കടവും അത്തരം വെല്ലുവിളികളെ അതിജീവിച്ച് ജയിച്ച കുട്ടിയുടെ കഴിവും കണ്ട് വീടിനടുത്തുള്ള നവജ്യോതി കായിക കലാസമിതിയിലെ കൂട്ടുകാരാണ് ഫ്ളക്സ് സഥാപിക്കാന്‍ സഹായിച്ചത്. എന്തായാലും ഇനി വീട്ടില്‍ ഇരിക്കാനല്ല മറിച്ച് സഹോദരിക്കൊപ്പം ഉപരിപഠനത്തിന് തയ്യാറെടുക്കുകയാണ് ജിഷ്ണു.
https://www.facebook.com/Malayalivartha























