തലവേദന തന്നെ... തനിക്കെതിരെ രംഗത്ത് വന്ന സിപിഐ നേതാവ് ആനിരാജയ്‌ക്കെതിനെ മണിയാശാന്റെ നാട്ടുഭാഷ; എവൈഎഫ്‌ഐക്കാരും മഹിളകളും മണിയാശാനെതിരെ രംഗത്ത് വന്നതോടെ രംഗം കൊഴുത്തു; കെകെ രമയ്‌ക്കെതിരായ പരാമര്‍ശം സിപിഐ, സിപിഎം മറുപടിയിലേക്ക് പോകുന്നു

മണിയാശാന്റെ നാട്ടുഭാഷ അങ്ങനെ കൊഴുക്കുകയാണ്. അതിന്റെ ഒരു ഭാഗം സിപിഐ നേതാവ് ആനി രാജയ്ക്കും കിട്ടി. ഇത് ഏറ്റുപിടിച്ച എവൈഎഫ്‌ഐക്കാര്‍ക്ക് പിന്നാലെ വരും. അതേസമയം കെ.കെ. രമയ്‌ക്കെതിരെ എം.എം. മണി നടത്തിയ അധിക്ഷേപ പ്രസംഗത്തെ ചൊല്ലിയുയര്‍ന്ന രാഷ്ട്രീയവിവാദം മണിയും സി.പി.ഐ നേതാക്കളും തമ്മിലുള്ള പോരാട്ടമായി വളര്‍ന്നതോടെ ഇടതുമുന്നണി അസ്വസ്ഥമായി.
തന്റെ പരാമര്‍ശത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതിന് സി.പി.ഐ ദേശീയ നേതാവ് ആനി രാജയ്‌ക്കെതിരെ മണി ഇന്നലെ നടത്തിയ 'ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കല്‍' പ്രയോഗം മറ്റൊരു വിവാദത്തിന് തിരികൊളുത്തി. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഡല്‍ഹിയിലല്ലേ ഉണ്ടാക്കുന്നതെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ തിരിച്ചടിച്ചു.
മണിക്കെതിരെ മഹിളാസംഘവും എ.ഐ.വൈ.എഫും രംഗത്തെത്തി. നിയമസഭാസമ്മേളനം നടക്കവേ ഇടതുമുന്നണിക്കകത്ത് അസ്വാരസ്യമുയര്‍ന്നത് വിനയാകുമെന്നുകണ്ട് ഇന്നലെ വൈകിട്ട് മണി സ്വരം മയപ്പെടുത്തി. കെ.കെ. രമയെ അധിക്ഷേപിച്ചിട്ടില്ലെന്നും പാര്‍ട്ടിയാവശ്യപ്പെടുന്നതുപോലെ ചെയ്യുമെന്നും മണി പറഞ്ഞു. രമയെ വിധവയെന്ന് വിളിച്ചത് യു.ഡി.എഫാണെന്നും ആരോപിച്ചു.
അതേസമയം, സി.പി.എം നേതാവായ മണിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പരസ്യ പ്രതികരണം നടത്തിയ ആനി രാജയോട് സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. കേരളത്തിലെ മുന്നണി വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തരുതെന്ന് നേരത്തേ വ്യക്തമാക്കിയിട്ടും അത് തുടരുന്നത് ശരിയല്ലെന്നാണ് നിലപാട്.
രമയ്‌ക്കെതിരായ മണിയുടെ നിയമസഭയിലെ പരാമര്‍ശം സ്പീക്കറുടെ നിയന്ത്രണത്തിലായതിനാല്‍ സ്പീക്കര്‍ കാര്യം തീരുമാനിച്ചോളുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ ആവര്‍ത്തിച്ചു. മണി നടത്തിയ പരാമര്‍ശത്തെ തള്ളിപ്പറയുന്നില്ലെങ്കിലും അതേറ്റുപിടിച്ച് കൂടുതല്‍ വഷളാക്കേണ്ടെന്നാണ് സി.പി.എമ്മിന്റെയും നിലപാട്. മണി മാപ്പ് പറയാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് യു.ഡി.എഫ്.
തിങ്കളാഴ്ച നിയമസഭാസമ്മേളനം പുനരാരംഭിക്കുമ്പോള്‍ പ്രക്ഷോഭം തുടരാനാണ് നീക്കം. അതിനിടയിലുരുത്തിരിയുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളിലേക്കും പ്രതിപക്ഷം ഉറ്റുനോക്കുന്നു. പ്രത്യേകിച്ച് സി.പി.ഐയ്ക്കകത്ത് ഭിന്ന നിലപാടുണ്ടായ സാഹചര്യത്തില്‍.
സ്വര്‍ണക്കടത്ത് വിഷയത്തില്‍ വെള്ളിയാഴ്ച സഭയിലുയരുമായിരുന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കേണ്ടിവരുന്നത് ഒഴിവാക്കാനാണ് രമയ്‌ക്കെതിരായ പ്രതികരണത്തില്‍ എം.എം. മണി മാപ്പ് പറയാതെ പ്രകോപനമുണ്ടാക്കിയതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. ഇത് സി.പി.എമ്മിന്റെ ആസൂത്രിത നീക്കമാണെന്നാണ് ആക്ഷേപം. വെള്ളിയാഴ്ച രണ്ടാമത്തെ ചോദ്യമായി സഭയില്‍ ഉന്നയിക്കപ്പെടേണ്ടിയിരുന്ന ചോദ്യം സ്വര്‍ണക്കടത്ത് വിവാദത്തെ ചൊല്ലിയാണ്.
ചോദ്യമൊഴിവാക്കണമെന്ന ആവശ്യവുമായി സി.പി.എം നിയമസഭാകക്ഷിയുടെ പേരില്‍ സ്പീക്കര്‍ക്ക് കത്ത് പോയിരുന്നെന്നും യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നു. പ്രതിപക്ഷ നേതാവ് നല്‍കിയ ഉപക്ഷേപം സ്പീക്കര്‍ റദ്ദാക്കിയതിന്റെ തുടര്‍ച്ചയാണിതെന്ന ആരോപണമാണവര്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ നിരന്തരം കടുത്ത ആരോപണമുയര്‍ത്തുന്ന കെ.കെ. രമയെ നിശ്ശബ്ദയാക്കാനുള്ള നീക്കമായും വ്യാഖ്യാനിക്കപ്പെടുന്നു.
അതിനിടയിലാണ് ആനിരാജയ്‌ക്കെതിരെ മണി രംഗത്തെത്തിയത്. 'അവര്‍ അങ്ങനെ പറയും. അവര്‍ ഡല്‍ഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഇവിടെ കേരളനിയമസഭയില്‍ നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നമുക്കല്ലേ അറിയൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും നമുക്ക് അതൊന്നും വിഷയമല്ല. ഞാന്‍ പറഞ്ഞത് അങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനിയും പറയുകയും ചെയ്യും എന്നും എം എം മണി പറഞ്ഞു.
https://www.facebook.com/Malayalivartha



























