മാതാപിതാക്കൾ വേർപിരിഞ്ഞ് പിതാവിന്റെ രണ്ടാംഭാര്യയോടൊപ്പം കഴിഞ്ഞ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ... ഇതേ പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയ ഡോക്ടറും പിടിയിൽ...

കഴിഞ്ഞ 30 വർഷമായി മയ്യനാട്ട് ഡി.ജെ.എം. എന്ന ക്ലിനിക് നടത്തുന്ന മയ്യനാട് ജാനുവിലാസത്തിൽ ഡോ. ജയപ്രകാശിനെ(71)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാംപ്രതിയാണ് ഡോ. ജയപ്രകാശ്.
16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയശേഷം ഗർഭഛിദ്രം നടത്തിച്ച പെരിനാട് ഇടവട്ടം ചൂഴംചിറവയലിൽ വാടകയ്ക്കു താമസിക്കുന്ന മാമൂട് സ്വദേശി അനന്ദു നായരെ (22) മൂന്നുദിവസംമുമ്പ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഡോക്ടറെ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഡോക്ടറെ റിമാൻഡ് ചെയ്തു. അഞ്ചാലുംമൂട് എസ്.എച്ച്.ഒ. സി.ദേവരാജൻ, എസ്.ഐ.മാരായ റഹിം, ഹുസൈൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മാതാപിതാക്കൾ വേർപിരിഞ്ഞ പെൺകുട്ടി പിതാവിന്റെ രണ്ടാംഭാര്യയോടൊപ്പമായിരുന്നു താമസം. അനന്ദു നായർ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. പെൺകുട്ടിയുമായി ഇയാൾ പ്രേമത്തിലാകുകയും വിവാഹവാഗ്ദാനംനൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയുമായിരുന്നു. പിന്നീട് മയ്യനാട്ടെ ക്ലിനിക്കിലെത്തിച്ച് ഗർഭഛിദ്രം നടത്തിച്ചു. പെൺകുട്ടി മാതാവിന്റെ വീട്ടിലെത്തി വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
അനന്ദു നായർ മറ്റൊരു പതിനാറുകാരിയെ പ്രേമംനടിച്ചു ഗർഭിണിയാക്കി ഗർഭഛിദ്രം നടത്തിയതിന് കുണ്ടറ പോലീസ് പിടികൂടിയിരുന്നു. ഇതിൽ രണ്ടുമാസത്തോളം റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഇനിയും പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























